
ക്വീർ ആളുകളെയും ഹോമോസെക്ഷ്വാലിറ്റിയെയും പരിഹസിക്കാനും തമാശയാക്കാനുമുള്ള വിഷയമായി കണ്ടിരുന്ന മലയാള സിനിമ അതേ വിഷയം കൊണ്ട് ഹൃദയവും മനസും കീഴടക്കുകയാണ് 'കാതലി'ലൂടെ. ഏറ്റവും മികച്ച അഭിപ്രായങ്ങളുമായി കാതൽ തിയേറ്ററിൽ പ്രദർശനം തുടരുമ്പോൾ ഒരു കാലത്ത് ക്വീർ മനുഷ്യരും ഹോമോസെക്ഷ്വാലിറ്റിയും പറഞ്ഞ പല സിനിമകളും വീണ്ടും ഇഴകീറി പരിശോധിക്കുകയും ചർച്ചയാവുകയും കൂടി ചെയ്യുന്നു. സിനിമാസ്വാദകരെ 'കാതൽ' അത്രത്തോളം സ്വാധീനിച്ചു എന്നതിനുദാഹരണം കൂടിയാണ് അത്.
മാസ് മസാല എന്റർടെയ്നറുകളുടെ ഓളമില്ലാതെ തിയേറ്ററുകളിൽ ആളെ കയറ്റാൻ ജിയോ ബേബി-മമ്മൂട്ടി ചിത്രം കാതലിന് സാധിക്കുന്നു. ചിത്രം വൻ ഹിറ്റിലേക്ക് നീങ്ങുമെന്നതിന്റെ സൂചനകളാണ് ഇപ്പോൾ വരുന്ന ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് പ്രകടമാകുന്നത്.
കാതലിന് ഓരോ ദിവസവും കോടി രൂപയിലേറെ കളക്ഷൻ ലഭിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 3.5 കോടി രൂപയിലധികമാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിൽ പറയുന്നു. ഇന്നലെ 1.40 കോടി ലഭിച്ചതായും വിവരമുണ്ട്. തമിഴ് ബോക്സ് ഓഫീസില്‍ 19.63 ലക്ഷം കാതൽ സ്വന്തമാക്കിയതായും കര്‍ണാടക ബോക്സ് ഓഫീസില്‍ മൂന്ന് ദിവസത്തില്‍ 35.44 ലക്ഷം നേടിയതായും ഡബ്ല്യുഎഫിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ചിത്രത്തിന്റെ സംവിധാനം പോലെ പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിനന്ദിക്കുന്നത് തിരക്കഥയെയാണ്. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. ഛായാഗ്രാഹണം സാലു കെ തോമസാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസാണ്.