ഛത്തീസ്ഗഡില്‍ ബിജെപിക്ക് ബാലികേറാമലയായി 9 മണ്ഡലങ്ങള്‍; കോണ്‍ഗ്രസിന് കിട്ടാക്കനിയായ 3 മണ്ഡലങ്ങള്‍

നവംബര്‍ 7നും 17നും രണ്ട് ഘട്ടങ്ങളിലായാണ് ചത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 3 ന് വോട്ടെണ്ണല്‍ നടക്കും.
ഛത്തീസ്ഗഡില്‍ ബിജെപിക്ക് ബാലികേറാമലയായി 9 മണ്ഡലങ്ങള്‍; കോണ്‍ഗ്രസിന് കിട്ടാക്കനിയായ 3 മണ്ഡലങ്ങള്‍

റായ്പൂര്‍: സംസ്ഥാനം രൂപം കൊണ്ടതിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ബാലികേറാമലയായി ഛത്തീസ്ഗഡില്‍ ഒമ്പത് മണ്ഡലങ്ങള്‍. ഇത്തവണ ഈ മണ്ഡലങ്ങളില്‍ ചരിത്രം തിരുത്താനുറച്ചാണ് ബിജെപി മത്സരരംഗത്തുള്ളത്. സിതാപൂര്‍, പാലി-തനഖര്‍, മര്‍ഹാവി, മൊഹ്ല-മാന്‍പൂര്‍, കോണ്ട എന്നീ പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലങ്ങളിലും ഖര്‍സിയ, കോര്‍ബ, കോട്ട, ജയ്ജയ്പൂര്‍ എന്നീ പൊതുമണ്ഡലങ്ങളുമാണ് സംസ്ഥാന രൂപീകരണം മുതല്‍ ബിജെപിക്ക് ബാലികേറാമലയായിരിക്കുന്നത്. സംസ്ഥാനം രൂപീകരിച്ച 2000 നവംബര്‍ ഒന്നിന് അധികാരത്തില്‍ വന്ന ഇടക്കാല സര്‍ക്കാരില്‍ മുഖ്യമന്ത്രിപദം കോണ്‍ഗ്രസിനായിരുന്നു. 2003ലായിരുന്നു ചത്തീസ്ഗഡിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തി. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും അധികാരം ബിജെപിക്കൊപ്പമായിരുന്നു. ഒന്നര പതിറ്റാണ്ട് നീണ്ട ബിജെപിയുടെ അധികാര കുത്തക തകര്‍ത്താണ് 2018ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. കഴിഞ്ഞ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒപ്പം നില്‍ക്കാത്ത മണ്ഡലങ്ങളില്‍ വിജയിക്കാനുറച്ച് ആറ് പുതുമുഖങ്ങളെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.

മധ്യപ്രദേശ് നിയമസഭ നിലവില്‍ വന്ന കാലം മുതല്‍ എംഎല്‍എയായ കവാസി ലഖ്മയാണ് കോണ്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ആദിവാസി നേതാവ് കൂടിയായ ലഖ്മ ഭൂപേഷ് ബാഗല്‍ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രി കൂടിയാണ്. മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്ക്കായി രൂപീകരിച്ച പൊതുജനങ്ങളുടെ സായുധവിഭാഗമായ സല്‍വാ ജുദൂമിന്റെ ഭാഗമായിരുന്ന സോയം മുക്കയെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. 2011ല്‍ സല്‍വാ ജുദൂം പിരിച്ചുവിട്ടിരുന്നു. സിപിഐക്കും നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് കോണ്ട. 2018ല്‍ 24,549 വോട്ടുനേടിയ സിപിഐ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്ക് 25,224 വോട്ടാണ് നേടാനായത്. ഒന്നാമതെത്തിയ കോണ്‍ഗ്രസ് 31,933 വോട്ട് നേടിയിരുന്നു. കഴിഞ്ഞ തവണ മൂന്നാമതെത്തിയ മനീഷ് കുഞ്ജത്തെ ഇത്തവണയും സിപിഐ മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്.

സിതാപൂരില്‍ നിന്ന് കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത് ആദിവാസി നേതാവും സംസ്ഥാന ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ അമര്‍ജീത് ഭഗതാണ്. സംസ്ഥാന രൂപീകരണം മുതല്‍ സിതാപൂരില്‍ നിന്നുള്ള എംഎല്‍എയാണ് അമര്‍ജീത് ഭഗത്. സിആര്‍പിഎഫില്‍ നിന്ന് രാജിവച്ച രാം കുമാര്‍ ടോപ്പയാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. 2018ല്‍ 36,137 വോട്ടിനായിരുന്നു അമര്‍ജീത് ഭഗത് ഇവിടെ നിന്നും വിജയിച്ചത്.

