

ന്യൂഡല്‍ഹി: ഗായകന്‍ അരിജിത് സിങ് പിന്നണി ഗാന രംഗത്ത് നിന്ന് വിരമിച്ചത് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനാണെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികള്‍ അരിജിത് തുടങ്ങിയതായി ഗായകന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പങ്കജ് ത്രിപതി, നവാസുദ്ദീന്‍ സിദ്ദീഖി, അദ്ദേഹത്തിന്റെ മകള്‍ ഷോറ എന്നിവര്‍ അഭിനയിച്ച ഹിന്ദി സിനിമ അടുത്തിടെ അരിജിത് സിങ് സംവിധാനം ചെയ്തതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസമാണ് താന്‍ വിരമിക്കുന്ന കാര്യം അരിജിത് സിങ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ശ്രോതാക്കള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അരിജിത് സിംഗ് സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നണിഗാനരംഗത്ത് നിന്ന് മാത്രമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
'എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍. ഇക്കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ നിങ്ങളെനിക്ക് ഒരുപാട് സ്നേഹം നല്‍കി. ശ്രോതാക്കളുടെ ആ സ്നേഹത്തിന് ഒരുപാട് നന്ദി. ഇനി പിന്നണി ഗാനരംഗവുമായി ബന്ധപ്പെട്ട് ഞാന്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുകയാണ്. ഏറെ സന്തോഷത്തോടെയാണ് ഈ തീരുമാനം എടുക്കുന്നത്. മനോഹരമായ ഒരു യാത്രയ്ക്ക് അവസാനം കുറിക്കുകയാണ്,' അരിജിത് സിംഗ് കുറിച്ചു.

അതേസമയം, താന്‍ ഏറ്റെടുത്ത വര്‍ക്കുകള്‍ അവസാനിപ്പിക്കുമെന്നും അതുകൊണ്ട് തന്നെ ഈ വര്‍ഷം പുതിയ ചില ചിത്രങ്ങളില്‍ തന്റെ പാട്ടുകളുണ്ടാകുമെന്നും അരിജിത് അറിയിച്ചിരുന്നു. പിന്നണി ഗാനരംഗത്ത് നിന്നും പിന്മാറുന്നു എന്നതുകൊണ്ട് സംഗീതത്തോട് വിട പറയുന്നു എന്ന് അര്‍ത്ഥമില്ലെന്നും ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ അരിജിത് സിംഗ് വ്യക്തമാക്കിയിരുന്നു.
ബോളിവുഡിലെ ഏറ്റവും തിരക്കേറിയ യുവ ഗായകനായ അരിജിത് സിംഗിന്റെ വിരമിക്കല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഹിന്ദിയിലും ബംഗാളിയിലുമാണ് അരിജിത് സിംഗ് ഏറ്റവും കൂടുതല്‍ സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2009ല്‍ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്ന അരിജിത് സിംഗ് അതിനുമുന്‍പ് റിയാലിറ്റി ഷോയിലൂടെ ആസ്വാദകര്‍ക്ക് സുപരിചിതനായിരുന്നു.
Content Highlights: Report says Singer Arijit Singh has retired from his playback singing career and revealed plans to enter politics by starting a new political party