

ബംഗ്ലാദേശ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ടി20 ലോകകപ്പ് ബഹിഷ്കരണ ഭീഷണി മുഴക്കിയ പാകിസ്താന്‍ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വിക്ക് കടുത്ത മറുപടിയുമായി ഇന്ത്യയുടെ മുൻതാരം കൃഷ്ണമാചാരി ശ്രീകാന്ത്. ലോകകപ്പിൽ തകർന്നുതരിപ്പണമാവാൻ താൽപ്പര്യമില്ലെങ്കിൽ ടൂർണമെന്റിന് വരാതിരിക്കുക തന്നെയാണ് നല്ലതെന്നാണ് ശ്രീകാന്ത് പരിഹസിച്ചത്.
ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഇന്ത്യ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ശ്രീകാന്ത് ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുന്നിൽ വരാതിരിക്കാൻ എന്തെങ്കിലും കാരണം കണ്ടുപിടിക്കണമെന്നും നഖ്‌വിയോട് ആവശ്യപ്പെട്ടു. 'കഴിഞ്ഞ മത്സരത്തിൽ 15 ഓവറിൽ 209 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. മറ്റൊരു കളിയിൽ 10 ഓവറിൽ 150 റൺസും. ഇത് കാണുമ്പോൾ തന്നെ മറ്റുടീമുകൾ ചിലപ്പോൾ പറഞ്ഞേക്കാം, 'ഞങ്ങൾ വരുന്നില്ല, കപ്പ് നിങ്ങൾ തന്നെ സൂക്ഷിച്ചോളൂ' എന്ന്'.
'ഹേയ് പാകിസ്താൻ, നിങ്ങൾ വരരുത്. നിങ്ങളുടെ മൊഹ്സിൻ നഖ്‌വി തന്നെ ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് പറയുന്നുണ്ടല്ലോ, അത് തന്നെ ചെയ്യൂ. നിങ്ങൾ വരരുത്, വന്നാൽ നിങ്ങൾക്ക് അടി കിട്ടി നിലംപരിശാകും. കൊളംബോയിൽ നിന്ന് സിക്സർ അടിച്ചാൽ മദ്രാസിലായിരിക്കും വന്നു വീഴുക. നിങ്ങൾ സൂക്ഷിച്ചോ. മാറിനിൽക്കുക എന്നതുതന്നെയാണ് ഏറ്റവും നല്ല ഓപ്ഷൻ. എന്തെങ്കിലും എക്സ്ക്യൂസ് കണ്ടെത്തി ലോകകപ്പിന് വരാതിരിക്കുക. ഇന്ത്യയുടെ ചുണക്കുട്ടികൾ നിങ്ങളെ തകർത്തുതരിപ്പണമാക്കും', ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
ടൂര്‍ണമെന്റില്‍ നിന്നും ഒഴിഞ്ഞ ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്താനും ലോകകപ്പ് ബഹിഷ്‌കരിച്ചേക്കുമെന്ന സൂചന നൽകി പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി രംഗത്തെത്തിയിരുന്നു. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചെങ്കിലും ലോകകപ്പില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വരുന്ന തിങ്കളാഴ്ചയോടെ മാത്രമാണ് പാകിസ്താന്‍ അറിയിക്കുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ ടൂർണമെന്റിൽ നിന്ന് മുഴുവനായും പിന്മാറുന്നില്ലെന്നും മറിച്ച് ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിൽ നിന്ന് മാത്രമാണ് പിന്മാറുകയുമാണ് പാകിസ്താന്റെ നീക്കമെന്നാണ് പുതിയ റിപ്പോർട്ടുകൾ. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി തന്നെയാണ് നിർണായക നീക്കത്തെ കുറിച്ചുള്ള സൂചന നൽകിയത്.
Content Highlights: ‘Don’t come, Pakistan‘; India legend fires back at Mohsin Naqvi's T20 World Cup boycott threat