1977 മുതല്‍ കോട്ടയായ ഖര്‍സിയയില്‍ നിന്നും കോണ്‍ഗ്രസ് ഇത്തവണ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉമേഷ് പട്ടേലിനെയാണ്. മൂന്നാം തവണയാണ് ഉമേഷ് പട്ടേല്‍ ഇവിടെ നിന്നും ജനവിധി തേടുന്നത്. 2013ല്‍ ബസ്തറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നന്ദകുമാര്‍ പട്ടേലിന്റെ മകനാണ് ഉമേഷ്. കൊല്ലപ്പെടുമ്പോള്‍ നന്ദകുമാര്‍ പട്ടേല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. അഞ്ചുതവണ ഖര്‍സിയയെ പ്രതിനിധീകരിച്ച എംഎല്‍എ ആയിരുന്നു നന്ദകുമാര്‍. മഹേഷ് സാഹു എന്ന പുതുമുഖത്തെയാണ് ബിജെപി ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്.

മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അജിത് ജോഗി രൂപീകരിച്ച ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് (ജെ)യാണ് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന മാര്‍വാഹി, കോട്ട മണ്ഡലങ്ങളില്‍ നിന്ന് 2018ല്‍ വിജയിച്ചത്. 2001ല്‍ ഉപതിരഞ്ഞെടുപ്പില്‍ മാര്‍വാഹിയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് അജിത് ജോഗി 2003ലും 2008ലും കോണ്‍ഗ്രസിനായി ഇവിടെ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു. 2013ല്‍ അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിയായിരുന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇവിടെ നിന്നും വിജയിച്ചത്. 2018ല്‍ അജിത് ജോഗി ഇവിടെ നിന്നും ജെസിസി(ജെ) സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. എന്നാല്‍ 2020ല്‍ അജിത് ജോഗിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മാര്‍വാഹി കോണ്‍ഗ്രസ് തിരിച്ചുപിടിച്ചിരുന്നു. ഇവിടെ സിറ്റിങ്ങ് എംഎല്‍എ കെ കെ ധ്രുവാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത്. പ്രണവ് കുമാര്‍ മാര്‍പാച്ചിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. മുന്‍ സൈനികനാണ് മാര്‍പാച്ചി.

കോട്ട നിയമസഭാ മണ്ഡലവും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. രാജേന്ദ്ര പ്രസാദ് ശുക്ലയുടെ മരണത്തെ തുടര്‍ന്ന് നടന്ന 2006ലെ ഉപതിരഞ്ഞെടുപ്പില്‍ അജിത് ജോഗിയുടെ ഭാര്യ രേണു ജോഗി ഇവിടെ വിജയിച്ചു. തുടര്‍ന്ന് 2008, 2013 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിനായും 2018ല്‍ ജെസിസി(ജെ)യുടെ സ്ഥാനാര്‍ത്ഥിയായും രേണു ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണയും ജെസിസി(ജെ) രേണു ജോഗിയെയാണ് ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. ഛത്തീസ്ഗഡ് ടൂറിസം ബോര്‍ഡ് ചെയര്‍മാന്‍ അടല്‍ ശ്രീവാസ്തവ് ആണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പ്രബല്‍ പ്രതാപ് സിംഗ് ജൂദേവാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. സംസ്ഥാന യുവമോര്‍ച്ചയുടെ മുന്‍ ഉപാധ്യക്ഷനായ പ്രബല്‍ പ്രതാപ് സിങ്ങ് അന്തരിച്ച മുന്‍ ബിജെപി നേതാവ് ദിലിപ് സിങ്ങ് ജൂദേവിന്റെ മകനാണ്.

2008ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം നിലവില്‍ വന്ന കോര്‍ബ, പാലി-തനഖര്‍, ജയ്ജയ്പൂര്‍, മൊഹ്ല-മാന്‍പൂര്‍ എന്നീ നാല് സീറ്റുകളിലും ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല.

