Top

മീഹെല്‍പ് ഇന്ത്യ വിര്‍ച്യുല്‍ കോണ്‍ഫെറന്‍സിന് ഒക്ടോബര്‍ 20ന് തുടക്കം

17 Oct 2021 4:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മീഹെല്‍പ് ഇന്ത്യ വിര്‍ച്യുല്‍ കോണ്‍ഫെറന്‍സിന് ഒക്ടോബര്‍ 20ന് തുടക്കം
X

ഇന്ത്യയിലെയും യു കെയിലെയും മാനസികാരോഗ്യ വിദഗ്ധരെയും കലാരംഗത്തുള്ളവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് 2018ല്‍ ആരംഭിച്ച മീഹെല്‍പ് പ്രൊജക്റ്റ് അവസാന ഘട്ടത്തിലേക്ക്. കേരളത്തിലെ നഗര-ഗ്രാമീണ പ്രദേശങ്ങളിലെ മാനസികാരോഗ്യ സാക്ഷരത വര്ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന പഠനത്തിന്റെ കണ്ടെത്തലുകള്‍ പങ്കുവയ്ക്കാനും മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുമായി സഘടിപ്പിക്കുന്ന വിര്‍ച്യുല്‍ കോണ്‍ഫെറന്‍സിനു ഒക്ടോബര്‍ 20ന് തുടക്കമാകും.

ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി രണ്ടു ഭാഗങ്ങളായാണ് സംഘടിപ്പിച്ചിരിക്കുന്നത്. 20മുതല്‍ 22 വരെ നീളുന്ന കേരള കോണ്‍ഫറന്‍സും 25നു തുടങ്ങി 27നു അവസാനിക്കുന്ന പാന്‍ ഇന്ത്യ കോണ്‍ഫെറെന്‍സും. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 7.50 വരെയാണ് പരിപാടിആസൂത്രണം ചെയ്തിരിക്കുന്നത്. രെജിസ്‌ട്രേഷന്‍ സൗജന്യമാണ്.

യു.കെയിലെ ലെയ്സെസ്റ്ററിലുള്ള ഡീ മൊന്‍ഡ്ഫോര്‍ട് യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സസ് വകുപ്പില്‍ മെന്റല്‍ ഹെല്‍ത്ത് വിഭാഗം അധ്യാപകനായ ഡോ. രഘു രാഘവനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. കേരളത്തിലെ എട്ട് പ്രദേശങ്ങള്‍ (ചോറ്റാനിക്കര,ഇടപ്പള്ളി,എലപ്പുള്ളി, അട്ടപ്പാടി,വൈലത്തൂര്‍,പൊന്നാനി,പയ്യോളി,കോഴിക്കോട്) തെരഞ്ഞെടുത്ത് അവയുടെ സംസ്‌കാരത്തിനു അനുസൃതമായ മാനസികാരോഗ്യ സാക്ഷരത വളര്‍ത്തിയെടുക്കുക എന്നതായിരുന്നു പ്രധാനോദ്ദേശ്യം.

കഴിഞ്ഞ മൂന്നു വര്‍ഷമായി കഥപറച്ചില്‍, നാടകങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍ തുടങ്ങിയവയിലൂടെ മാനസിക പ്രശ്‌നം നേരിടുന്നവരിലേക്കും അവരുടെ കുടുംബങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയും അവര്‍ നേരിടുന്ന വിവിധതരം വെല്ലുവിളികളെ മനസ്സിലാക്കാനുമാണ് പ്രോജക്ട് ശ്രമിച്ചത്. കലാപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളെ മാധ്യമമാക്കി മനസികാരോഗ്യവുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകകളും സംവാദങ്ങളും പഠനത്തിന്റെ ഭാഗമായി നടന്നിട്ടുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായ രീതിശാസ്ത്രം ഉപയോഗിച്ച് നടക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും ആദ്യ പഠനം എന്ന പ്രത്യേകതയും മീഹെല്പിനുണ്ട്.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ക്കിടയിലും പഠനം നിലച്ചില്ലെന്നു മാത്രമല്ല ഓണ്‍ലൈനായി നവീന മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളുമായി നിരന്തരം സംഭാഷണത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നു എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ മാനസികരരോഗ്യ സാക്ഷരതയെ ആഴത്തില്‍ അളന്ന, അത് വര്‍ധിപ്പിക്കുവാന്‍ ഫലപ്രദമായ മാതൃകകള്‍ മുന്നോട്ട് വയ്ക്കുന്ന മീഹെല്‍പ് ഇന്ത്യയുടെ പ്രധാന കണ്ടെത്തലുകള്‍ക്ക് പ്രചാരം നല്‍കുക എന്നതാണ് ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നത്.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ അന്തരാഷ്ട്ര സമ്മേളനം ഒക്ടോബര് 20നു കേരള സര്‍വകലാശാല ഹെല്‍ത്ത് സയന്‍സസ് വകുപ്പ് മേധാവി ഡോ . മോഹനന്‍ കുന്നുമ്മേല്‍ ഉത്ഘാടനം ചെയ്യും. ഡോ . ജയപ്രകാശന്‍, ഡോ . ഷാജി കെ എസ്, ഡോ. വര്‍ഗീസ് പൊന്നൂസ്, ഡോ .വിനു പ്രസാദ്, ഡോ. നാരായണന്‍ എന്നിവര്‍ ആദ്യദിന സമ്മേളനത്തില്‍ പങ്കെടുക്കും. ഇവര്‍ക്ക് പുറമെ അഭിനേത്രി അര്‍ച്ചന കവി, സംവിധായകന്‍ ഡോണ്‍ പാലത്തറ, ഡോ . ഇന്ദു പി. എസ് , ഡോ . കൃഷ്ണകുമാര്‍,ഡോ. സി. ജെ ജോണ്‍, ഡോ . അഖില്‍ മാനുവെല്‍ തുടങ്ങിയവരും കേരള കോണ്ഫറന്‌സിന്റെ ഭാഗമാകും. തത്സമയ രെജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ https://www.mdc2021.mehelp.in/ എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Next Story