
റായ്ഗഞ്ച്: റായ്ഗഞ്ചിൽ ശക്തമായ അടിത്തറയുള്ള ബിജെപി എന്നാൽ ഇപ്രാവശ്യത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടത്- കോൺഗ്രസ് സ്ഥാനാർത്ഥി മോഹിത് സെൻഗുപ്തയെ ഭയക്കുകയാണ്. തൃണമൂൽ വിരുദ്ധ വോട്ടുകൾ തങ്ങളിലേക്കെത്തുന്നതിന് മോഹിതിന്റെ സ്ഥാനാർത്ഥിത്വം ഒരു വിലങ്ങുതടിയാകും എന്ന ആശങ്കയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.
ജൂലൈ പത്തിനാണ് റായ്ഗഞ്ച് അടക്കമുള്ള നാല് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക. റായ്ഗഞ്ചിലെ കോൺഗ്രസ് സ്ഥാനാർത്ഥി മോഹിത് സെൻഗുപ്തയ്ക്ക് സിപിഐഎമ്മിന്റെ പിന്തുണയുമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ബിജെപി സുഖമായി ജയിച്ചുകയറിയ മണ്ഡലമായ റായ്ഗഞ്ചിൽ എന്നാൽ ഇപ്രാവശ്യം മത്സരം കടുത്തതെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്.
മോഹിതിനെ 'വോട്ട് കട്ടർ' എന്നാണ് ബിജെപി നേതാക്കൾത്തന്നെ വിളിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ഒരു ഉയർച്ച പ്രതീക്ഷിക്കുന്ന ബിജെപിക്ക് മുൻപാകെ മോഹിത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. 2019ലും 2024ലും റായ്ഗഞ്ചിൽ നിന്ന് ബിജെപി തന്നെയാണ് ലോക്സഭയിലേക്ക് ജയിച്ചുകയറിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥി കൃഷ്ണൻ കല്യാണി വിജയിച്ചിരുന്നെങ്കിലും, പിന്നീടദ്ദേഹം തൃണമൂലിലേക്ക് കൂറുമാറിയിരുന്നു. ശേഷം ലോക്സഭയിലേക്ക് മത്സരിക്കാൻ എംഎൽഎ സ്ഥാനം രാജിവെക്കുകയും തോൽക്കുകയും ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ബിജെപി ബംഗാളിൽ ഏറ്റുവാങ്ങിയത്. ആകെയുള്ള 42 സീറ്റുകളിൽ വെറും 12 സീറ്റാണ് പാർട്ടി നേടിയത്. സംസ്ഥാനത്ത് ഭരണ വിരുദ്ധ തരംഗമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ബിജെപി പ്രചാരണം. സന്ദേശ്ഖാലി അടക്കമുള്ള പല വിഷയങ്ങളും ബിജെപി പ്രചാരണത്തിൽ ഏറ്റുപിടിച്ചിരുന്നു. എന്നാൽ 29 സീറ്റുകൾ നേടിയ തൃണമൂലിന്റെ മുൻപിൽ പാർട്ടി അപ്പാടെ തകരുകയായിരുന്നു.