Top

കെ റെയില്‍: 'മണ്ണിന്റെ ഉറപ്പില്‍ വ്യക്തത വേണം'; ഇ ശ്രീധരന്റെ നിരീക്ഷണം ചൂണ്ടി കേന്ദ്ര റെയില്‍വേ മന്ത്രി

ആഴ്ച്ചകള്‍ക്ക് മുന്‍പ് കൊച്ചി മെട്രോ പാളത്തിലെ തൂണിന്റെ അടിത്തറ ചെറിയ തോതില്‍ ഇടിഞ്ഞുതാഴ്ന്നതായി കണ്ടെത്തിയത് വാര്‍ത്തയായിരുന്നു.

17 March 2022 2:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ റെയില്‍: മണ്ണിന്റെ ഉറപ്പില്‍ വ്യക്തത വേണം; ഇ ശ്രീധരന്റെ നിരീക്ഷണം ചൂണ്ടി കേന്ദ്ര റെയില്‍വേ മന്ത്രി
X

ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിയുടെ അന്തിമാനുമതിക്ക് മണ്ണിന്റെ ഉറപ്പ് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കെ റെയിലിനെ ചൊല്ലി കോണ്‍ഗ്രസ് എംപിമാരും ഇടത് എംപിമാരും തമ്മില്‍ ഇന്നലെ ലോക്‌സഭയില്‍ വാക്‌പോര് നടക്കവെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ചോദ്യോത്തര വേളയില്‍ ഹൈബി ഈഡനും ബെന്നി ബെഹനാനും ചോദ്യങ്ങളുന്നയിച്ചു. കെ റെയില്‍ പദ്ധതി സാമ്പത്തിക ബാധ്യതയും പരിസ്ഥിതി നാശവും സൃഷ്ടിക്കുമെന്ന് ഹൈബി ഈഡന്‍ ലോക്‌സഭയില്‍ പറഞ്ഞു. ഇതിന് മറുപടി പറയവെ, പാരിസ്ഥിതിക ഉത്കണ്ഠകള്‍ തികച്ചും ന്യായമാണെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

'പാരിസ്ഥിതിക ആശങ്കകള്‍ ഗൗരവതരമാണ്. കെ റെയില്‍ പദ്ധതി ഇപ്പോള്‍ രൂപകല്‍പന ചെയ്തിരിക്കുന്ന രീതിയില്‍ നടപ്പാക്കിയാല്‍ കേരളത്തില്‍ അതുണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതത്തിന്റെ ആഴം എന്താണെന്ന് ശരിക്കും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. സാങ്കേതിക-സാമ്പത്തിക പ്രായോഗികത സംബന്ധിച്ച വിശദമായ പഠനത്തെ ആശ്രയിച്ചാണ് പദ്ധതിക്ക് അന്തിമ അനുമതി നല്‍കുക. സാങ്കേതികവിദ്യ ശരിയാണോ എന്ന് പരിശോധിക്കണം. മണ്ണിന്റെ ഘടന പരിശോധിക്കണം. കാരണം കേരളത്തില്‍ നിലവിലുള്ള പാളങ്ങള്‍ ഓരോ വര്‍ഷവും താഴുന്നുണ്ടെന്നാണ് മെട്രോമാന്‍ ഇ ശ്രീധരന്‍ എന്നോട് പറഞ്ഞത്. നിലവിലുള്ള ട്രാക്ക് പോലും എല്ലാ വര്‍ഷവും വെള്ളത്തില്‍ മുങ്ങുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികമായി നിരവധി വിഷയങ്ങള്‍ ഉണ്ടെന്നാണ് അതിനര്‍ഥം. സാങ്കേതിക വിദ്യ, മണ്ണിന്റെ ഉറപ്പ് തുടങ്ങിയവയില്‍ വ്യക്തത വേണം,' റെയില്‍വേ മന്ത്രി പറഞ്ഞു.

