
ചണ്ഡീഗഡ്: ഹരിയാനയില്‍ വനിതാ ടെന്നീസ് താരത്തെ വെടിവെച്ച് കൊന്നത് നാട്ടുകാരുടെ പരിഹാസം കാരണമാണെന്ന പിതാവിന്റെ വാദം വിശ്വസനീയമല്ലെന്ന് ഹരിയാന പൊലീസ്. ടെന്നീസ് താരമായ രാധികാ യാദവിനെ കൊലപ്പെടുത്തിയത് നാട്ടുകാര്‍ താന്‍ മകളുടെ ചിലവില്‍ ജീവിക്കുന്നുവെന്ന് പരിഹസിച്ചതിന്റെ പേരിലാണെന്ന് പിതാവ് ദീപക് യാദവ് നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ദീപക്കിന്റെ പ്രതിമാസ വരുമാനം തന്നെ ലക്ഷങ്ങളാണെന്ന് പൊലീസ് കണ്ടെത്തി. ലക്ഷങ്ങള്‍ വരുമാനമുളളയാളെ മകളുടെ വരുമാനത്തിന്റെ പേരില്‍ ആരാണ് കളിയാക്കുകയെന്ന് പൊലീസ് ചോദിച്ചു. ദീപക് ചെറിയ കാര്യങ്ങള്‍ക്കുപോലും പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമുളളയാളാണെന്നും പൊലീസ് വ്യക്തമാക്കി.
'തോളിന് പരിക്കേറ്റ മകള്‍ക്ക് ട്രെയിനറാകാന്‍ ദീപക് അനുമതി നല്‍കിയിരുന്നു. ദീപക്കിന് ദേഷ്യം കൂടുതലാണ്. അയാള്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആ ദേഷ്യം മുഴുവന്‍ ഭാര്യയോടും മക്കളോടും തീര്‍ക്കുന്ന സ്വഭാവക്കാരനാണ്. പരിക്കേറ്റതിനുശേഷം രാധിക അക്കാദമിയിലെത്തി കുട്ടികളെ ടെന്നീസ് പരിശീലിപ്പിക്കുമായിരുന്നു. ഒരിക്കല്‍പോലും ദീപക് അക്കാദമി സന്ദര്‍ശിച്ചിട്ടില്ലെന്ന് അക്കാദമിയിലെ ജീവനക്കാരന്‍ മൊഴി നൽകിയിട്ടുണ്ട്'- പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അക്കാദമി അടച്ചുപൂട്ടാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും മകള്‍ അനുസരിച്ചില്ലെന്നും ആ ദേഷ്യത്തിലാണ് വെടിവച്ചതെന്നും ദീപക് പറഞ്ഞതായി എഫ്ഐആറില്‍ പറയുന്നുണ്ട്.
ദീപക് യാദവിന്റെ ഒരു ദിവസത്തെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് രാധികയെ സ്വന്തം വീട്ടിൽവെച്ച് ദീപക് വെടിവെച്ച് കൊലപ്പെടുത്തിയത്. അഞ്ച് തവണയാണ് ഇയാൾ വെടിവെച്ചത്. മൂന്ന് ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽ കൊണ്ടുവെന്നാണ് വിവരം. ശബ്ദം കേട്ട് സമീപത്തുള്ളവർ എത്തി യുവതിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളുടെ പണത്തിൽ ജീവിക്കുന്നുവെന്ന നാട്ടുകാരുടെ പരിഹാസവും, അക്കാദമി അടച്ചുപൂട്ടാൻ മകൾ വിസമ്മതിച്ചതുമാണ് കൊലയ്ക്ക് കാരണമെന്ന് ദീപക് യാദവ് പൊലീസിനോട് പറഞ്ഞിരുന്നു.
Content Highlights: Radhika Yadav was not murdered because of taunts from villagers says cops