
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ കാറിടിച്ച് വഴിയോര കച്ചവടക്കാരന് ഗുരുതര പരിക്ക്. തിരുവല്ല കായംകുളം സംസ്ഥാനപാതയിൽ പുളിക്കീഴിൽ ആണ് അപകടം. വഴിയരികിൽ ചോളം വിൽപ്പന നടത്തിയിരുന്ന തമിഴ്നാട് സ്വദേശിക്കാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ ഭാഗത്ത് നിന്ന് അമിതവേഗതയിൽ എത്തിയ കാർ വഴിയോര കച്ചവടക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡരികിലെ മരത്തിൽ ഇടിച്ചു കുഴിയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിനുശേഷം കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ അടക്കം നാലുപേരും രക്ഷപ്പെട്ടു. പൊടിയാടി ഭാഗത്തുനിന്ന് പുളിക്കീഴ് പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിലാണ് അപകടം സംഭവിച്ചത്. നീരേറ്റുപുറം വള്ളംകളി കഴിഞ്ഞ് മടങ്ങിയവരാണ് കാറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇവർ മദ്യപിച്ചിരുന്നതായും നാട്ടുകാർ പൊലീസിനെ അറിയിച്ചു. പുളിക്കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.