
നിയമനിര്മ്മാണ സഭയില് ഇന്ത്യന് ജനാധിപത്യം അതിന്റെ പരമ്പരാഗത മൂല്യങ്ങളെല്ലാം ദുര്ബലപ്പെട്ട് നില്ക്കുന്ന കാഴ്ച കൂടിയാണ് മൂന്ന് ദിവസം നീണ്ടുനിന്ന അവിശ്വാസ പ്രമേയ ചര്ച്ച സമ്മാനിച്ചത്.
ഉള്ക്കാമ്പുള്ള സംവാദങ്ങളും ആശയപ്രകാശനങ്ങളും നിശിതമായ വിമര്ശനങ്ങളുമെല്ലാം ഇന്ത്യന് പാര്ലമെന്റിന് സുപരിചമാണ്. ഇന്ത്യന് പാര്ലമെന്റിന് ജനാധിപത്യത്തിന്റെ ശ്രീകോവില് എന്ന വിശേഷണം ചാര്ത്തി നല്കിയത് പാര്ലമെന്ററി നടപടിക്രമങ്ങളിലെ ജനാധിപത്യപരമായ ഉള്ക്കാമ്പ് തന്നെയായിരുന്നു. 1957ല് നെഹ്റു മന്ത്രിസഭയിലെ ധനകാര്യ മന്ത്രി റ്റിറ്റി കൃഷ്ണമാചാരിക്കെതിരെ കോണ്ഗ്രസ് നേതാവും ഇന്ദിരാഗാന്ധിയുടെ പങ്കാളിയുമായിരുന്ന ഫിറോസ് ഗാന്ധി അഴിമതി ആരോപണം ഉന്നയിച്ച ഇടമാണ് ഇന്ത്യന് പാര്ലമെന്റ്. ആ വിഷയത്തില് സംവാദങ്ങളും തര്ക്കങ്ങളും വാദപ്രതിവാദങ്ങളും നടന്ന ഇടമാണ് ഇന്ത്യന് പാര്ലമെന്റ്. പിന്നീട് റ്റിറ്റി കൃഷ്ണമാചാരിക്ക് ഫിറോസ് ഗാന്ധി ഉന്നയിച്ച ആരോപണത്തിന്റെ പേരില് രാജിവയ്ക്കേണ്ടി വന്നുവെന്നതും ചരിത്രം. ആ നിലയില് ഉദാത്തമായ ജനാധിപത്യ മൂല്യങ്ങളുടെ നിരവധി ഏടുകള് ഇന്ത്യന് നിയമനിര്മ്മാണ സഭയുടെ ചരിത്രത്തില് കണ്ണിചേര്ന്നിട്ടുണ്ട്.
ഈ നിലയില് രാജ്യത്തിന്റെ നിയമനിര്മ്മാണ സഭകളില് ജനാധിപത്യത്തിന്റെ സൗന്ദര്യം വിരിഞ്ഞു നിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല് രണ്ടാം നരേന്ദ്ര മോദി സര്ക്കാരിന്റെ പാര്ലമെന്റിലെ അവസാനത്തെ മണ്സൂണ് സെഷന് രാജ്യത്തിന്റെ നിയമനിര്മ്മാണ സഭയില് ജനാധിപത്യത്തിന്റെ വസന്തകാലം അവസാനിച്ചുവെന്നതിന്റെ സൂചനകളാണ് നല്കുന്നത്.
