ബ്രൈറ്റണെ വീഴ്ത്തി ആഴ്‌സണല്‍ വീണ്ടും ഒന്നാമത്; പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും വിജയം

നേരത്തെ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ഒന്നാമതെത്തിയെങ്കിലും നിമിഷങ്ങൾക്കകം ആഴ്സണൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു

ബ്രൈറ്റണെ വീഴ്ത്തി ആഴ്‌സണല്‍ വീണ്ടും ഒന്നാമത്; പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും വിജയം
dot image

പ്രീമിയർ ലീ​ഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ആഴ്സണൽ. ബ്രൈറ്റണെതിരെ നടന്ന മത്സരത്തിൽ ‌ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയം സ്വന്തമാക്കിയാണ് ആഴ്സണൽ ഒന്നാം സ്ഥാനത്തെത്തിയത്. നേരത്തെ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി ഒന്നാമതെത്തിയെങ്കിലും നിമിഷങ്ങൾക്കകം ആഴ്സണൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ ലിവർപൂളും വിജയം സ്വന്തമാക്കി.

എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിലൂടെ ആഴ്‌സണലാണ് ഒന്നാമതെത്തിയത്. 52-ാം മിനിറ്റില്‍ ജോര്‍ജിനിയോ റട്ടറിന്റെ സെല്‍ഫ് ഗോളിലൂടെ ആഴ്‌സണല്‍ സ്‌കോര്‍ ഉയര്‍ത്തി. 64-ാം മിനിറ്റില്‍ ഡീഗോ ഗോമസിലൂടെ ബ്രൈറ്റണ്‍ തിരിച്ചടിച്ചെങ്കിലും വിജയം സ്വന്തമാക്കാനായില്ല.

ഈ വിജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായി അഴ്സണൽ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. മാഞ്ചസ്റ്റർ സിറ്റി തൊട്ടുപിന്നാലെ തന്നെയുള്ളതിനാൽ കിരീടപ്പോരാട്ടം അതീവ ആവേശകരമായ ഘട്ടത്തിലേക്കാണ് നീങ്ങുന്നത്.

ആൻഫീൽഡിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ വോൾവ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ലിവർപൂളും വിജയം സ്വന്തമാക്കി.. റയാൻ ഗ്രാവൻബെർച്ച്, ഫ്ലോറിയൻ വിർട്സ് എന്നിവരുടെ ഗോളുകളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി ലിവർപൂൾ പട്ടികയിൽ ആറാം സ്ഥാനത്ത് തുടരുകയാണ്.

Content Highlights: Premier League: Arsenal Gunners hold on to go back to top of table, Liverpool win

dot image
To advertise here,contact us
dot image