Top

പരിശീലന പറക്കലിനിടെ പീഡനശ്രമം; പറയാത്ത കാര്യങ്ങളാണ് മൊഴിയിലുള്ളതെന്ന് പൈലറ്റ് ട്രെയിനി

പൈലറ്റ് ട്രെയിനിയാണ് ലൈംഗികപീഡന പരാതിയിൽ അക്കാദമിയുടെ ഇന്റേണൽ അന്വേഷണ കമ്മിറ്റി തെറ്റായമൊഴി എഴുതിച്ചേർത്ത് തന്നോട് പ്രതികാരം തുടരുകയാണെന്ന് പരാതി ഉന്നയിച്ചത്.

23 May 2022 12:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരിശീലന പറക്കലിനിടെ പീഡനശ്രമം; പറയാത്ത കാര്യങ്ങളാണ് മൊഴിയിലുള്ളതെന്ന് പൈലറ്റ് ട്രെയിനി
X

തിരുവനന്തപുരം: പരിശീലന പറക്കലിനിടെ അധ്യാപകൻ അതിക്രമം നടത്തിയെന്നാരോപിച്ച് പരാതി നൽകിയ സംഭവത്തിൽ തെറ്റായ മൊഴി എഴുതിച്ചേർത്തിരിക്കുകയാണെന്ന് പരാതിക്കാരിയായ പൈലറ്റ് ട്രെയിനി. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ പൈലറ്റ് ട്രെയിനിയാണ് ലൈംഗികപീഡന പരാതിയിൽ അക്കാദമിയുടെ ഇന്റേണൽ അന്വേഷണ കമ്മിറ്റി തെറ്റായമൊഴി എഴുതിച്ചേർത്ത് തന്നോട് പ്രതികാരം തുടരുകയാണെന്ന് പരാതി ഉന്നയിച്ചത്. ജനുവരിയിൽ വിമാനത്തിലെ പരിശീലനപ്പറക്കലിനിടെ ചീഫ് ഫ്ലയിങ് ഓഫീസർ രാജേന്ദ്രൻ പൈലറ്റ് ട്രെയിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. താൻ പറയാത്ത കാര്യങ്ങൾ തന്റെ മൊഴി എന്ന പേരിൽ ഉൾപ്പെടുത്തി പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും പെൺകുട്ടി പറഞ്ഞു.

പരിശീലകന്റെ നിരന്തരമായ അവഹേളനത്തിലും മോശം പെരുമാറ്റത്തിലും മനംനൊന്ത് കണ്ണൂർ സ്വദേശിനിയായ പൈലറ്റ് ട്രെയിനി ശനിയായാഴ്ച വൈകീട്ടോടെ നാടുവിട്ടിരുന്നു. നാടുവിടുന്നതിന് മുമ്പ് പെണ്‍കുട്ടി ഇത് സൂചിപ്പിച്ച് ബന്ധുക്കള്‍ക്കും മറ്റും ശബ്ദ സന്ദേശവും അയച്ചിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കള്‍ വലിയതുറ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ കന്യാകുമാരിയില്‍ നിന്നാണ് കണ്ടെത്തിയത്.

പരിശീലന പറക്കലിനിടെ പരിശീലകന്‍ അതിക്രമം നടത്തിയെന്നാരോപിച്ച് പെൺകുട്ടി മാസങ്ങൾക്ക് മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിന്മേൽ പൊലീസ് ഒരു നടപടിയുമെടുത്തില്ല. സംഭവത്തിൽ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയും അധ്യാപകനെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. പരാതി നൽകിയതിന് പിന്നാലെ പരിശീലകനും സഹപാഠികളും നിരന്തരമായി അവഹേളിച്ചിരുന്നതായും പെൺകുട്ടി പറഞ്ഞിരുന്നു.

Story Highlights: Pilot trainee reveals that what she said was unspoken is recorded in sexual assault ; Aviation Academy try to save the culprit

Next Story