

സൗദിഅറേബ്യയിൽ താൻ അനധികൃതമായി തടങ്കലിലാക്കപ്പെട്ടെന്ന് പറഞ്ഞ് നിലവിളിക്കുന്ന യുപി സ്വദേശിയുടെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഇടപെട്ട് ഇന്ത്യൻ എംബസി. നാട്ടിലേക്ക് തിരികെയെത്താന്‍ എല്ലാവരും സഹായിക്കണമെന്നാണ് യുവാവ് അപേക്ഷിക്കുന്നത്. എന്നാല്‍ ഇദ്ദേഹം സൗദിയില്‍ എവിടെയാണെന്നോ ആരാണ് ഇയാളെ തടങ്കലിലാക്കിയതെന്നോ വ്യക്തമല്ല.
'എന്റെ ഗ്രാമം അലഹബാദിലാണ്. ഞാൻ സൗദിയിലേക്ക് വന്നതാണ്. കപിലിൻ്റെ പക്കലാണ് പാസ്പോർട്ട്. എനിക്ക് വീട്ടിൽ പോകണമെന്ന് അയാളോട് പറഞ്ഞു. പക്ഷേ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. സഹോദരങ്ങളെ ഈ വീഡിയോ കഴിയാവുന്നത്ര ഷെയർ ചെയ്യൂ.. ഇന്ത്യയിൽ നിന്നും നിങ്ങളുടെ പിന്തുണ ലഭിച്ചാൽ എനിക്ക് ഇന്ത്യയിലേക്ക് തിരികെ വരാം. നിങ്ങൾ ഹിന്ദുവോ മുസ്ലീമോ ആരുമാകട്ടെ, നിങ്ങളെ എവിടെയായാവും എന്നെ സഹായിക്കു. എനിക്ക് എന്റെ അമ്മയെ കാണണം. എനിക്കൊപ്പം ആരുമില്ല. ഞാൻ ചത്തുപോകും. പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുന്നത് വരെ ഇത് ഷെയർ ചെയ്യു' എന്നാണ് കരഞ്ഞു കൊണ്ട് വീഡിയോയിൽ ഇയാൾ പറയുന്നുത്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽപന ശ്രീവാസ്തവ എന്ന അഭിഭാഷക ഈ ദൃശ്യങ്ങൾ എക്‌സിൽ പങ്കുവച്ചതിന് പിന്നാലെയാണ് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടത്. 24 മണിക്കൂറിനുള്ളിൽ ഒന്നരലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ ടാഗ് ചെയ്താണ് അഭിഭാഷക വീഡിയോ പോസ്റ്റ് ചെയ്തത്.
യുപി പ്രയാഗ് രാജിലുള്ള ഹാൻദിയ പ്രതാപ്പുർ സ്വദേശിയാണ് വീഡിയോയിലുള്ളതെന്നാണ് അഭിഭാഷകയുടെ പോസ്റ്റിലുള്ളത്. പിന്നാലെ വീഡിയോയിലുള്ള വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. വീഡിയോയിൽ ഏത് പ്രദേശമാണെന്നോ കോൺടാക്ട് നമ്പറോ തൊഴിലുടമയുടെ പേരോ ഇല്ലാത്തതിനാൽ ഇവ ലഭ്യമാണെങ്കിൽ പങ്കുവയ്ക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇയാളുടെ ബന്ധുക്കളോട് നേരിട്ട് ബന്ധപ്പെടണമെന്നും എംബസി അറിയിച്ചിട്ടുണ്ട്.
Content Highlights: UP man urges people to share his agony from Saudi Arabia