സംവാദങ്ങള്ക്കും ആശയ പ്രകാശനത്തിനും പകരം ജയ്വിളികളും വാഗ്വാദങ്ങളും കൊണ്ട് പാര്ലമെന്റ് ശബ്ദമുഖരിതമാകുന്നു. പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാതെ ചര്ച്ചകളില്ലാതെ നിയമനിര്മ്മാണങ്ങള് ഏകപക്ഷീയമായി പാസ്സാകുന്നു. പരസ്പരബഹുമാനത്തിന്റേതായി കല്പ്പിച്ച് നല്കിയിരുന്ന കീഴ്വഴക്കങ്ങളെല്ലാം അതിന്റെ എല്ലാ സീമയും ലംഘിച്ച് അട്ടിമറിക്കപ്പെടുന്നു. പാര്ലമെന്റിന്റെ മണ്സൂണ് സെഷന്റെ നേര്ക്കാഴ്ചകളെ ഇങ്ങനെയെല്ലാം സംഗ്രഹിക്കാം.
സംവാദങ്ങള്ക്ക് ഇടം നല്കുകയെന്നത് പാര്ലമെന്ററി ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ മൂല്യങ്ങളിലൊന്നാണ്. മണിപ്പൂരിലെ സംഘര്ഷങ്ങള് അതിന്റെ എല്ലാ ഗൗരവത്തോടെയും ചര്ച്ച ചെയ്യപ്പെടേണ്ട ഇടമാണ് ഇന്ത്യന് പാര്ലമെന്റ്. ഇന്ത്യയുടെ പരമോന്നത കോടതി മണിപ്പൂരില് സംഭവിച്ച ജനാധിപത്യ ധ്വംസനങ്ങളെക്കുറിച്ചും നീതിന്യായവ്യവസ്ഥയുടെ പരാജയത്തെക്കുറിച്ചും നിശിതമായ കീറിമുറിക്കലുകള് നടത്തിയ ഘട്ടത്തിലാണ് ഇന്ത്യന് പാര്ലമെന്റില് മണിപ്പൂര് ചര്ച്ചകള്ക്ക് ഇടമില്ലാതെ പോയത്.
മണിപ്പൂര് വിഷയം സഭ നിര്ത്തി വെച്ച് ചര്ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷത്തിന്റെ ആവശ്യം ജനാധിപത്യ നടപടിക്രമത്തില് തികച്ചും ന്യായമാണ്. രാജ്യത്തെ സംബന്ധിച്ച് ഏറ്റവും ഗൗരവമായതെന്ന് സുപ്രീം കോടതി വരെ വിലയിരുത്തിയ ഒരു വിഷയത്തില് പാര്ലമെന്റിനുള്ളില് പ്രതികരിക്കുക എന്നത് സര്ക്കാരിന്റെ തലവന് എന്ന നിലയില് പ്രധാനമന്ത്രിയുടെ ധാര്മ്മികമായ ബാധ്യതയാണ്. മണിപ്പൂരിലെ സംഘര്ഷങ്ങള് ആരംഭിച്ചതിന് ശേഷം രാജ്യം ഭീതിയോടെ മണിപ്പൂരിനെ പ്രതി ആശങ്കപ്പെടുമ്പോഴും പ്രധാനമന്ത്രി രാജ്യത്തോട് ഈ വിഷയത്തില് പ്രതികരിച്ചില്ല. നീണ്ട മൗനത്തിനൊടുവില് മണ്സൂണ് സെഷന് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പാര്ലമെന്റിന് പുറത്താണ് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം വരുന്നത്.
