'ആദ്യം ഇന്ത്യ, പിന്നീട് കല'; തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് മാറ്റിവയ്ക്കുന്നതായി കമൽഹാസൻ

'ആഘോഷിക്കാനുള്ള സമയമല്ല, ഐക്യദാർഢ്യത്തിനുള്ള സമയമാണിതെന്ന് വിശ്വസിക്കുന്നു'

dot image

കമൽഹാസനും മണിരത്‌നവും ഒന്നിക്കുന്ന പുതിയ ചിത്രത്തെ തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് മാറ്റിവെച്ചു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഓഡിയോ ലോഞ്ച് മാറ്റിവെച്ചത്. കമൽഹാസൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ആദ്യം ഇന്ത്യ, കലയ്ക്ക് കാത്തിരിക്കാം' എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവച്ചത്.

'നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത്, മെയ് 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് പുനഃക്രമീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. നമ്മുടെ മാതൃരാജ്യത്തെ പ്രതിരോധത്തിക്കാനായി നമ്മുടെ സൈനികർ അചഞ്ചലമായ ധൈര്യത്തോടെ മുൻനിരയിൽ ഉറച്ചുനിൽക്കുമ്പോൾ, ആഘോഷിക്കാനുള്ള സമയമല്ല, ഐക്യദാർഢ്യത്തിനുള്ള സമയമാണിതെന്ന് വിശ്വസിക്കുന്നു. പുതിയ തീയതി പിന്നീട്, കൂടുതൽ ഉചിതമായ സമയത്ത് പ്രഖ്യാപിക്കും,' എന്ന് കമൽഹാസൻ അറിയിച്ചു.

'ഈ സമയത്ത്, നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജാഗ്രതയോടെ നിലകൊള്ളുന്ന നമ്മുടെ സൈന്യത്തിനൊപ്പമാണ്നമ്മുടെ ചിന്തകൾ. പൗരന്മാർ എന്ന നിലയിൽ, സംയമനത്തോടെയും ഐക്യദാർഢ്യത്തോടെയും പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്. ആഘോഷങ്ങള്‍ വീക്ഷണങ്ങള്‍ക്ക് വഴിയൊരുക്കണം,' എന്നും കമൽഹാസൻ കുറിച്ചു.

അതേസമയം ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ രാജ്യത്ത് അതീവ ജാ​ഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് നടപടി. പാക് അതിർത്തിയോട് ചേർന്നവയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിൽ സേനാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും അടച്ചു. ചിലത് മെയ് പത്ത് വരെയും മറ്റുള്ളവ അനിശ്ചിത കാലത്തേയ്ക്കുമാണ് അടച്ചത്. ചണ്ഡിഗഡ്, ശ്രീനഗർ, അമൃത്‌സർ, ലുധിയാന, ഭന്തർ, കിഷൻഗഡ്, പട്ട്യാല, ഷിംല. കൻഗ്ര-ഗഗ്ഗാൽ, ഭട്ടീന്ദ, ജയ്‌സാൽമർ, ജോദ്പുർ, ബിക്കാനെർ, ഹൽവാര, പത്താൻകോട്ട്, ജമ്മു, ലേഹ്, മുന്ദ്ര, ജാംനഗർ, ഹിരാസർ (രാജ്‌കോട്ട്), പോർബന്ദർ, കേശോദ്, കാണ്ഡല, ഭൂജ് തുടങ്ങി 24 വിമാനത്താവളങ്ങളാണ് അടച്ചത്. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട അഞ്ച് സർവീസുകളും എത്തിച്ചേരേണ്ട അഞ്ച് സർവീസുകളും റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്.

മുംബൈയ്ക്കുള്ള രണ്ട് സർവീസുകളും ഗാസിയാബാദിനടുത്തുള്ള ഹിൻഡൻ, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കി. ബെംഗളൂരുവിൽ നിന്ന് ഉത്തരേന്ത്യൻ അതിർത്തി മേഖലകളിലേയ്ക്കുള്ള സർവീസുകൾ ഇന്നലെയും മുടങ്ങി. അമൃത്‌സർ, ചണ്ഡിഗഡ്, ശ്രീനഗർ തുടങ്ങിയ വിമാനത്താവളങ്ങളിലേയ്ക്കുൾപ്പെടെ 29 സർവീസുകൾ ബുധനാഴ്ച റദ്ദാക്കിയിരുന്നു.

Content Highlights: Thug Life movie audio launch postponed

dot image
To advertise here,contact us
dot image