Top

'തങ്ങളെ എന്തൊരു പുകഴ്ത്തലാണ്, പാര്‍ട്ടിയേതാണെന്ന് മറന്നോ'? കെടി ജലീലിനോട് പിഎംഎ സലാം

'വര്‍ഷങ്ങളായി ഒരു പാര്‍ട്ടിയുടെ വാലായി നടക്കുകയല്ലാതെ ഇതുവരെ അകത്ത് കയറാന്‍ പറ്റാത്ത മനുഷ്യനാണ് അയാള്‍'

7 Aug 2021 8:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തങ്ങളെ എന്തൊരു പുകഴ്ത്തലാണ്, പാര്‍ട്ടിയേതാണെന്ന് മറന്നോ? കെടി ജലീലിനോട് പിഎംഎ സലാം
X

കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള കെടി ജലീലിന്റെ ആരോപണങ്ങളില്‍ മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കെടി ജലീല്‍ ഏത് പാര്‍ട്ടിയിലാണെന്ന് ഓര്‍ക്കണമെന്നും മുസ്ലിം ലീഗിന്റെ കാര്യം മുസ്ലിം ലീഗ് നോക്കുമെന്നും സലാം പറഞ്ഞു.

'മുഈനലി തങ്ങളും കെടി ജലീലും തമ്മിലുള്ള ബന്ധമെന്താണ്. മുഈനലി തങ്ങളുടെ വക്കാലത്തുമായി വരാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരോ നേതാക്കളോ അല്ലേ വേണ്ടത്. അതിന് കെടി ജലീലിനെ ആരാണ് അധാകാരപ്പെടുത്തിയത്. കെടി ജലീല്‍ ഏത് പാര്‍ട്ടിലാണെന്ന് പറയട്ടെ. വര്‍ഷങ്ങളായി ഒരു പാര്‍ട്ടിയുടെ വാലായി നടക്കുകയല്ലാതെ ഇതുവരെ അകത്ത് കയറാന്‍ പറ്റാത്ത മനുഷ്യനാണ് അയാള്‍. എന്നിട്ടദ്ദേഹം മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു. അദ്ദേഹം കുറച്ചു കാലം മുസ്ലിം ലീഗിലുണ്ടായിട്ടുണ്ട്. ആ ഓര്‍മ്മ കൊണ്ടായിരിക്കാം,' പിഎംഎ സലാം പറഞ്ഞു.

മുസ്ലിം ലീഗിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മുസ്ലിം ലീഗിനറിയാം. ഇന്ന് വൈകുന്നേരം ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ട്. ലീഗിനെ സംബന്ധിച്ച കാര്യങ്ങളില്‍ അതില്‍ തീരുമാനമുണ്ടാവും.ലീഗിന് പ്രതിസന്ധിയൊന്നുമില്ലെന്നും ഇപ്പോഴുള്ളത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും അദ്ദേഹം പറഞ്ഞു.

'പാണക്കാട് നിന്ന് രസീത് മുറിച്ചല്ല എന്നെ മന്ത്രിയാക്കിയത് എകെജി സെന്ററില്‍ നിന്നാണെന്നാണ് നേരത്തെ കെടി ജലീല്‍ പറഞ്ഞത്. ആ കെടി ജലീല്‍ ഇപ്പോള്‍ ആദരണീയനായ പാണക്കാട് തങ്ങളെക്കുറിച്ച് എന്തൊക്കെയാണ് പറഞ്ഞത്. തങ്ങളെ പുകഴ്ത്താന്‍ വാക്കുകളുണ്ടോ അദ്ദേഹത്തിന്. അദ്ദേഹത്തെക്കൊണ്ട് അത് മാറ്റിപ്പറയിച്ചത് സര്‍വ ശക്തനായ ദൈവമാണെന്ന് വിശ്വസിക്കുന്നു,' പിഎംഎ സലാം പറഞ്ഞു

Next Story

Popular Stories