മറുപടി പറയാന്‍ എഴുന്നേറ്റ സിപിഐഎം എംപി എഎം ആരിഫ് ഇ ശ്രീധരന്റെ വാക്കുകള്‍ അവഗണിക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ കെ റെയില്‍ ഡിപിആര്‍ വിശദമായി പരിശോധിക്കണം. ഡിപിആര്‍ ലഭിച്ച ശേഷം മാത്രമാണോ പദ്ധതികള്‍ക്ക് അനുമതി നല്‍കാറുള്ളതെന്നും ആരിഫ് ചോദിച്ചു.

നിയമസഭയില്‍ കെ റെയിലുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയ്ക്കിടെ കേരളത്തിലെ മണ്ണ് ലൂസ് ആണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. 'കേരളത്തിലെ 90 ശതമാനം മണ്ണും ലൂസാണ്. പ്രാദേശികമായി പഠനം നടത്തണം. എത്ര അടി താഴ്ച്ചയില്‍ അതിന്റെ അടിത്തറ വേണം, എത്ര അടി ഉയരത്തില്‍ നില്‍ക്കണം എന്നെല്ലാം. അല്ലെങ്കില്‍ ഇത് ട്രെയിന്‍ പോകുമ്പോള്‍ മറിഞ്ഞു വീഴും. അതിനെ പാറയും സിമന്റും മണ്ണും ഉപയോഗിച്ച് ഉറപ്പിച്ച് നിര്‍ത്തണം,' സതീശന്‍ നിയമസഭയില്‍ പറഞ്ഞു.


ഇടിഞ്ഞുതാണതായി കണ്ടെത്തിയ കൊച്ചി മെട്രോ പില്ലര്‍

ആഴ്ച്ചകള്‍ക്ക് മുന്‍പ് കൊച്ചി മെട്രോ പാളത്തിലെ തൂണിന്റെ അടിത്തറ ചെറിയ തോതില്‍ ഇടിഞ്ഞുതാഴ്ന്നതായി കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. പത്തടിപ്പാലം മെട്രോ സ്‌റ്റേഷന് സമീപം 347-ാം നമ്പര്‍ തൂണിന്റെ അടിത്തറയിലാണ് ഇടിയല്‍ കണ്ടെത്തിയത്. മെട്രോ പാളത്തിന്റെ അലൈന്‍മെന്റില്‍ വ്യത്യാസമുണ്ടായത് ഇത് കാരണമാണോയെന്നും തൂണിന്റെ അടിത്തറ ഭാഗത്തെ മണ്ണിന്റെ ഘടനയില്‍ മാറ്റമുണ്ടായോ എന്നും പരിശോധന നടത്തി. തൂണിന് ചെരിവുണ്ടായാല്‍ പോലും പരിഹരിക്കാന്‍ കഴിയുമെന്നാണ് എഞ്ചിനീയര്‍മാരുടെ പ്രതികരണം. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളിലെ തേയ്മാനം മൂലം ചെരിവുണ്ടാകും. അങ്ങനെയെങ്കില്‍ ബുഷ് മാറ്റിവെച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും എഞ്ചിനീയര്‍മാര്‍ പറയുകയുണ്ടായി. തൂണിന്റെ അടിത്തറ പരിശോധിക്കാന്‍ തൂണിനോട് ചേര്‍ന്ന് കുഴിയെടുത്തിരുന്നു. ട്രാക്കിലെ ചെരിവ് തൂണിന്റെ പ്രശ്‌നം മൂലമാണെങ്കില്‍ ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും ഈ ഭാഗത്ത് മെട്രോ സര്‍വ്വീസ് നിര്‍ത്തി വെക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതികരണം. പരിശോധന പൂര്‍ത്തിയാകും വരെ പത്തടിപ്പാലം ഭാഗത്ത് മെട്രോ ട്രെയിനുകള്‍ക്ക് വേഗം കുറയ്ക്കുകയുണ്ടായി.

Highlights: K rail at Loksabha railway minister quotes metro man e sreedharan shares environmental concerns

Next Story