

ബഹിരാകാശ പദ്ധതികൾ വരെ തകൃതിയായി നടക്കുന്ന നമ്മുടെ രാജ്യത്തെ ഒരു ഗ്രാമം ഒരു റോഡിനായി കാത്തിരുന്നത് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള 78 വർഷങ്ങള്‍. മലനിരകൾക്കപ്പുറം സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ ഹൈവേകൾ നിർമിക്കുന്നതും അവയെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതാണ് ഹിമാചൽ പ്രദേശിലെ തുമാൻ ഗ്രാമത്തിൽ അടിസ്ഥാന സൗകര്യമായ ഒരു റോഡ് എത്താൻ വൈകിയത്. മാണ്ഡി ജില്ലയിലെ ഛാവാസി പ്രദേശത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒരു വാഹനത്തിന് സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ തുമാൻ ഗ്രാമത്തിന് ഒരു റോഡ് ലഭിച്ചത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്.
2.7 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി അടിസ്ഥാന ഗതാഗത സൗകര്യം ലഭിക്കാത്ത ഗ്രാമമായ തുമനുമായി ബന്ധിപ്പിക്കപ്പെടുന്ന പ്രദേശം ഷക്കേൽദാണ്. ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഈ പാതയിലൂടെ അവരുടെ ബസ് ഓടിച്ചാണ് ചരിത്ര മുഹൂർത്തം സൃഷ്ടിച്ചത്. കർസോഗ് സബ്ഡിവിഷണൽ മജിസ്‌ട്രേറ്റായ ഗൗരവ് മഹാജൻ ആണ് ബസിന്റെ ഫ്‌ളാഗ് ഓഫ് കർമം നിർവഹിച്ചത്. ഗ്രാമവാസികൾ ഹർഷാരവത്തോടെയാണ് തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിച്ച നേതാക്കളെയും ബസിനെയും സ്വീകരിച്ചത്.
വമ്പൻ സ്വീകരണവും ആഘോഷവും സംഘടിപ്പിച്ച ഗ്രാമവാസികൾ മധുരവും വിതരണം ചെയ്തു. ആളുകൾ ഹർഷാരവത്തോടെ കയ്യടിക്കുന്നതും പൂമാലയുമായി ബസിനായി കാത്തുനിൽക്കുന്നതും അടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത് കാർസോഗ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പൃഥ്വി സിംഗ് നേഹിയാണ്.
Content Highlights: A Village in India got its first road after 78 years of Independence