പ്രതിപക്ഷത്തിന് ഈ പ്രതികരണത്തില് തൃപ്തിയുണ്ടായിരുന്നില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ഈ പ്രതികരണത്തില് തൃപ്തരായിരുന്നില്ല. സഭ നിര്ത്തി വെച്ച് മണിപ്പൂര് വിഷയം ചര്ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി മണിപ്പൂര് വിഷയത്തില് സഭയില് പ്രതികരിക്കണമെന്നും പ്രതിപക്ഷം സഭയില് ആവശ്യപ്പെട്ടു. സഭ നിര്ത്തിവെയ്ക്കാതെ ഹ്രസ്വ ചര്ച്ചയെന്ന നിലപാടില് ഭരണപക്ഷം ഉറച്ചു നിന്നു. അതിന്റെ പേരില് സഭ തടസ്സപ്പെട്ട കാഴ്ചകളാണ് മണ്സൂണ് സെഷന് തുടങ്ങിയത് മുതല് രാജ്യം കാണുന്നത്. രാജ്യത്തെ സംബന്ധിച്ച് അതീവ ഗൗരവമായ ഒരു വിഷയത്തില് ജനങ്ങളുടെ ആശങ്ക അകറ്റുന്ന നിലയില് പാര്ലമെന്റില് വിശദീകരണം നല്കുക എന്നത് സര്ക്കാരിന്റെ കടമയാണ്. എന്നാല് ഈ വിഷയത്തെ തുടര്ച്ചയായ വാഗ്വാദങ്ങള്ക്ക് ഇടനല്കുന്ന രീതിയിലാണ് ഭരണപക്ഷം സഭയില് കൈകാര്യം ചെയ്തത്. സര്ക്കാരിന്റെ നിലപാട് അംഗീകരിച്ച് ഒരു ഹ്രസ്വ ചര്ച്ചയ്ക്ക് പ്രതിപക്ഷവും തയ്യാറായില്ല. സഭാ സ്തംഭനം ഒഴിവാക്കാന് വിവിധ തലങ്ങളില് നടന്ന കൂടിയാലോചനകളും ഫലം കണ്ടില്ല.
ഇതിനിടയില് മണിപ്പൂരില് ഭരണഘടനാ സംവിധാനം തകര്ന്നു എന്ന അതിരൂക്ഷ വിമര്ശനം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. മണിപ്പൂര് ഡിജിപിയോട് നേരിട്ട് കോടതിയില് ഹാജരാകാന് ആവശ്യപ്പെടുന്ന സാഹചര്യം വരെയുണ്ടായി. എന്നാല് ഈ ഘട്ടത്തിലും മണിപ്പൂര് വിഷയം രാജ്യം ആഗ്രഹിക്കുന്ന ഗൗരവത്തില് സഭയില് ചര്ച്ച ചെയ്യാന് ഭരണപക്ഷം തയ്യാറായില്ല. ഇന്ത്യന് ജനാധിപത്യത്തിന്റെ മുഖം വികൃതമാക്കുന്ന നിലയില് പാര്ലമെന്റിലെ തര്ക്കങ്ങള് തുടര്ന്നു കൊണ്ടിരുന്നു.
പ്രതിപക്ഷം മോദി സര്ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോള് പ്രധാന വിഷയമായി ഉയര്ത്തിക്കാണിച്ചിരുന്നത് മണിപ്പൂര് വിഷയമായിരുന്നു. സ്വഭാവികമായും ജനാധിപത്യപരമായ നിലയില് അവിശ്വാസ പ്രമേയം സഭയില് ചര്ച്ച ചെയ്യപ്പെടുമെന്നായിരുന്നു രാജ്യം പ്രതീക്ഷിച്ചത്. ഇതിനിടയില് പ്രതിപക്ഷത്തെ നേതാക്കള് ഒറ്റയ്ക്കും സംഘമായുമെല്ലാം മണിപ്പൂര് സന്ദര്ശിച്ച് വിവരശേഖരണം നടത്തിയിരുന്നു. പ്രതിപക്ഷ സഖ്യം ഈ റിപ്പോര്ട്ട് രാഷ്ട്രപതിക്കും നല്കിയിരുന്നു. സ്വാഭാവികമായും അവിശ്വാസ പ്രമേയ ചര്ച്ചയില് മണിപ്പൂര് വിഷയം അതിന്റെ എല്ലാ ഗൗരവത്തോടെയും ലോക്സഭയില് അവതരിപ്പിക്കപ്പെടുമെന്നും അതില് ചര്ച്ച നടക്കുമെന്നും തന്നെ രാജ്യം പ്രതീക്ഷിച്ചു.
