Top

ബഹളങ്ങളൊതുങ്ങുന്നത് വരെ ലോക്നാഥ് ബെഹ്റ മുങ്ങിയോ?

യൂദാസിന്റെ വെള്ളിക്കാശ് മുതൽ ആരും വിശ്വസിക്കാത്ത കള്ളക്കഥകൾ എങ്ങനെ പൊലീസ് മേധാവി തിരിച്ചറിഞ്ഞില്ലെന്നും പൊതുജനാഭ്രിപായമുണ്ട്.

30 Sep 2021 9:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബഹളങ്ങളൊതുങ്ങുന്നത് വരെ ലോക്നാഥ് ബെഹ്റ മുങ്ങിയോ?
X

മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ പിടിയിലായത് മുതൽ ഏറ്റവും കൂടുതൽ വിമർശനങ്ങളേറ്റു വാങ്ങിയത് ലോക്നാഥ് ബെഹ്റയെന്ന് മുൻ ഡിജിപിയായിരുന്നു. സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയെ വരെ പറ്റിക്കാൻ മോൺസൻ എന്നൊരു തട്ടിപ്പുകാരന് എങ്ങനെ സാധിച്ചുവെന്നായിരുന്നു പ്രധാന ചോ​ദ്യം. യൂദാസിന്റെ വെള്ളിക്കാശ് മുതൽ ആരും വിശ്വസിക്കാത്ത കള്ളക്കഥകൾ എങ്ങനെ പൊലീസ് മേധാവി തിരിച്ചറിഞ്ഞില്ലെന്നും പൊതുജനാഭ്രിപായമുണ്ട്. ലോകനാഥ് ബെഹ്റയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്കിടെ അദ്ദേഹം അവധിയിൽ പ്രവേശിച്ചത് കാര്യങ്ങൾ കൂടുതൽ ചർച്ചകളിലേക്ക് എത്തുകയാണ്.

കൊച്ചി മെട്രോ എംഡിയായ ലോക്‌നാഥ് ബെഹ്‌റ അവധിയിൽ പ്രവേശിച്ചത് ഭാര്യയുടെ ചികിത്സാർത്ഥമാണെന്നാണ് ഔദ്യോ​ഗിക വിശദീകരണം. അവധി പ്രവേശനം ബെഹ്റയ്ക്കെതിരെ സംസ്ഥാന പൊലീസിലും രാഷ്ട്രീയ തലത്തിലും നീക്കമെന്ന് സൂചനകൾ ശക്തമാണ്. കേസന്വേഷണം പൂർത്തിയാവുന്നതു വരെയെങ്കിലും ബെഹ്റയെ മാറ്റി നിർത്തണമെന്ന ആവശ്യം ഇടതു രാഷ്ട്രീയത്തിലെ ചില തലങ്ങളിൽ നിന്നുയർന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുണ്ടായോ എന്നും തള്ളിക്കളയാനാവാത്ത കാര്യമാണ്.

മോൻസൺ മാവുങ്കൽ വിവാദത്തിൽ ആദ്യം മുതൽ പ്രതിക്കൂട്ടിലായിരുന്നു ബെഹ്റ. മോൻസന്റെ വീടുകൾക്ക് സുരക്ഷ ഒരുക്കാൻ പൊലീസിന് നിർദേശം നൽകിയത് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ആയിരുന്നു. ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹ്റയാണ് സുരക്ഷയൊരുക്കാൻ ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും കത്ത് നൽകിയത്. 2019 ൽ ജൂണിലാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. സുരക്ഷയൊരുക്കാൻ നിർദേശിച്ച് ഡിജിപി അയച്ച കത്തുകളുടെ പകർപ്പുകളും പുറത്ത് വന്നിരുന്നു. മോൻസൺ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വീടിനും ചേർത്തലയിലെ വീടിനുമായിരുന്നു പൊലീസ് സുരക്ഷ ഒരുക്കിയത്. ചേർത്തല പൊലീസിന്റെ ബീറ്റ് ബോക്സുൾപ്പെടെ മോൻസന്റെ വീട്ടിലായിരുന്നു സ്ഥാപിച്ചത്.

മോൻസൺ മാവുങ്കലിന് എതിരെ അന്വേഷണം വേണമെന്ന എഡിജിപി മനോജ് എബ്രഹാമിന്റെ നിർദേശം ലോക്നാഥ് ബെഹ്റ ഗൗരവമായി കണ്ടില്ലെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മോൻസണിന് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം എതിർത്ത ലക്ഷമണയ്ക്ക് എതിരെയുള്ള നടപടിയും ലോക്നാഥ് ബെഹ്റ ഒതുക്കി. 2019ൽ കൊച്ചിയിൽ നടന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് ബെഹ്റ മനോജ് എബ്രഹാമിനെയും കൂട്ടി മോൻസൺ മാവുങ്കലിന്റെ വീട്ടിലേക്ക് പോയത്. എന്നാൽ മോൻസണിന്റെ വീട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ മനോജ് എബ്രഹാം മോൻസൺന്റെ സാമ്പത്തിക വളർച്ചയിൽ അന്വേഷണം അനിവാര്യമാണെന്ന് ബെഹ്റയെ അറിയിച്ചുവെന്നും എന്നാൽ നടപടി ഉണ്ടായില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ശക്തമായ വിമർശനങ്ങളുയരുന്ന സാഹചര്യത്തിൽ ബെഹ്റയെ ഔദ്യോ​ഗിക പദവികളിൽ നിന്ന് മാറ്റി നിർത്താൻ സർക്കാർ തന്നെയാണോ മുന്നിട്ടിറങ്ങിയതെന്ന വിവരവും പുറത്തുവരാനുണ്ട്. സർക്കാർ നിർദേശമാണ് അവധി പിന്നില്ലെങ്കിൽ കുരുക്കുകൾ മുറുകും. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ ആരോപണത്തിൽ ഈ ഘട്ടത്തിൽ പഴുതടച്ച അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനമെന്നാണ് സൂചന. എന്തായാലും ബഹളങ്ങൾ ഒതുങ്ങുന്നത് വരെ ബെഹ്റ ഔദ്യോ​ഗിക സ്ഥാനത്തുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

Popular Stories

    Next Story