പാലി-തനഖര്‍ രസകരമായ മത്സരത്തിനാണ് ഇത്തവണ വേദിയാകുന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാം ദയാല്‍ ഉയുകെ നേരത്തെ കോണ്‍ഗ്രസിന്റെ എംഎല്‍എ ആയിരുന്നു. 1998ല്‍ ബിജെപി എംഎല്‍എയായിരുന്ന ഉയുകെ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2000ല്‍ അജിത് ജോഗിക്ക് വേണ്ടി സിറ്റിങ്ങ് മണ്ഡലമായ മാര്‍വാഹിയില്‍ നിന്ന് ഉയുകെ രാജിവച്ചിരുന്നു. പിന്നീട് 2003ല്‍ തനഖറില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ഉയുകെ പിന്നീട് മണ്ഡലപുനര്‍ നിര്‍ണയത്തിന് ശേഷം 2008ലും 2013ലും പാലി-തനഖറില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. 2018ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഇവിടെ നിന്നും മത്സരിച്ച രാം ദയാല്‍ ഉയുകി പക്ഷെ കോണ്‍ഗ്രസിലെ മോഹിത് റാമിനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എ മോഹിത് റാമിന് പകരം വനിതയായ ദുലേശ്വരി സിദാറിനെയാണ് ഇവിടെ നിന്നും മത്സരിപ്പിക്കുന്നത്.

2008ല്‍ രൂപീകരിച്ചത് മുതല്‍ കോര്‍ബയെ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസിന്റെ ജയ് സിങ്ങ് അഗര്‍വാളാണ്. ബാഗേല്‍ മന്ത്രിസഭയിലെ റവന്യൂവകുപ്പ് മന്ത്രികൂടിയാണ് ജയ് സിങ്ങ്. ലഖന്‍ലാല്‍ ദേവാങ്കനാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്.

മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം ജയ്ജയ്പൂര്‍ മണ്ഡലം ബിജെപിക്ക് കിട്ടാക്കനിയാണ്. 2013 മുതല്‍ ബിഎസ്പിയുടെ കൈവശമാണ് ഈ മണ്ഡലം. കേശവ് ചന്ദ്രയാണ് ഇവിടെ ബിഎസ്പിക്ക് വേണ്ടി മത്സരിക്കുന്നത്. ജില്ലാ അധ്യക്ഷന്‍ കൃഷ്ണകാന്ത് ചന്ദ്രയെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലേശ്വര്‍ സാഹുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

മെഹ്ല-മാന്‍പൂരില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത് സിറ്റിങ്ങ് എംഎല്‍എ ഇന്ദ്രഷാ മണ്ഡവിയാണ്. ബിജെപിക്കായി രംഗത്തുള്ളത് സഞ്ജീവ് ഷായാണ്.

മണ്ഡല പുനര്‍ നിര്‍ണ്ണയത്തിന് ശേഷം കോണ്‍ഗ്രസ് ഒരിക്കല്‍ പോലും വിജയിക്കാത്ത മൂന്ന് മണ്ഡലങ്ങളും ഛത്തീസ്ഗഡിലുണ്ട്. റായ്പൂര്‍ സിറ്റി സൗത്ത്, വൈശാലി നഗര്‍, ബെല്‍താര എന്നിവയാണ് കോണ്‍ഗ്രസിന് ബാലികേറാമലയായ മണ്ഡലങ്ങള്‍. ഏഴ് തവണ എംഎല്‍എയായ ബ്രിജ്മോഹന്‍ അഗര്‍വാളാണ് ഇവിടെ ബിജെപിയ്ക്കായി മത്സരിക്കുന്നത്. മുന്‍ എംഎല്‍എ, റായ്പൂര്‍ ആസ്ഥാനമായുള്ള ദുധാധാരി മഠത്തിലെ മഹന്ത് രാം സുന്ദര്‍ ദാസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ബിജെപി എംഎല്‍എയായിരുന്ന വിദ്യാരതന്‍ ഭാസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞ് കിടക്കുകയാണ് വൈശാലി മണ്ഡലം. റികേഷ് സെന്നിനെയാണ് ബിജെപി ഇവിടെ മത്സരിപ്പിക്കുന്നത്. മുകേഷ് ചന്ദ്രാകറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇരുവരും പുതുമുഖങ്ങളാണ്.

ബെല്‍ത്താരയില്‍ ബിജെപി സിറ്റിങ്ങ് എംഎല്‍എ രജനീഷ് സിങ്ങിന് പകരം സുശാന്ത് ശുക്ലയെയാണ് മത്സരിപ്പിക്കുന്നത്. വിജയ് കേശര്‍വാനിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയുടെ ബിലാസ്പൂര്‍ റൂറല്‍ യൂണിറ്റ് പ്രസിഡന്റാണ് കേശര്‍വാനി.

നവംബര്‍ 7നും 17നും രണ്ട് ഘട്ടങ്ങളിലായാണ് ചത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 3 ന് വോട്ടെണ്ണല്‍ നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com