

പശുപതി, ഭരത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വസന്തബാലൻ ഒരുക്കിയ സിനിമയാണ് വെയിൽ. ചിത്രത്തിലെ ഉരുകുതെ മറുഗുതെ എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിനെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടൻ പശുപതി. ആ പാട്ടിൽ തന്നെ ആരും പ്രതീക്ഷിച്ചില്ല എന്നും ചിത്രം കണ്ടുകൊണ്ടിരിക്കെ ആ പാട്ട് വന്നപ്പോൾ കുറച്ച് ചെറുപ്പക്കാർ തിരിഞ്ഞ് തന്നെ ഒരു നോട്ടം നോക്കിയെന്നും പശുപതി പറഞ്ഞു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് പശുപതി ഇക്കാര്യം പറഞ്ഞത്.
'സിനിമയിൽ എനിക്ക് ആ പാട്ട് വരുമെന്ന് ഒരിക്കലും കരുതിയില്ല. ആ സിനിമ റിലീസായ വൈകിട്ട് ഉള്ള ഷോ ആണ് ഞാൻ പോയി കാണുന്നത്. പ്രേക്ഷകരുടെ ഇടയിൽ ഒരു നാല് സീറ്റ് ഞങ്ങൾക്ക് തന്നു. ആ പാട്ട് സ്‌ക്രീനിൽ വന്നതും എനിക്ക് മുന്നിലിരുന്ന കുറച്ച് ചെറുപ്പക്കാർ തിരിഞ്ഞ് എന്നെ ഒരു നോട്ടം നോക്കി. അവർക്ക് ആ പാട്ട് ഇഷ്ടമായി പക്ഷെ ആ പാട്ടിൽ ഞാൻ ആണ് വരുന്നതെന്ന് അവർ പ്രതീക്ഷിച്ചില്ല. ഭരത്തിനായിരിക്കും ആ പാട്ട് എന്നാണ് അവർ കരുതിയത്. റിലീസിന് മുൻപ് പാട്ട് വലിയ ഹിറ്റായെങ്കിലും വിഷ്വൽ പുറത്തുവന്നിട്ടില്ലായിരുന്നു. അവരുടെ അതേ ഫീൽ തന്നെ ആയിരുന്നു എനിക്കും. ആ പാട്ട് എനിക്ക് സെറ്റ് ആകുമോ എന്നുവരെ ഞാൻ ചിന്തിച്ചു', പശുപതിയുടെ വാക്കുകൾ.
ജി വി പ്രകാശ് കുമാർ ആയിരുന്നു സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. അദ്ദേഹത്തിന്റെ ആദ്യ സിനിമ കൂടിയാണിത്. ഭാവന, പ്രിയങ്ക നായർ, ശ്രിയ റെഡ്‌ഡി തുടങ്ങിയവരും വെയിലിൽ പ്രധാന റോളുകളിൽ എത്തിയിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആദ്യ തമിഴ് സിനിമ കൂടിയാണ് വെയിൽ. അതേസമയം, മാരി സെൽവരാജ് ഒരുക്കിയ ബൈസൺ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പശുപതി ചിത്രം. ചിത്രത്തിൽ ധ്രുവ് വിക്രമിന്റെ അച്ഛൻ വേഷത്തിലാണ് പശുപതി എത്തിയത്. മികച്ച പ്രതികരണമാണ് ബൈസണ് ലഭിക്കുന്നത്. ചിത്രത്തിലെ ധ്രുവിന്റെ പ്രകടനം ഏറെ ചർച്ചയാകുന്നുണ്ട്. ബോക്സ് ഓഫീസിലും കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഒരു കബഡി പ്ലേയർ ആയിട്ടാണ് ധ്രുവ് ഈ ചിത്രത്തിൽ എത്തുന്നത്.
Content Highlights: Pasupathi about Veyil movie