അവിശ്വാസം പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗോഗോയ് മണിപ്പൂര് കത്തുന്നത് ഇന്ത്യ കത്തുന്നത് പോലെയാണെന്ന കാഴ്ചപ്പാടെല്ലാം മുന്നോട്ടുവച്ചിരുന്നു. പ്രധാനമന്ത്രിയുടെ മൗനം അവസാനിപ്പിക്കാനാണ് പ്രമേയം എന്നും ഗൗരവ് ഗോഗോയ് ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷെ പ്രധാനമന്ത്രി സഭയില് ഉണ്ടായിരുന്നില്ല. തന്റെ നേതൃത്വത്തിലുള്ള സര്ക്കാരിനെതിരെ ഗൗരവമായ ഒരു വിഷയം ഉന്നയിച്ച് പ്രതിപക്ഷം അവിശ്വാസം അവതരിപ്പിക്കുമ്പോള് പ്രതിപക്ഷത്തിന് എന്താണ് പറയാനുള്ളതെന്ന് കേള്ക്കാനുള്ള ജനാധിപത്യ ബോധം ഇന്ത്യന് പ്രധാനമന്ത്രി പ്രകടിപ്പിച്ചില്ല എന്നത് ഖേദകരമാണ്.
അവിശ്വാസപ്രമേയ ചര്ച്ചയുടെ ആദ്യ രണ്ട് ദിവസങ്ങളില് പ്രധാനമന്ത്രി സഭയില് നിന്നും പൂര്ണ്ണമായി വിട്ടുനിന്നു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ആദ്യത്തെ സംഭവമെന്നാണ് പ്രധാനമന്ത്രിയുടെ അവിശ്വാസ പ്രമേയ ചര്ച്ചയിലെ വിട്ടുനില്ക്കലിനെ രാഷ്ട്രീയ നിരീക്ഷകര് ചൂണ്ടിക്കാണിക്കുന്നത്. പാര്ലമെന്ററി സംവിധാനത്തിന്് പകരം പ്രസിഡന്ഷ്യല് സംവിധാനം മതിയെന്ന് വാദിക്കുന്ന ഒരു ആശയത്തിന്റെ വക്താവാണ് ഇന്ത്യന് പ്രധാനമന്ത്രി. തുടര്ച്ചയായ രണ്ടാം ടേമിന്റെ ഒടുവില് മൂന്നാം ടേമും ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി നിയമനിര്മ്മാണ സഭയുടെ അടിസ്ഥാനപരമായ ജനാധിപത്യ അസ്ഥിത്വത്തെ നിരാകരിച്ചുവെങ്കില് അതൊരു മുന്നറിയിപ്പ് തന്നെയാണ്. പാര്ലമെന്റിലെ ചര്ച്ചകളെയൊക്കെ ഇങ്ങനെയേ കണക്കാക്കിയിട്ടുള്ളു, നിങ്ങള് എന്ത് ചര്ച്ച ചെയ്താലും ഞങ്ങള് തീരുമാനിച്ചിരിക്കുന്നത് ഇങ്ങനെയാണ് എന്ന സന്ദേശം കൂടിയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിന് നല്കിയിരിക്കുന്നത് എന്ന് സുവ്യക്തം. ഭരണപക്ഷം ഒരു ചടങ്ങ് പോലെ മാത്രം കണക്കാക്കിയ അവിശ്വാസ പ്രമേയ ചര്ച്ചയില് പക്ഷെ പ്രതിപക്ഷത്തിന്റെ നേതൃദാരിദ്രവും ആശയദാരിദ്രവും നിറഞ്ഞു നിന്നു.
