വോട്ടർ പട്ടിക തീവ്രപരിഷ്കരണം; കേരളത്തിലും നടപ്പിലാക്കുമെന്ന സൂചനയുമായി അമിത് ഷാ

വോട്ടർ‌പട്ടിക പരിഷ്കരണത്തിനെതിരെ ബിഹാറിൽ ഇന്ത്യാമുന്നണയിലെ കക്ഷികൾ പ്രതിഷേധവുമായി രം​ഗത്തുണ്ട്

dot image

ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്രപരിഷ്കരണം കൂടുതൽ സംസ്ഥാനങ്ങളിലേക്കെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ അടക്കം വോട്ടർ പരിഷ്കരണം ഉണ്ടാകുമെന്നാണ് അമിത്ഷായുടെ വാക്കുകൾ നൽകുന്ന സൂചന. കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലും അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിലവിൽ ബീഹാറിൽ മാത്രമാണ് വോട്ടർ പട്ടിക തീവ്രപരിഷ്കരണം നടപ്പിലാക്കിയിരിക്കുന്നത്. വോട്ടർ‌പട്ടിക പരിഷ്കരണത്തിനെതിരെ ബിഹാറിൽ ഇന്ത്യാമുന്നണയിലെ കക്ഷികൾ പ്രതിഷേധവുമായി രം​ഗത്തുണ്ട്. തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ടാണ് പ്രതിപക്ഷം പരിഷ്കരണത്തെ എതിർക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

നേരത്തെ ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തിടുക്കം സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം എന്തിനെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള സുപ്രീം കോടതിയുടെ ചോദ്യം. എന്നാൽ പരിഷ്കരണത്തിൽ യുക്തിയില്ല എന്ന ഹർജിക്കാരുടെ വാദം സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് കമ്മീഷന് അതിന് അധികാരമുണ്ട് എന്ന് കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയിലുള്ളവരെ പൗരന്മാര്‍ അല്ലാതാക്കാനാണ് കമ്മീഷന്റെ ശ്രമമെന്നും ഈ പരിഷ്കരണം നിയമത്തിലില്ലാത്ത നടപടിയെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും ഹര്‍ജിക്കാര്‍ പറഞ്ഞിരുന്നു. ഈ വാദത്തോട് സുപ്രീം കോടതി യോജിച്ചിരുന്നു. തുടർന്ന് വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് സുപ്രീം കോടതിയെ അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്മതിക്കുകയായിരുന്നു. ആധാര്‍ കാര്‍ഡ് പൗരത്വ രേഖയല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന സ്‌പെഷ്യല്‍ ഇൻ്റന്‍സീവ് റിവിഷനെതിരെ ബിഹാറിൽ ഇന്ത്യാ സഖ്യം ശക്തമായി പ്രതിഷേധിച്ചിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തുടങ്ങിയ മഹാഗഡ്ബന്ധന്‍ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Content Highlights: Amit Shah hints at revision of voter list in Kerala

dot image
To advertise here,contact us
dot image