ബിൽക്കീസ് ബാനു; വിദ്വേഷ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൻ്റെ മുഖം

രാജ്യത്തിൻ്റെ പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സ്ത്രീസുരക്ഷയെ കുറിച്ചും വാചാലനാകുന്ന ഒരു കാലത്താണ് ഒരു സ്ത്രീയ്ക്ക് മുസ്ലിമായി പിറന്നതിൻ്റെ പേരിൽ ജനാധിപത്യ ഇന്ത്യയിൽ രണ്ടു ദശകം നീതിക്കായി അലയേണ്ടി വന്നതെന്ന വൈരുധ്യവും ഈ ഘട്ടത്തിൽ ഓർമ്മിക്കേണ്ടതുണ്ട്
ബിൽക്കീസ് ബാനു; വിദ്വേഷ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൻ്റെ മുഖം

ഗുജറാത്ത് കലാപത്തിൻ്റെ ഭാഗമായി നടന്ന ക്രൂരതകളിൽ രാജ്യം ഏറ്റവും ഹൃദയഭേദകമായി ചർച്ച ചെയ്ത വിഷയമായിരുന്നു ബിൽക്കിസ് ബാനുവിന് നേരിടേണ്ടി വന്ന മനുഷ്യരഹിതമായ അനുഭവങ്ങൾ. ബിൽക്കിസ് ബാനുവിനെയും കുടുംബത്തിലെ മറ്റുസ്ത്രീകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ, ബിൽക്കിസ് ബാനുവിൻ്റെ മൂന്നുവയസ്സുകാരി മകളെ പാറയിൽ തലയിടിച്ച് കൊലപ്പെടുത്തിയ, കുടുംബാംഗങ്ങളിൽ ഏഴുപേരെയും ക്രൂരമായി കൊലപ്പെടുത്തിയ കൊടും കുറ്റവാളികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാരിൻ്റെ ഉത്തരവ് രാജ്യത്തിൻ്റെ പരമോന്നത നീതിന്യായ കോടതി റദ്ദാക്കിയിരിക്കുകയാണ്.

ഗുജറാത്ത് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സുപ്രീം കോടതി പറയുമ്പോൾ 2002ലെ കലാപകാലത്ത് ഗുജറാത്ത് സർക്കാറിനെതിരെ ഉയർന്ന സർക്കാർ സ്പോൺസേർഡ് കലാപം എന്ന വിമർശനത്തിൻ്റെ കൂടി പ്രതിധ്വനി വീണ്ടും അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. ശിക്ഷാവിധിയിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് അസന്നിഗ്ധമായാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്

ഗുജറാത്ത് സർക്കാർ കൊടും കുറ്റവാളികൾക്കായി വഴിവിട്ടു പ്രവർത്തിച്ചു എന്ന പരോക്ഷ വിമർശനം കൂടിയാണ് സുപ്രീം കോടതി ഉയർത്തിയിരിക്കുന്നത്. ഗുജറാത്ത് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സുപ്രീം കോടതി പറയുമ്പോൾ 2002ലെ കലാപകാലത്ത് ഗുജറാത്ത് സർക്കാറിനെതിരെ ഉയർന്ന സർക്കാർ സ്പോൺസേർഡ് കലാപം എന്ന വിമർശനത്തിൻ്റെ കൂടി പ്രതിധ്വനി വീണ്ടും അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. ശിക്ഷാവിധിയിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് അസന്നിഗ്ധമായാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. നീതിയുടെ അക്ഷരങ്ങള്‍ മാത്രമല്ല, അര്‍ത്ഥവും കോടതിക്കറിയാമെന്നും പ്രതികളോടുള്ള സഹതാപത്തിനും അനുകമ്പയ്ക്കും സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കുമ്പോൾ ഗുജറാത്ത് സർക്കാർ പ്രതിക്കൂട്ടിലാണ്.

