65-ന്റെ തിളക്കത്തിൽ ബാർബിയുടെ സ്വന്തം കെൻ; ഒടുവിൽ കെന്നിന്റെ ആ രഹസ്യപ്പേരും പുറത്ത്!

65 വർഷങ്ങൾ പൂർത്തിയാക്കിയ കെന്നിന്റെ മുഴുവൻ പേര് വെളിപ്പെടുത്തി നിർമാണ കമ്പനിയായ മാറ്റ്ൽ

65-ന്റെ തിളക്കത്തിൽ ബാർബിയുടെ സ്വന്തം കെൻ; ഒടുവിൽ കെന്നിന്റെ ആ രഹസ്യപ്പേരും പുറത്ത്!
dot image

പാവകളെ കുറിച്ച് പറയുമ്പോൾ ഒരുവിധം എല്ലാവരുടെയും മനസിലേക്ക് ആദ്യം വരുന്നത് നീളൻ ഫ്രോക്ക് ധരിച്ച് സ്വർണ തലമുടിയും നീല കണ്ണുകളുമുള്ള ബാർബി ഡോളിനെയാണ്. പാവകൾക്ക് ജീവനുണ്ടോ എന്ന് പോലും ഒരു നിമിഷം മനുഷ്യൻ സംശയിപ്പിച്ച ഒന്നായിരുന്നു ബാർബി ഡോൾ. ഇതൊക്കെ ഇപ്പോൾ പറയാൻ എന്താണ് കാര്യം എന്നല്ലേ? കാര്യമുണ്ട്. പക്ഷേ ഇന്നത്തെ താരം ബാർബി ഡോൾ അല്ല, പിന്നെയോ ബാർബിയുടെ ബോയ് ഫ്രണ്ടാണ്. നമ്മുടെ സ്വന്തം കെൻ.

കെന്നിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ദിവസം ഏറെ പ്രധാനപ്പെട്ടതായിരുന്നു. കെൻ 65 വയസ് പൂർത്തിയാക്കിയിരിക്കുന്നു. ഈ ദിനം അവിസ്മരണീയമാക്കാൻ ബാർബിയുടെയും കെന്നിൻെറയും നിർമാതാക്കളായ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാറ്റ്ൽ കമ്പനി കെന്നിന്റെ മുഴുവൻ പേര് പുറത്ത് വിട്ടിരിക്കുകയാണ്.

Barbie's Ken

ആരാധകർ ഇത്രയും കാലം ആകാംക്ഷയോടെ അന്വേഷിക്കുന്ന ഒന്നായിരുന്നു കെന്നിന്റെ മുഴുവൻ പേര്. മാറ്റ്ൽ കമ്പനിയുടെ സഹസ്ഥാപകനായ റൂത്ത് - എലിയറ്റ് ഹാൻഡ്‌ലർ ദമ്പതികളുടെ മകൻ കെന്നറ്റ് ഹാൻഡ്‌ലറുടെ പേരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് 'കെന്നറ്റ് ഷോൺ കോർസൺ' എന്നാണ് കെന്നിന്റെ മുഴുവൻ പേര് എന്ന് കമ്പനി വെളിപ്പെടുത്തി. അപ്പോൾ ബാർബിയുടെ പേരോ? സംശയിക്കേണ്ട, റൂത്തിന്റെ മകൾ ബാർബറയുടെ പേരിൽ നിന്നാണ് ബാർബി എന്ന പേര് വന്നത്.

1961 മാർച്ചിലാണ്‌ കെൻ ബാർബിക്കൊപ്പം ആദ്യമായി വീടുകളിലെ ഷെൽഫിൽ ഇടം പിടിക്കുന്നത്. മാറ്റ്ൽ കമ്പനി ബാർബിയെ അവതരിപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് കെന്നിനെ അവതരിപ്പിക്കുന്നത്. ബാർബിയുടെ ബോയ്ഫ്രണ്ട് എന്ന് പരിചപ്പെടുത്തിയായിരുന്നു അവതരണം. അന്ന് കമ്പനി അവതരിപ്പിച്ച പരസ്യം ഇങ്ങനെ ആയിരുന്നു:

"എല്ലാം തുടങ്ങിയത് ആ നൃത്തവേദിയിൽ നിന്നാണ്. മാറ്റ്ൽ കമ്പനിയുടെ പ്രശസ്തയായ കൗമാര ഫാഷൻ മോഡൽ പാവ ബാർബിക്ക് അന്ന് ഏറെ പ്രത്യേകതയുള്ള ഒരു രാത്രിയായിരുന്നു. പെട്ടെന്നാണ് അത് സംഭവിച്ചത്. അവൾ കെന്നിനെ കണ്ടുമുട്ടി. ഇനി മുന്നോട്ടുള്ള യാത്രയിൽ അവളും കെന്നും ഒന്നിച്ചായിരിക്കും എന്നൊരു തോന്നൽ അവൾക്കുണ്ടായി. അങ്ങനെയിതാ, മാറ്റ്ൽ നിങ്ങൾക്കായി കെന്നിനെ അവതരിപ്പിക്കുന്നു—ബാർബിയുടെ ബോയ് ഫ്രണ്ട്! മികച്ച ഗുണമേന്മയുള്ളതും കൃത്യമായ അളവിൽ തുന്നിയെടുത്തതുമായ വസ്ത്രശേഖരവുമായാണ് കെൻ വരുന്നത്.

