

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്‍റര്‍ടെയ്നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പതിപ്പിന്റെ പോരും പോസ്റ്ററുമാണ് ശ്രദ്ധ നേടുന്നത്.
'ജന നേതാ' എന്നാണ് ജനനായകന്റെ ഹിന്ദി പതിപ്പിന്റെ പേര്. വിജയ്‌യും ബോബി ഡിയോളും ഒരുമിച്ച് നിൽക്കുന്ന ഒരു പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. സീ സ്റ്റുഡിയോസ് ആണ് സിനിമയുടെ നോർത്ത് ഇന്ത്യൻ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി ഒൻപതിന് തമിഴ് പതിപ്പിനൊപ്പം സിനിമയുടെ ഹിന്ദി വേർഷനും പുറത്തുവരും. വിജയ്‌യുടെ മുൻ സിനിമയായ ദി ഗോട്ടിന്റെ പോസ്റ്ററിനോട് സാമ്യത തോന്നുന്നതാണ് ഈ പോസ്റ്റർ എന്നാണ് കമന്റുകൾ. അതേസമയം, സിനിമയുടെ ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളിൽ ഇതാണ് ഏറ്റവും മികച്ചത് എന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.
2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. ജനനായകനിൽ 275 കോടിയാണ് വിജയ്‌യുടെ പ്രതിഫലം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിജയ്‌യുടെ മുൻ ചിത്രമായ ദി ഗോട്ടിൽ 200 കോടി ആയിരുന്നു നടന്റെ പ്രതിഫലം. എന്നാൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. അതേസമയം, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ നടക്കുകയാണ്.

and, the tradition continues. https://t.co/wuO0RgFRGF pic.twitter.com/pLLBj5zupz
— Jay (@TheJ4yMan) December 23, 2025
സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. വമ്പന്‍ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം ആഗോള മാര്‍ക്കറ്റില്‍ നിന്ന് നേടിയിരിക്കുന്നത്. അതിനാല്‍ത്തന്നെ അതാത് മാര്‍ക്കറ്റുകളില്‍ വലിയ കളക്ഷന്‍ നേടിയാല്‍ മാത്രമേ ചിത്രത്തിന് ഹിറ്റായി മാറാൻ കഴിയൂ.
Content Highlights: Vijay film Jananayagan hindi poster and name goes viral