ഗുജറാത്ത് കലാപത്തിൽ പങ്കാളികളായ കൊടും കുറ്റവാളികളായ ക്രിമിനലുകളെ ശിക്ഷാകാലാവധിക്ക് മുമ്പ് മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമായിരുന്നു എന്നത് വ്യക്തമാണ്. പ്രതികളെ വിട്ടയക്കാൻ തീരുമാനിച്ച കമ്മിറ്റിയിലെ അംഗമായിരുന്ന ചന്ദ്രസിൻ റൗൾജി എന്ന സികെ റൗൾജി പിന്നീട് നടത്തിയ പ്രസ്താവന ഈ രാഷ്ട്രീയ തീരുമാനത്തെ ശരിവയ്ക്കുന്നുണ്ട്. ആശയപരമായ പിന്തുണയായിരുന്നു ഏറെ വിവാദമായ സി കെ റൗൾജിയുടെ നിലപാടിൽ തെളിഞ്ഞു നിന്നത്. ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകിയ പ്രതികൾ 'ബ്രാഹ്‌മണരാണെ' ന്നും 'നല്ല സംസ്‌കാരത്തിനുടമകളാണെ'ന്നുമായിരുന്നു സി കെ റൗൾജിയുടെ വിവാദ പ്രസ്താവന. ഗുജറാത്ത് കലാപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ഗോധ്രയിൽ നിന്നുള്ള നിയമസഭാംഗമാണ് സി കെ റൗൾജി എന്നതും ശ്രദ്ധേയമാണ്.

ഗുജറാത്ത് കലാപത്തിലെ ഭരണകൂട ഇടപെടൽ സംബന്ധിച്ച ആരോപണങ്ങളെല്ലാം വിവിധ കാലയളവുകളിൽ ഉയർന്നുവന്നിരുന്നു. പിന്നീട് സംഭവബഹുലമായ നീതിന്യായ നടപടിക്രമങ്ങളിലൂടെ നിയമപരമായി തന്നെ ഈ ആരോപണങ്ങളെല്ലാം തെളിവില്ലെന്ന കാരണത്താൽ തള്ളപ്പെട്ടിരുന്നു. ഇവിടെയാണ് ബിൽക്കിസ് ബാനു കേസിന് പ്രധാന്യം കൈവരുന്നത്. ഗുജറാത്ത് കലാപത്തിൻ്റെ ഭീതിതമായ ദിനങ്ങളിൽ അരങ്ങേറിയ മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ തെളിവില്ലാത്തതിൻ്റെ പേരിൽ ശിക്ഷിക്കപ്പെടാതിരിക്കുകയോ ശിക്ഷാവിധികൾ പിന്നീട് മേൽക്കോടതികൾ റദ്ദാക്കുകയോ ശിക്ഷിക്കപ്പെട്ടവർക്ക് അതിൽ നിന്ന് ഇളവ് ലഭിക്കുകയോ ചെയ്തിട്ടുണ്ട്.

അപ്പോഴും 2002ലെ കലാപകാലത്ത് അതിക്രൂരമായ ആക്രമണങ്ങളെ നേരിട്ട ഒരുവലിയ വിഭാഗം ജനതയുണ്ടായിരുന്നു എന്നത് വസ്തുതയാണ്. ഇവരിൽ എത്രപേർക്ക് നീതി ഉറപ്പാക്കാൻ നമ്മുടെ നീതിപീഠങ്ങൾക്ക് സാധിച്ചുവെന്ന ചോദ്യം അന്തരീക്ഷത്തിൽ ഉത്തരമില്ലാത്ത ചോദ്യമായി ബാക്കിയാണ്. കലാപത്തിൽ നിഷ്ഠൂരം കൊല്ലപ്പെട്ട പാർലമെൻ്റ് അംഗമായിരുന്ന ഇസ്ഹാൻ ജാഫ്രിക്കുവേണ്ടി അദ്ദേഹത്തിൻ്റെ പങ്കാളിയായിരുന്ന സാക്കിയ ജാഫ്രി നടത്തിയ നിയമപോരാട്ടങ്ങൾ കണ്ണൂനിരീൽ കുതിർന്ന് വൃഥാവിലായിരുന്നു. ഈ നിലയിൽ ബിൽക്കീസ് ബാനു നീതികിട്ടാതെ പോയ നൂറുകണക്കിന് ജനങ്ങളുടെ ജീവിക്കുന്ന പ്രതീകമായി മാറുന്നുണ്ട്.