ഇനി കെന്നിനും ബാർബിക്കും സ്കൂളിൽ ഉച്ചഭക്ഷണത്തിന് ഒത്തുചേരാം, പാർട്ടിക്ക് പോകാം, അല്ലെങ്കിൽ വെറുതെ ഒന്നിച്ച് സമയം ചിലവഴിക്കാം. ബാർബിയെയും കെന്നിനെയും ഡേറ്റിംഗിന് കൊണ്ടുപോകുന്നതും, അവർക്ക് അനുയോജ്യമായ വസ്ത്രങ്ങൾ അണിയിക്കുന്നതും എത്ര രസകരമായിരിക്കും എന്ന് ചിന്തിച്ചുനോക്കൂ. ബാർബിയെയും കെന്നിനെയും സ്വന്തമാക്കൂ, അവരുടെ ഈ പ്രണയം എവിടെ എത്തുമെന്ന് കാണൂ!" ഈ പരസ്യത്തിനൊപ്പം ഒരു നീന്തൽ ട്രൗസറും ടൗവ്വലും ധരിച്ച കെന്നിനെയാണ് കമ്പനി അവതരിപ്പിച്ചത്.

Ken posing in swim trunks and with a towel

വളരെ ആഘോഷപൂർവമാണ് മാറ്റ്ൽ കമ്പനി കെന്നിനെ അവതരിപ്പിച്ചത്. യഥാർത്ഥ പ്രണയജോഡികൾ എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു അവതരണം. പിന്നീട് ബാർബിയെ പോലെ പല വേഷത്തിലും, ഡോക്ടർ, പൈലറ്റ് തുടങ്ങി പല ഐഡൻ്റിറ്റിയിലും കെൻ അവതരിപ്പിക്കപ്പെട്ടു. കെന്നിന് ആരാധകർ കൂടാൻ ഇതെല്ലാം കാരണമായി. കൂടാതെ ഈ പ്രണയജോഡികളെ അവതരിപ്പിച്ചതിലൂടെ പാവ നിർമാണ മേഖലയിൽ തന്നെ വലിയൊരു മാറ്റത്തിനും ഇത് കാരണമായി. പലതരം പാവകൾ വിപണിയിൽ അവതരിപ്പിക്കപ്പെട്ടു.

ഒരു കഥ പോലെയാണ് മാറ്റ്ൽ കമ്പനി ബാർബി-കെൻ ജോഡികളെ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇവരുടെ ഇടയിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാൻ ആരാധകർക്ക് എന്നും ആകാംക്ഷ ഉണ്ടായിരുന്നു. ഇവരെക്കുറിച്ച് പല തരത്തിൽ കഥകൾ അവതരിപ്പിക്കപ്പെട്ടു. അതിനനുസരിച്ച്‌ കെന്നിനും ബാർബിക്കും പുതിയ പരിവേഷങ്ങളും കമ്പനി നൽകി. അതെല്ലാം ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

പക്ഷേ ലോകം കണ്ട ഏറ്റവും പ്രശസ്തരായ ബാർബി കെൻ പാവ ജോഡികളുടെ ബന്ധം എല്ലായിപ്പോഴും അത്ര ഊഷ്മളമായിരുന്നില്ല. 2004ൽ ബാർബിയും കെന്നും വേർപിരിയാൻ തീരുമാനിച്ചതായി മാറ്റ്ൽ കമ്പനി അറിയിച്ചു. എന്താണ് ഈ പാവജോഡികളുടെ ഇടയിൽ സംഭവിച്ചത് എന്നറിയാൻ ആരാധകർക്ക് ആവേശമായി. ഒരു ഓസ്‌ട്രേലിയൻ സർഫർ പാവ, ബ്ലെയ്നുമായി ബാർബി അടുപ്പത്തിലാണ് എന്ന കിംവദന്തി അക്കാലത്ത് പരന്നിരുന്നു. എന്നാല്‍ ബാർബിയുടെയും കെന്നിന്റെയും ഇടയിലുള്ള ഊഷ്മളത പൂർണമായും ഇല്ലാതായിരുന്നില്ല. അതുകൊണ്ടുതന്നെ 2011ൽ ഇവർ ഒന്നിച്ചതായി മാറ്റ്ൽ കമ്പനി അറിയിച്ചു.

Ken as Expedia's newest ambassador

65 വയസ് തികഞ്ഞ കെൻ ഇപ്പോൾ പുതിയൊരു യാത്രയ്ക്ക് ആരംഭം കുറിച്ചിരിക്കുകയാണ്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യാത്ര കമ്പനി എക്‌സ്പീഡിയ തങ്ങളുടെ പുതിയ അംബാസഡറായി കെന്നിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. എക്‌സ്പീഡിയ ലോകമെങ്ങും അവതരിപ്പിക്കുന്ന 65 ഓളം സാഹസികതകൾക്ക് ഇനി ചുക്കാൻ പിടിക്കുക കെൻ ആയിരിക്കും. ധാരാളം ആരാധകർ ഉള്ള കെന്നിന്റെ സ്വാധീനം എക്‌സ്പീഡിയയുടെ പുതിയ ഉദ്യമങ്ങൾക്ക് മുതൽക്കൂട്ടാകും എന്ന പ്രതീക്ഷയിലാണ് സംരംഭകർ. അത്രത്തോളം സ്വീകാര്യതയാണ് പാവകളായ ബാർബിക്കും കെന്നിനും ലഭിച്ചത്.

Content Highlights: Ken, Barbie’s iconic companion, has turned 65, and to mark the occasion, Mattel revealed his full name. The announcement sparked interest among fans of the long-running Barbie franchise. Introduced in 1961, Ken has remained one of the most recognizable figures in the global toy industry for over six decades.

dot image
To advertise here,contact us
dot image