അവിശ്വാസ പ്രമേയം സഭ പരിഗണിക്കുന്നതിന്റെ അവസാന മണിക്കൂറിലാണ് രാഹുല് ഗാന്ധിയുടെ ലോകസഭാ അംഗത്വം പുനസ്ഥാപിക്കപ്പെടുന്നത്. സ്വഭാവികമായും അവിശ്വാസ പ്രമേയ ചര്ച്ചയില് പ്രതിപക്ഷത്തിന് രാഹുലിന്റെ സാന്നിധ്യം കൂടുതല് ഊര്ജ്ജമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ആദ്യദിനം പ്രധാനമന്ത്രിയുടെയും മന്ത്രിസഭയിലെ രണ്ടാമനായ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അസാന്നിധ്യത്തില് സംസാരിക്കേണ്ടതില്ലെന്ന് രാഹുല് ഗാന്ധി തീരുമാനിച്ചു. രണ്ടാം ദിവസവും പ്രധാനമന്ത്രി സഭയിലേക്ക് എത്തിനോക്കിയില്ല. എന്തായാലും രണ്ടാംദിനം രാഹുല് ഗാന്ധി സഭയില് സംസാരിച്ചു. 37 മിനിട്ട് നീണ്ട രാഹുലിന്റെ പ്രസംഗത്തില് 14 മിനുട്ട് 37 സെക്കന്റ് പരാമര്ശിക്കപ്പെട്ടത് മണിപ്പൂര് വിഷമായിരുന്നു. മണിപ്പൂരില് നേരിട്ട് പോയി സ്ഥിതിഗതികള് വിലയിരുത്തിയ നേതാവായിരുന്നു രാഹുല് ഗാന്ധി. എന്നാല് ഏറ്റവും തീവ്രമായ ദൃക്സാക്ഷി വിവരണം രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
വാക്കുകളുടെ ഭംഗിയില് മണിപ്പൂര് വിഷയവും സര്ക്കാരിനെതിരായ വിമര്ശനവും വരച്ചിടാനാണ് രാഹുല് ശ്രമിച്ചത്. സര്ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വൈകാരിക അന്തരീക്ഷം സഭയില് സൃഷ്ടിക്കുന്നതില് രാഹുല് പരാജയപ്പെട്ടു. എന്നാല് അനുയായികള്ക്ക് വെട്ടിയെടുത്ത് ഉപയോഗിക്കാവുന്ന പ്രയോഗങ്ങള് രാഹുല് നടത്തി. സര്ക്കാരിനെയും നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്ശിച്ചു. പക്ഷെ രണ്ടാം മോദി സര്ക്കാര് ഇന്ത്യന് ജനാധിപത്യത്തെയോ മതേതരത്വത്തെയോ ഭരണഘടനാ മൂല്യങ്ങളെയോ എങ്ങനെയാണ് വെല്ലുവിളിക്കുന്നതെന്ന് വിശദീകരിക്കാന് രാഹുലിന് സാധിച്ചില്ല. അതിന്റെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങള് രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന് വിശദമാക്കാന് രാഹുലിന് സാധിച്ചില്ല.
ഇത് രാഹുല് ഗാന്ധിയുടെ മാത്രം പരാജയമായിരുന്നില്ല പ്രതിപക്ഷ നിരയില് നിന്ന് സംസാരിച്ചവര്ക്കൊന്നും മോദി സര്ക്കാരിനെ മുള്മുനയില് നിര്ത്തുന്ന ചര്ച്ച ഉയര്ത്തിക്കൊണ്ട് വരാന് സാധിച്ചില്ല. മണിപ്പൂര് വിഷയത്തില് പ്രധാനമന്ത്രി സംസാരിക്കാത്തതിനാല് പ്രധാനമന്ത്രിയെ സംസാരിപ്പിക്കാന് വേണ്ടിയാണ് അവിശ്വാസം അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ സഖ്യത്തില് നിന്നുള്ള ഒന്നിലേറെ പേര് ആവര്ത്തിച്ച് പറഞ്ഞതും വിഷയത്തിന്റെ ഗൗരവം ചോര്ത്തി കളഞ്ഞു.
