'ജവാൻ ചെയ്തത് പ്രതിഫലം വാങ്ങാതെ'; ഷാരൂഖ് ഖാനുമായുള്ള ആത്മബന്ധത്തെ കുറിച്ച് ദീപിക പദുക്കോൺ

'ഷാരൂഖുമായുള്ള ബന്ധം 'ഭാഗ്യം' എന്ന ഘടകത്തിനും അതീതമാണ്'
'ജവാൻ ചെയ്തത് പ്രതിഫലം വാങ്ങാതെ'; ഷാരൂഖ് ഖാനുമായുള്ള ആത്മബന്ധത്തെ കുറിച്ച് ദീപിക പദുക്കോൺ

2007-ൽ പുറത്തിറങ്ങിയ 'ഓം ശാന്തി ഓം' എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്റെ നായികയായി ദീപിക പദുക്കോൺ സിനിമ രം​ഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കിം​ഗ് ഖാനൊപ്പമുള്ള തുടക്കത്തിലൂടെ ദീപിക ശ്രദ്ധേയയായി. ഒപ്പം ഇരുവരുടെയും കെമിസ്ട്രി ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് 'ചെന്നൈ എക്സ്പ്രസ്', 'ഹാപ്പി ന്യൂഇയർ' തുടങ്ങി ഇരുവരും പിന്നെയും ഹിറ്റുകളുടെ ഭാ​ഗമായി. ഈ വർഷം ആദ്യം ഇറങ്ങിയ ബോളിവുഡിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ 'പഠാനി'ലും ദീപികയും ഷാരൂഖും പ്രധാന താരങ്ങളായിരുന്നു. ഏറ്റവും പുതുതായി തിയേറ്ററുകളിൽ 'ജവാൻ' പ്രദർശനം തുടരവെ കാമിയോ വേഷത്തിലും ഷാരൂഖിന് ഒപ്പം ദീപിക തിളങ്ങുകയാണ്.

ബോക്സ് ഓഫീസിലെ ഈ വിജയങ്ങൾക്ക് ശേഷം, ആരാധകർ ദീപിക പദുക്കോണിന് ഷാരൂഖിന്റെ 'ഭാഗ്യ നായിക' എന്ന വിശേഷണമാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ജവാനിലെ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ദ വീക്കിന് നൽകിയ അഭിമുഖത്തിൽ, സിനിമയിൽ സ്പെഷ്യൽ അപ്പിയറൻസ് ചെയ്യാൻ പ്രതിഫലം എത്ര വാങ്ങി എന്നതിനായിരുന്നു നടിയുടെ മറുപടി.

'ഇല്ല, ഞാൻ '83' എന്ന സിനിമയുടെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയാണ്. കാരണം ഭർത്താക്കന്മാരുടെ വിജയത്തിന് പിന്നിൽ നിൽക്കുന്ന സ്ത്രീകൾക്ക് ആദരസൂചകമായാണ് ഞാൻ അത് ചെയ്തത്. എന്റെ അമ്മയിൽ ഞാൻ അത് കണ്ടിട്ടുണ്ട്. അത്തരത്തിൽ ഭർത്താക്കന്മാരുടെ കരിയറിനു വേണ്ടി ത്യാഗം സഹിക്കുന്ന ഭാര്യമാർക്കുള്ള എന്റെ ആദരവായിരുന്നു ജവാനും. അതല്ലാതെയും ഷാരൂഖ് ഖാന്റെ ഏത് സ്പെഷ്യൽ അപ്പിയറൻസിലും ഞാനവിടെ ഉണ്ടാകും,' ദീപിക പറഞ്ഞു.

ഷാരൂഖുമായുള്ള തന്റെ ബന്ധം 'ഭാഗ്യം' എന്ന ഘടകത്തിനും അതീതമാണെന്നും തങ്ങൾക്കിടയിലുള്ള വിശ്വാസവും ബഹുമാനവുമാണ് തങ്ങളെ പരസ്പരം ദുർബലരാക്കുന്നതെന്നും ദീപിക കൂട്ടിച്ചേർത്തു. പഠാൻ ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയതിലും ദീപിക തന്റെ സന്തോഷം പ്രകടിപ്പിച്ചു, പ്രേക്ഷകർ വീണ്ടും തിയേറ്ററുകളിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്നാണ് താരം പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com