
ഏറെ നാളുകളായി ഹോളിവുഡിനെ പിടിച്ചുലച്ച സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ്- അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ്സ് സമരത്തിന് അവസാനമായിരിക്കുകയാണ്. 118 ദിവസങ്ങൾക്ക് ശേഷമാണ് ഹോളിവുഡ് സമരം അവസാനിച്ചത്. പ്രമുഖ നിർമാണ സ്റ്റുഡിയോകളുമായി സാഗ്-ആഫ്ട്ര മൂന്ന് വർഷത്തേക്ക് പുതിയ കരാറിൽ ഒപ്പുവെച്ചു.
കഴിഞ്ഞ ദിവസം സാഗ്-ആഫ്ട്ര ടി വി തിയേട്രിക്കൽ കമ്മിറ്റി ഐകകണ്ഠ്യേനയാണ് പുതിയ കരാറിന് അനുമതി നൽകിയത്. വാൾട്ട് ഡിസ്നി, നെറ്റ്ഫ്ലിക്സ് മുതലായ കമ്പനികളെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സുമായാണ് കരാർ.
100 കോടി ബില്യൺ ഡോളർ മൂല്യമുള്ള ഉടമ്പടയിൽ ശമ്പള വർദ്ധന, സ്ട്രീമിംഗ് പങ്കാളിത്ത ബോണസ്, എഐ സംബന്ധിച്ച നിയന്ത്രണങ്ങൾ, ആരോഗ്യ, പെൻഷൻ ഫണ്ടുകളുടെ ഉയർന്ന പരിധി എന്നിവ സംബന്ധിച്ച വ്യവസ്ഥകളുണ്ട്. ഈ ഉടമ്പടിയിൽ തങ്ങൾ സന്തുഷ്ടരാണെന്നും ഈ വ്യവസായം പുനരാരംഭിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നും യൂണിയൻ അറിയിച്ചു.