മണിപ്പൂര് വിഷയത്തില് സുപ്രീം കോടതി ഉന്നയിച്ച ആശങ്കകള് ക്രോഡീകരിച്ച് അതിന്റെ മൂര്ച്ചയില് സഭയില് അവതരിപ്പിക്കാന് പ്രതിപക്ഷത്തിന് സാധിച്ചില്ല. പ്രതിപക്ഷ സഖ്യം രാഷ്ട്രപതിക്ക് സമര്പ്പിച്ച റിപ്പോര്ട്ടിനെ അതിന്റെ തീവ്രതയില് സഭയില് കൊണ്ടുവരാനും കഴിഞ്ഞില്ല. വിഷയം പഠിച്ച് അതിനെ മൂര്ച്ചയോടെ അവതരിപ്പിക്കാന് ശേഷിയുള്ളവരെ പ്രതിപക്ഷം ആ നിലയില് അവിശ്വാസപ്രമേയ ചര്ച്ചയില് ഉപയോഗിച്ചതുമില്ല. വിഷയം പഠിച്ച് നല്ലനിലയില് അവതരിപ്പിക്കാന് ശേഷിയുള്ള ശശി തരൂരിനെല്ലാം കോണ്ഗ്രസ് സംസാരിക്കാന് അവസരം നല്കിയില്ലെന്നത് അവരുടെ തന്ത്രപരമായ വീഴ്ചയാണ്. അവിശ്വാസ പ്രമേയത്തെ കോണ്ഗ്രസ് വേണ്ടത്ര ഗൗരവത്തിലല്ല സമീപിച്ചതെന്നതിന്റെ സൂചനയായി ഇതെല്ലാം മാറുന്നുണ്ട്.
പ്രാദേശിക പാര്ട്ടികളുടെ എംപിമാര് സംസാരിക്കുമ്പോള് പലപ്പോഴും അവര് പ്രാദേശിക വൈകാരികതകള്ക്ക് ഊന്നല് നല്കിയെന്നതും അടിയന്തിര പ്രമേയത്തിന്റെ ഗൗരവം ചോര്ത്തിക്കളഞ്ഞു, അതും തന്ത്രപരമായ വീഴ്ചയായിരുന്നു. ഏറ്റവും ഒടുവില് ഫ്ളയിങ്ങ് കിസ് വിവാദം ഉയര്ത്താന് ബിജെപിക്ക് അവസരം നല്കിയ രാഹുല് ഗാന്ധിയുടെ സമീപനവും പ്രതിപക്ഷത്തിന് തിരിച്ചടിയായി. നേരത്തെ 2018ലും ഇതേ നിലയില് മോദിയെ കെട്ടിപ്പിടിച്ചും കണ്ണുറിക്ക് കാണിച്ചും രാഹുല് ഗാന്ധി നടത്തിയ ഇടപെടല് ചര്ച്ച ചെയ്ത വിഷയത്തിന്റെ ഗൗരവത്തെ ചോര്ത്തിയിരുന്നു. 2023ലും ആതാവര്ത്തിച്ചു എന്നത് രാഹുല് ഗാന്ധിയും കോണ്ഗ്രസും ഗൗരവത്തില് കാണേണ്ടതാണ്.
ആദ്യ രണ്ട് ദിവസം ലോക്സഭയില് നിന്നും വിട്ടുനിന്ന പ്രധാനമന്ത്രി അവസാന ദിവസം സഭയിലെത്തി. ഇന്ത്യന് രാഷ്ട്രീയത്തില് നാടകീയതകളുടെ ക്യൂറേറ്ററാണ് നരേന്ദ്ര മോദി. ഇത്തവണത്തെ അവിശ്വാസ പ്രമേയ ചര്ച്ചയില് മോദി പാര്ലമെന്റിനെയും നാടകീയതകളുടെ വേദിയാക്കി. അവിശ്വാസ പ്രമേയത്തിനുള്ള രണ്ട് മണിക്കൂര് നീണ്ടുനിന്ന പ്രധാനമന്ത്രിയുടെ മറുപടി, 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുവേദിയില് നടത്തേണ്ടിയിരുന്ന രാഷ്ട്രീയപ്രസംഗമായി മാറി. ഒരു രാഷ്ട്രീയ പ്രസംഗവേദിയില് സ്വീകരിക്കേണ്ട ശരീരഭാഷയും വാക്കുകളുടെ പ്രയോഗവും രാഷ്ട്രീയ എതിരാളികളോടുള്ള പരിഹാസവും പാര്ലമെന്റില് നടന്ന അവിശ്വാസ പ്രമേയ മറുപടിയില് ഇടംപിടിക്കേണ്ടിയിരുന്നതല്ല.