സാക്കിയ ജാഫ്രി
സാക്കിയ ജാഫ്രി

അക്രമകാരികളിൽ നിന്ന് രക്ഷപെടാൻ ഒരു സുരക്ഷിത സ്ഥാനം തേടി ട്രക്കിൽ സഞ്ചരിച്ച ബിൽക്കിസ് ബാനുവിന്റെ കുടുംബത്തെ ട്രക്ക് തടഞ്ഞു നിർത്തിയാണ് കലാപകാരികൾ അക്രമിച്ചത്. കുടുംബത്തിലെ ഏഴ് പേർ കൺമുമ്പിൽ വച്ച് കൊലചെയ്യപ്പെട്ടു. ബന്ധുക്കളായ സ്ത്രീകൾ നിഷ്ഠൂര ബലാത്സംഗത്തിന് ഇരകളായി. ബിൽക്കീസ് ബാനുവിന്റെ മൂന്നു വയസ്സുകാരി മകൾ സലേഹയെ അക്രമകാരികൾ വലിച്ചെറിയുകയായിരുന്നു. പിഞ്ചുകുഞ്ഞിന്റെ ശിരസ്സ് തകരുന്നത് നിസ്സഹായയായ ആ സ്ത്രീയ്ക്ക് സ്വന്തം കണ്ണുകൊണ്ട് കാണേണ്ടി വന്നു

നേരത്തെ നഷ്ടപരിഹാരം എന്ന നിലയിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി 50 ലക്ഷം രൂപ ബിൽക്കിസ് ബാനുവിന് നൽകാൻ വിധിച്ചിരുന്നു. 50 ലക്ഷം മാത്രമല്ല ജോലിയും താമസസൗകര്യവും ഗുജറാത്ത് സർക്കാർ നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു കോടതി വിധി. 2002 ലെ ഗുജറാത്ത് കലാപത്തിൽ ബലാൽസംഘത്തിനിരയാകുമ്പോൾ അഞ്ചു മാസം ഗർഭിണിയായിരുന്നു ബിൽകിസ് ബാനു. അക്രമകാരികളിൽ നിന്ന് രക്ഷപെടാൻ ഒരു സുരക്ഷിത സ്ഥാനം തേടി ട്രക്കിൽ സഞ്ചരിച്ച ബിൽക്കിസ് ബാനുവിന്റെ കുടുംബത്തെ ട്രക്ക് തടഞ്ഞു നിർത്തിയാണ് കലാപകാരികൾ അക്രമിച്ചത്. കുടുംബത്തിലെ ഏഴ് പേർ കൺമുമ്പിൽ വച്ച് കൊലചെയ്യപ്പെട്ടു. ബന്ധുക്കളായ സ്ത്രീകൾ നിഷ്ഠൂര ബലാത്സംഗത്തിന് ഇരകളായി. ബിൽക്കീസ് ബാനുവിന്റെ മൂന്നു വയസ്സുകാരി മകൾ സലേഹയെ അക്രമകാരികൾ വലിച്ചെറിയുകയായിരുന്നു. പിഞ്ചുകുഞ്ഞിന്റെ ശിരസ്സ് തകരുന്നത് നിസ്സഹായയായ ആ സ്ത്രീയ്ക്ക് സ്വന്തം കണ്ണുകൊണ്ട് കാണേണ്ടി വന്നു. മകളെ കൊലപ്പെടുത്തിയ ശൈലേഷ് ഭട്ടിനെ പിന്നീട് വിചാരണക്കിടയിൽ അവർ തിരിച്ചറിഞ്ഞു.

