Top

'വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രമണി പി നായരെ പരിഗണിച്ചിരുന്നു, പിന്നീട് പുറത്ത്'; കാരണം പറഞ്ഞ് സുധാകരന്‍

തെരഞ്ഞെടുപ്പിലെ ചില കാരണങ്ങള്‍ പേര് പിന്‍വലിക്കാന്‍ കാരണമായെന്നും സുധാകരന്‍ വ്യക്തമാക്കി.

21 Oct 2021 4:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രമണി പി നായരെ പരിഗണിച്ചിരുന്നു, പിന്നീട് പുറത്ത്; കാരണം പറഞ്ഞ് സുധാകരന്‍
X

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡന്റുമാരുടെയും ഇരുപത്തിമൂന്ന് ജനറല്‍ സെക്രട്ടറിമാരും ട്രഷററും ഉള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രമണി പി നായരുടെ പേര് ഒടുവില്‍ വെട്ടുകയായിരുന്നുവെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. ആദ്യം രമണിയെ പരിഗണിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിലെ ചില കാരണങ്ങള്‍ പേര് പിന്‍വലിക്കാന്‍ കാരണമായെന്നും സുധാകരന്‍ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിലെ വാമനപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച രമണി പി നായരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രമണിയെ നീക്കിയതെന്നാണ് വിവരം. തന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള നേതാക്കള്‍ തനിക്കൊപ്പം രാജിവെക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇറങ്ങാണോ എന്ന കാര്യത്തില്‍ തീരുമാനം പിന്നീടായിരിക്കുമെന്നുമായിരന്നു രമണിയുടെ പ്രതികരണം.

പിന്നീട് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെ തുര്‍ന്നാണ് രാജി നിലപാട് പിന്‍വലിച്ച് രമണി പ്രചാരണത്തില്‍ ഉള്‍പ്പെടെ സജീവമായത്. തന്നെ പട്ടികയില്‍ നിന്നും വെട്ടിയത് അന്നത്തെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയാണെന്നായിരന്നു രമണി പി നായര്‍ പറഞ്ഞിരുന്നത്.

എന്‍.ശക്തന്‍, വി.ടി ബല്‍റാം, വി.ജെ പൗലോസ്, വി.പി സജീന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. ട്രഷററായി അഡ്വ. : പ്രതാപചന്ദ്രനെ തെരഞ്ഞെടുത്തു. 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരെയും പ്രഖ്യാപിച്ചു. ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിങ്ങനെ മൂന്ന് വനിതകളെയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. നിര്‍വാഹക സമിതിയില്‍ വനിതകളായി പത്മജ വേണുഗോപാല്‍, ഡോ. സോന പി.ആര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എ.വി ഗോപിനാഥിനെ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, പാര്‍ട്ടിയില്‍ അസംതൃപ്തിയുള്ളവര്‍ ഉണ്ടാകാമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം കൊടുത്തിട്ടുണ്ട്. സമര്‍ത്ഥരായ നേതാക്കളാണ് എല്ലാവരും. ഭാരവാഹിത്വം കുറച്ചതില്‍ ആരും തെരുവില്‍ ഇറങ്ങില്ല. അവരെ പാര്‍ട്ടിയില്‍ മറ്റ് ഉത്തരവാദിത്വങ്ങള്‍ നല്‍കി സക്രിയമാക്കും. ഗ്രൂപ്പിലുള്ളവര്‍ തന്നെയാണ് പട്ടികയിലുള്ളതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Next Story

Popular Stories