
ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടും മകൾ പൂജ ഭട്ടും തൊണ്ണൂറുകളിലെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നത് ഒരു ചിത്രത്തിന്റെ പേരിലാണ്. മഹേഷും പൂജയും ചുംബിക്കുന്ന ചിത്രം ഒരു മാസികയിൽ കവറായി പ്രസിദ്ധീകരിച്ചതോടെ പാപ്പരാസികൾക്കിടയിൽ ഇരുവരുടെയും ബന്ധം ചോദ്യം ചെയ്യപ്പെട്ടു. മകൾ അല്ലായിരുന്നെങ്കിൽ പൂജയെ വിവാഹം ചെയ്യുമായിരുന്നുവെന്ന് മഹേഷ് ഭട്ട് പറഞ്ഞതും വിവാദങ്ങൾക്ക് ഇന്ധനം നൽകി. വർഷങ്ങൾക്കിപ്പുറം ഇതേക്കുറിച്ച് സംസാരിക്കുകയാണ് പൂജ ഭട്ട്.
ഷാരൂഖ് ഖാൻ തന്നോട് പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ജീവിതത്തിലെ ചില നിമിഷങ്ങൾ വിവിധ വ്യാഖ്യാനങ്ങൾക്ക് വിധേയമാകുമെന്നാണ് പൂജ ഭട്ട് പറഞ്ഞത്. 'കുട്ടികളായിരിക്കുമ്പോൾ അവരെ ചുംബിക്കുക സാധാരണമാണ്. എന്റെ പ്രായമോ രൂപമോ കണക്കാക്കാതെ അച്ഛന് ഞാനെന്നും ഒരു കൊച്ചുകുട്ടിയാണ്. അച്ഛൻ-മകൾ ബന്ധത്തെ ആളുകൾ അവർക്ക് വേണ്ടതു പോലെ വ്യാഖ്യാനിച്ചു'; പൂജ പറഞ്ഞു.
മഹേഷ് ഭട്ടിന്റെയും വിദേശി വനിത ലോറൈന് ബ്രൈറ്റിന്റെയും മകളാണ് പൂജ ഭട്ട്. രാഹുല് ഭട്ട് പൂജയുടെ സഹോദരനാണ്. ലോറൈന് ബ്രൈറ്റും മഹേഷ് ഭട്ടും പിന്നീട് വിവാഹമോചിതരായി. ബ്രിട്ടീഷ് നടിയായ സോണി രസ്താനെ 1986ല് മഹേഷ് ഭട്ട് വിവാഹം ചെയ്തു. ഇവരുടെ മക്കളാണ് നടി ആലിയ ഭട്ടും, ഷഹീന് ഭട്ടും.
കുടുംബത്തെക്കുറിച്ച് സംസാരിച്ച പൂജ, തങ്ങളെല്ലാം ഒരു രക്തമാണെന്നാണ് അഭിപ്രായപ്പെട്ടത്. സിനിമാ കുടുംബമായതിനാൽ എല്ലാം വാർത്തയാകുമെന്നും മാതാപിതാക്കളുടെ വിവാഹമോചനം വ്യക്തിപരമായി തന്നെ ബാധിച്ചില്ലെന്നും പൂജ പറഞ്ഞു.