സ്വന്തം പേര് സ്വന്തം പാര്ട്ടിയിലും മുന്നണിയിലും പെട്ട ജനപ്രതിനിധികളെക്കൊണ്ട് ഏറ്റുവിളിപ്പിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന് ജനാധിപത്യത്തെ സംബന്ധിച്ച് അംഗീകരിക്കാനാവാത്ത കാഴ്ചയാണ്. രാജ്യത്തിന്റെ ചരിത്രത്തില് നടന്ന അവിശ്വാസ പ്രമേയങ്ങളുടെ മറുപടി പരിശോധിച്ചാല് ഏറ്റവും നിലവാരം കുറഞ്ഞ മറുപടി പ്രസംഗമാണ് നരേന്ദ്ര മോദി നടത്തിയതെന്നും നിസംശയം പറയാം. മുന്നിലിരിക്കുന്ന പാര്ട്ടി അണികളെ അവേശപ്പെടുത്തുന്ന മൈതാനപ്രസംഗം ഇന്ത്യന് പാര്ലമെന്റില് നടത്താനും അതിന് കൈയ്യടി കിട്ടാനും ആ കൈയ്യടി ആസ്വദിക്കാനും ഇന്ത്യന് പ്രധാനമന്ത്രി തയ്യാറായി എന്നത് കൃത്യമായ ഒരു സൂചനയാണ്. ആദ്യത്തെ രണ്ടുദിവസം അടിയന്തിര പ്രമേയ ചര്ച്ചകളില് നിന്ന് വിട്ടുനിന്ന് ജനാധിപത്യത്തെ പരിഹസിച്ചത് പോലൊരു പരിഹാസമായി മാത്രമേ ആ മറുപടി പ്രസംഗവും വിലയിരുത്തപ്പെടേണ്ടതുള്ളു.
ഇതിനിടയില് ലോക്സഭയില് തിരഞ്ഞെടുപ്പുകളുടെ സുതാര്യതയെ ബാധിക്കുന്ന നിയമനിര്മ്മാണത്തിന് കൂടി വിത്ത് പാകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന സമിതിയില് നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രസര്ക്കാരിന്റെ താല്പ്പര്യാര്ത്ഥം തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാന് സാധിക്കുന്ന ബില് സഭയില് അവതരിപ്പിച്ചു എന്നത് ഗൗരവകരമാണ്. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യത ഉറപ്പാക്കാന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തെ ദുര്ബലപ്പെടുത്താന് കൂടിയായിരുന്നു ഈ നിയമനിര്മ്മാണം എന്നതാണ് ഏറ്റവും ഗൗരവമായിട്ടുള്ളത്. ഇന്ത്യന് ജനാധിപത്യത്തിന്റെ വസന്തകാലം പൊഴിഞ്ഞു തീരുന്നുവെന്ന സന്ദേശമാണ് രണ്ടാം മോദി സര്ക്കാരിന്റെ അവസാന മണ്സൂണ് സെഷന് നല്കുന്ന ഏറ്റവും വ്യക്തമായ സൂചന. ഇത് രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്ക്കും ജനാധിപത്യാധിഷ്ഠിതമായ ഭരണഘടനയ്ക്കും നല്കുന്നത് ശുഭസൂചനയല്ല.