

ട്രെയിൻ യാത്രക്കിടയിൽ പലരും ഉന്നയിക്കുന്ന പ്രശ്‌നമാണ് ടോയ്‌ലെറ്റിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധം. നിലവിൽ ഇത്തരം പ്രശ്‌നങ്ങൾക്ക് മാറ്റം വന്ന് തുടങ്ങിയിട്ടുണ്ടെങ്കിലും യാത്ര ചെയ്യാൻ ടൊയ്‌ലെറ്റ് തന്നെ തിരഞ്ഞെടുക്കേണ്ട ഗതികേട് വന്നാൽ എന്ത്‌ചെയ്യും? ഉത്സവസീസണായതിനാൽ ട്രെയിനുകളിൽ തിരക്ക് കൂടുതലാണെന്ന് കരുതി ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള യാത്ര നടത്തുന്നവരും കുറവല്ല എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ ചൂണ്ടിക്കാട്ടുന്നത്.
ട്രെയിനിലെ വാഷ്‌റൂം ബെഡ്‌റൂമാക്കിയെന്ന തലക്കെട്ടോടെ ആളുകളെ അമ്പരപ്പിക്കുന്ന വീഡിയോയ്ക്ക് 780,000ലധികം വ്യൂവ്‌സാണ് ലഭിച്ചിരിക്കുന്നത്. വിശാൽ എന്ന കണ്ടന്റ് ക്രിയേറ്ററാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോഴാണ് ഈ കാഴ്ച വിശാലിന്റെ കണ്ണിൽപ്പെടുന്നത്. വീഡിയോയിൽ ഒരാൾ സ്വസ്ഥമായി ട്രെയിൻ ടൊയ്‌ലറ്റ് ക്യുബിക്കിളിൽ ഇരിക്കുന്നത് കാണാം. ചുറ്റിനും കുറേയേറെ സാധനങ്ങളുമുണ്ട്. വാഷ്‌റൂം വിൻഡോയിൽ ഒരു ബെഡ് മടക്കി തൂക്കിയിട്ടിട്ടുമുണ്ട്. ഒരു പേഴ്‌സണൽ കാബിനിൽ പോകുന്ന ഒരു പ്രതീതിയാണ് കാണുന്നവർക്കുണ്ടാവുക.
ഹിന്ദിയിൽ വിശാൽ ഇയാളോട് ചില കാര്യങ്ങൾ ചോദിക്കുന്നതും വീഡിയോയിലുണ്ട്. വീട്ടിലെ വസ്തുക്കളാണോ ഇതെല്ലാമെന്ന ചോദ്യത്തിന് അതേയെന്ന് യാത്രക്കാരൻ മറുപടി നൽകുകയാണ്. വീഡിയോയ്ക്ക് പലരും തമാശ കമന്റുകളിടുമ്പോൾ മറ്റ് ചിലർ വൃത്തിയെ കുറിച്ചുള്ള ആശങ്ക ഉയർത്തുന്നുണ്ട്. മറ്റുള്ളവർ നിന്ന് യാത്ര ചെയ്യാൻ കഷ്ടപ്പെടുമ്പോൾ ഇദ്ദേഹം സുഖമായി യാത്ര ചെയ്യുന്നുവെന്നാണ് ഒരു കമന്റ്. ഇത്തരത്തിലുള്ള ആളുകൾ മറ്റുള്ളവരുടെ ആരോഗ്യത്തെ കൂടിയാണ് പ്രശ്‌നത്തിലാക്കുന്നതെന്നും വാഷ്‌റൂം പോലെ എല്ലാവർക്കും ഉപയോഗിക്കേണ്ട ഫെസിലിറ്റകൾ ദുരുപയോഗം ചെയ്യുന്നതിന് നടപടി വേണമെന്ന് മറ്റ് ചിലരും പറയുന്നുണ്ട്.
Content Highlight: Video of a man convert train toilet into Bedroom goes viral