കൂട്ടബലാത്സംഗത്തിന് ഇരയായായതിനെക്കുറിച്ച് അവർ പറഞ്ഞത് ഇങ്ങനെയാണ്; ''ഞങ്ങളെ ആക്രമിച്ചവര്‍ ഉപയോഗിച്ച വൃത്തികെട്ട ഭാഷ ഒരിക്കലും എനിക്ക് വിവരിക്കാനാവില്ല. എന്റെ അമ്മയേയും ഒരു സഹോദരിയേയും ബന്ധുക്കളായ മറ്റുള്ളവരെയും അവര്‍ കൊന്നത് എന്റെ കണ്മുന്നില്‍ വെച്ചായിരുന്നു. കൊലയും ബലാത്സംഗങ്ങളും നടത്തുമ്പോള്‍ അവര്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഇരകളെ തെറിവിളിക്കുന്നുണ്ടായിരുന്നു. എന്റെ വയറ്റില്‍ അഞ്ചു മാസമായ കുഞ്ഞ് ഉണ്ടെന്ന് വിളിച്ചുപറയാന്‍ ആഗ്രഹിച്ചുവെങ്കിലും എന്റെ വായും കഴുത്തും അവര്‍ കാലുകള്‍കൊണ്ട് ചവുട്ടി അമര്‍ത്തിയിരുന്നു....''

ശിക്ഷക്കപ്പെട്ട പ്രതികളെ ഭരണസ്വാധീനത്തിൻ്റെ പേരിൽ ശിക്ഷാകാലാവധിയിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ ബിൽക്കിസ് ബാനുവിന് രണ്ടു ദശകങ്ങൾക്കിപ്പുറവും നിയമപോരാട്ടം നടത്തേണ്ടി വരുന്നു എന്നത് പുരോഗമന ജനാധിപത്യ രാജ്യം എന്ന വിശേഷണത്തിൻ്റെ പൊള്ളത്തരത്തിലേയ്ക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.

ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകളെ അവർ മുസ്ലിം ആയതിന്റെ പേരിൽ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു, അതിൽ ബിൽക്കിസ് ബാനു എന്ന ഒരു സ്ത്രീ മാത്രമാണ് പിന്നീട് പുറം ലോകം കണ്ടത്. കലാപം ഭയന്ന് ജന്മഗ്രാമത്തിൽ നിന്ന് രക്ഷപെട്ടോടിയ ബിൽക്കിസ് ബാനുവിന്റെ 17 അംഗകുടുംബത്തിൽ 7 പേരാണ് കൊല്ലപ്പെട്ടത്, ഏഴുപേരെ കാണാതായി. ഹിന്ദുത്വ തീവ്രവാദികളുടെ വംശീയ വേട്ടയാടലിനൊടുവിൽ ജീവനോടെ പുറം ലോകം കണ്ടത് ബിൽക്കിസ് ബാനു അടക്കം മൂന്ന് പേർ മാത്രമാണ്. വീണ്ടും രണ്ടു ദശകത്തിനിപ്പുറവും ശിക്ഷക്കപ്പെട്ട പ്രതികളെ ഭരണസ്വാധീനത്തിൻ്റെ പേരിൽ ശിക്ഷാകാലാവധിയിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ ബിൽക്കിസ് ബാനുവിന് നിയമപോരാട്ടം നടത്തേണ്ടി വരുന്നു എന്നത് പുരോഗമന ജനാധിപത്യ രാജ്യം എന്ന വിശേഷണത്തിൻ്റെ പൊള്ളത്തരത്തിലേയ്ക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.

ബിൽക്കിസ് ബാനു കേസിലെ 11 പ്രതികൾക്ക് ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകിയ ആ ദിവത്തെ മാധ്യമ പ്രവർത്തക ബർഖ ദത്ത് ഇങ്ങനെ ഓർമ്മിക്കുന്നു. "ഇന്ത്യയിലെ കോടതികളിൽ നീതിക്കുവേണ്ടി പോരാടുന്നതിന് നിങ്ങളുടെ ജീവിതത്തിന്റെ 17 വർഷം നീക്കിവെക്കുന്നുവെന്ന് സങ്കൽപ്പിക്കുക. നിങ്ങളുടെ സുരക്ഷയെ കരുതി നിങ്ങളുടെ കേസ് ആദ്യം സ്വന്തം സംസ്ഥാനത്തിന് പുറത്തേക്ക്. 20 ലേറെ തവണ അത് ഇഴഞ്ഞു നീങ്ങി. എന്നിട്ട് പതിയെ നിങ്ങൾ വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വരാൻ ശ്രമിക്കുന്ന നേരം നിങ്ങളോട് ക്രൂരത ചെയ്ത 11 പുരുഷന്മാരെ സംസ്ഥാന സർക്കാർ ഉത്തരവിലൂടെ ജയിലിൽ നിന്ന് നേരത്തെ മോചിപ്പിക്കുന്നു.

