നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങളുടെ 'പെർഫക്ട് റഫറൻസ്'; ഡാനിയൽ ബാലാജി സിനിമ മേഖലയുടെ നഷ്ടം

തീക്ഷ്ണമായ നോട്ടവും മുഖത്ത് ഒട്ടും ചിരി വരുത്തിക്കാത്ത ഭാവങ്ങളും ശബ്ദവുമെല്ലാം അദ്ദേഹത്തിലെ ഒരു പെർഫക്ട് വില്ലന്റെ സ്വഭവത്തെ കാണിച്ചു
നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങളുടെ 'പെർഫക്ട് റഫറൻസ്'; ഡാനിയൽ ബാലാജി സിനിമ മേഖലയുടെ നഷ്ടം

തമിഴ്, മലയാളം, തെലുങ്ക്, കന്നട ഇൻഡസ്ട്രിയിലെ വില്ലൻ കഥാപാത്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ ഡാനിയൽ ബാലാജി എന്ന അഭിനേതാവിന് സ്ഥാനം മുൻ നിരയിലാണ്. യൂണിറ്റ് പ്രൊഡ്യൂസറായി കമൽഹാസനൊപ്പം സിനിമയിലെത്തിയ ടി സി ബാലാജി ഡാനിയൽ ബാലാജിയാകുന്നത് ചിത്തി എന്ന ടിവി സീരിയലിലെ ഡാനിയൽ എന്ന കഥാപാത്രത്തിലൂടെയാണ്.

കാതല്‍ കൊണ്ടെന്‍ എന്ന ധനുഷ് നായകനായ ചിത്രത്തിലെ ചെറുവേഷത്തിലൂടെയാണ് ഡാനിയല്‍ ബാലാജി സിനിമ രംഗത്തേക്ക് എത്തിയത്. തുടർന്ന് ഗൗതം വാസുദേവ് മേനോന്‍റെ 'കാക്ക കാക്ക'യില്‍ സൂര്യയുടെ സുഹൃത്തായ പൊലീസ് ഓഫീസറുടെ വേഷം ഡാനിയൽ ബാലാജിയുടെ പെർഫോമൻസിനെ ശ്രദ്ധേയമാക്കി.

50നടുത്ത് സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ കഥപാത്രങ്ങളേറെയും വില്ലനായി തന്നെയായിരുന്നു. തീക്ഷ്ണമായ നോട്ടവും മുഖത്ത് ഒട്ടും ചിരി വരുത്തിക്കാത്ത ഭാവങ്ങളും ശബ്ദവുമെല്ലാം ഒരു പെർഫക്ട് വില്ലന്റെ സ്വഭവത്തെ കാണിച്ചു. ഏത് മാസ് താരങ്ങളും ഈ വില്ലനോട് ജയിക്കാൻ ശാരീരികമായി മാത്രമല്ല മാനസികമായും യുദ്ധം ചെയ്യണം എന്ന് തോന്നിപ്പോകും വിധമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനമോരോന്നും.

ഡാനിയൽ ബാലാജിയുടൊപ്പം തെന്നിന്ത്യൻ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന കഥാപാത്രം കമൽ ഹാസൻ നായകനായ 'വേട്ടയാട് വിളയാട്' എന്ന സിനിമയിലെ അതിക്രൂരനായ സൈക്കോപാത്ത് വില്ലൻ അമുതനെയാണ്. വില്ലൻ കഥാപാത്രങ്ങളുടെ ക്ലാസ്സിക്കൽ റഫറൻസ്.

വേട്ടയാട് വിളയാടിലെ കഥാപാത്ര ആവിഷ്കാരം നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളുടെ എക്കാലത്തെയും റഫറൻസ് ആയി ഉപയോഗിക്കത്ത തരത്തിൽ അവിസ്മരണീയമാക്കിയ നടനാണ് ബാലാജി എന്നാണ് നാടക സംവിധായകനും അഭിനയ പരിശീലകനുമായ ജ്യോതിഷ് എം ജി തന്റെ സോഷ്യൽ മീഡിയ അക്കൌണ്ടില്‍ ഡാനിയൽ ബാലാജിയെ കുറിച്ച് പറഞ്ഞത്. ഡാനിയലിന്റെ നാടക പരിചയവും കഥാപാത്രത്തെ സമീപിക്കുന്ന രീതിയും അഭിനയത്തെ കലയായി സമീപിക്കുന്നവർക്ക് എക്കാലത്തെയും റഫറൻസ് ആണ് എന്നും അദ്ദേഹം കുറിക്കുന്നു.

പൊല്ലാതവനിലെ രവി, വട ചെന്നൈയിലെ തമ്പി, ബിഗിലിലെ ഡാനിയൽ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ സാന്നിധ്യമാകാൻ ഡാനിയലിന് കഴിഞ്ഞത് മറ്റ് താരങ്ങൾക്കില്ലാത്ത വൈവിധ്യത അദ്ദേഹത്തിലുള്ളതു കൊണ്ടാണ്. മലയാളത്തില്‍ ബ്ലാക്ക്, ഡാഡി കൂള്‍, ഭഗവാൻ, ഫോട്ടോഗ്രാഫർ, പൈസ പൈസ എന്നിങ്ങനെ പത്തിനടുത്ത് സിനിമകളിൽ വില്ലനായി. ഡാനിയല്‍ ബാലാജിയുടെ അപ്രതീക്ഷിത മരണം തമിഴ് സിനിമ മേഖലയെ മാത്രമല്ല ദക്ഷിണേന്ത്യൻ സിനിമയ്ക്ക് തന്നെ നഷ്ടമാണ്. വില്ലനിസം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഡാനിയൽ ബാലാജി, അദ്ദേഹത്തിന്റെ സംഭാവനകളിലൂടെ അനശ്വരനാകും.

നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങളുടെ 'പെർഫക്ട് റഫറൻസ്'; ഡാനിയൽ ബാലാജി സിനിമ മേഖലയുടെ നഷ്ടം
'മഞ്ഞുമ്മൽ ബോയ്സ് അല്ല ആടുജീവിതം, മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം പൃഥ്വിരാജ്'; യോഗി ബാബു

Related Stories

No stories found.
logo
Reporter Live
www.reporterlive.com