

രാജ്യത്ത് ആദ്യത്തെ സഹകരണ ടാക്സി സർവീസുമായി കേന്ദ്ര സർക്കാർ. ഭാരത് ടാക്സിയെന്ന പേരിലാണ് കേന്ദ്രം സഹകരണ ടാക്സി സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നത്. ഒല, ഊബർ തുടങ്ങിയ സ്വകാര്യ കമ്പനികളെ നേരിട്ട് വെല്ലുവിളിക്കുന്നതാണ് പുതിയതായി സഹകരണ മേഖലയിൽ തുടക്കം കുറിച്ചിരിക്കുന്ന ഈ സംരംഭം. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും നാഷണൽ ഇ-ഗവേണൻസ് ഡിവിഷന്റെയും (NeGD) കീഴിലാണ് പുതിയ സംരംഭം വികസിപ്പിച്ചെടുത്തിരിക്കുന്നത്. 2
2025 ജൂണിൽ 300 കോടി രൂപ പ്രാരംഭ മൂലധനത്തോടെ സ്ഥാപിതമായ സഹകർ ടാക്സി കോപ്പറേറ്റീവ് ലിമിറ്റഡാണ് പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കുന്നത്. അമുൽ ബ്രാൻഡിന് പേരുകേട്ട ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ്റെ മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത അധ്യക്ഷനായ പുതുതായി രൂപീകരിച്ച ഗവേണിംഗ് കൗൺസിലിനാണ് പ്ലാറ്റ്‌ഫോമിൻ്റെ മേൽനോട്ടം. നാഷണൽ കോപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (എൻസിഡിസി) ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ രോഹിത് ഗുപ്ത വൈസ് ചെയർമാനായി പ്രവർത്തിക്കുന്നു.
ഡ്രൈവർമാർക്ക് അവരുടെ വരുമാനത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശം നൽകുകയും യാത്രക്കാർക്ക് സ്വകാര്യ ക്യാബ് അഗ്രഗേറ്ററുകൾക്ക് പകരം സർക്കാർ മേൽനോട്ടത്തിലുള്ള ഒരു ബദൽ വാഗ്ദാനം ചെയ്യുകയുമാണ് പുതിയ നീക്കത്തിൻ്റെ ലക്ഷ്യം. വൃത്തിഹീനമായ വാഹനങ്ങൾ, വിലക്കയറ്റം, ഏകപക്ഷീയമായ റദ്ദാക്കലുകൾ, റേറ്റുകളിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം തുടങ്ങി ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങളെക്കുറിച്ച് വർഷങ്ങളായി നിരവധി പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ നീക്കം. കമ്പനികൾ ഈടാക്കുന്ന ഉയർന്ന കമ്മീഷൻ നിരക്കുകളിൽ പല ഡ്രൈവർമാരും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ഡ്രൈവർമാർക്ക് ലഭിക്കേണ്ട വരുമാനത്തിൽ നിന്ന് ഈ നിലയിൽ 25 ശതമാനം വരെ സ്വകാര്യ കമ്പനികൾ ഈടാക്കുന്നുവെന്നും ആക്ഷേപമുണ്ട്.
കേന്ദ്ര സർക്കാരിൻ്റെ ഭാരത് ടാക്സി പ്ലാറ്റ്‌ഫോം ഇത്തരം പരാതികളെയെല്ലാം പരിഹരിക്കുന്ന നിലയിലാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ അഗ്രഗേറ്ററുകളിൽ നിന്ന് വ്യത്യസ്തമായി ഭാരത് ടാക്സി ഡ്രൈവർമാരിൽ നിന്ന് അവരുടെ യാത്രകൾക്ക് ഒരു കമ്മീഷനും സ്വീകരിക്കില്ല. പകരം അവർ അംഗത്വ മാതൃകയിലാവും പ്രവർത്തിക്കുക. ദിവസേനയോ ആഴ്ച തോറുമോ നാമമാത്രമായ ഒരു ഫീസ് മാത്രമാകും ഡ്രൈവർമാർക്ക് സംഭാവന ചെയ്യേണ്ടി വരിക. ഇത് ഡ്രൈവർമാർക്ക് കൂടുതൽ വരുമാനം നേടാൻ അനുവദിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
ഭാരത് ടാക്സിയുടെ പരീക്ഷണ ഓട്ടം നവംബറിൽ ഡൽഹിയിൽ ആരംഭിക്കും. 650 വാഹനങ്ങളും അവയുടെ ഉടമ-ഡ്രൈവർമാരുമായിരിക്കും ഇതിൽ ഉൾപ്പെടുക. വിജയിച്ചാൽ ഡിസംബറിൽ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി ഇടുന്നത്. തുടർന്ന് മറ്റ് പ്രധാന നഗരങ്ങളിലേക്ക് ഇവരുടെ സേവനം വ്യാപിപ്പിക്കും.
രാജ്യവ്യാപകമായി ആദ്യ ഘട്ടത്തിൽ പുരുഷന്മാരും സ്ത്രീകളുമായ 5,000 ഡ്രൈവർമാർ ഈ ടാക്സി പ്ലാറ്റ്‌ഫോമിൽ പങ്കാളികളാകുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അടുത്ത വർഷത്തോടെ മുംബൈ, പൂനെ, ഭോപ്പാൽ, ലഖ്‌നൗ, ജയ്പൂർ എന്നിവയുൾപ്പെടെ 20 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി.
നിരവധി മെട്രോ മേഖലകളിൽ 2026 മാർച്ചോടെ ഭാരത് ടാക്സിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും ജില്ലാ ആസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്ലാറ്റ്‌ഫോമിൽ ഒരു ലക്ഷം ഡ്രൈവർമാർ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Bharat Taxi India's First Cooperative Cab Service To Challenge Ola, Uber