ഏറ്റവും കഠിന ഹൃദയര്‍ക്ക് പോലും ചില കഥകൾ വ്യക്തിപരമായി തോന്നും. ബിൽക്കിസ് ബാനു എനിക്ക് അത്തരത്തിലുള്ള ഒരാളാണ്.

ഗോധ്രയിലെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ, മണ്ണെണ്ണ വിളക്കിന്റെ അണയുന്ന മിന്നാമിനുങ്ങിൽ, ടാർപോളിൻ ഷീറ്റിനടിയിൽ, മറ്റ് സ്ത്രീകളോടൊപ്പം ഒതുങ്ങിക്കൂടിയ അവളെ ഞാൻ കണ്ടുമുട്ടിയ രാത്രി, 20 വർഷം മുമ്പായിരുന്നു. എന്നാൽ ഈ ആഴ്‌ചയിലെ പുതിയ തലക്കെട്ടുകൾ മാറ്റി നിർത്തിയാൽ ആ രാത്രി ഇന്നലത്തെ പോലെ തോന്നുന്നു.

അന്ന് രാത്രി തന്നോട് ചെയ്ത കാര്യങ്ങൾ അവൾ വിവരിക്കുമ്പോൾ അവൾ കരഞ്ഞില്ല എന്ന് ഞാൻ ഓർക്കുന്നു. അവളുടെ ഉള്ളിൽ എന്തോ മരിച്ചതുപോലെ, ശൂന്യവും തകർന്നതുമായ ഭാവം ഞാൻ അവളുടെ കണ്ണുകളിൽ കണ്ടു.

അവളുടെ ഭർത്താവ് യാക്കൂബ് എന്നോട് പറഞ്ഞു, അവളെ ബലാത്സംഗം ചെയ്യുകയും അവളുടെ കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തവരെ വിട്ടയച്ചതും - ജയിലിന് പുറത്ത് മധുരപലഹാരങ്ങളും മാലകളും നൽകി സ്വീകരിച്ചാനയിക്കുന്നതും കണ്ട ബിൽക്കീസ് പഴയ അതേ മരവിപ്പിൽ വീണുപോയതായി തോന്നുന്നു എന്ന്. അവൾ ഒന്നും സംസാരിക്കുന്നില്ല. കടുത്ത ഏകാന്തത."

ഈ വിധി ഏതെങ്കിലും നിലയിൽ ബിൽക്കിസ് ബാനുവിന് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾക്കും അതിജീവിക്കേണ്ടിവന്ന മുറിപ്പാടുകൾക്കും പകരമാകുന്നില്ല. ഭരണകൂടവും ഭരണകൂടത്തെ നിയന്ത്രിക്കുന്ന ആശയവും ഒരു വിഭാഗത്തെ തെരഞ്ഞുപിടിച്ച് ആക്രമിച്ചുവെന്നത് അപ്രിയ സത്യമായി ഇന്നുകളെ ഇപ്പോഴും ചൂഴ്ന്നു നിൽക്കുന്നുണ്ട്. അതിനാൽ തന്നെ ബിൽക്കീസ് ബാനുവിന് അനുകൂലമായ വിധിവരുമ്പോൾ ഗുജറാത്ത് കലാപത്തിൻ്റെ പൊള്ളുന്ന ഓർമ്മകൾ തികട്ടിയെത്തുക സ്വഭാവികമാണ്. രാജ്യത്തിൻ്റെ പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സ്ത്രീസുരക്ഷയെ കുറിച്ചും വാചാലനാകുന്ന ഒരു കാലത്താണ് ഒരു സ്ത്രീയ്ക്ക് മുസ്ലിമായി പിറന്നതിൻ്റെ പേരിൽ ജനാധിപത്യ ഇന്ത്യയിൽ രണ്ടു ദശകം നീതിക്കായി അലയേണ്ടി വന്നതെന്ന വൈരുധ്യവും ഈ ഘട്ടത്തിൽ ഓർമ്മിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com