
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പലരും സ്വർണവും മറ്റ് ആഭരണങ്ങളും വാങ്ങിക്കുക പതിവാണ്. ഈ സമയങ്ങളിൽ ഇനി എത്ര വിലകൂടിയാലും സ്വർണം വാങ്ങാൻ സ്വർണകടകളിൽ ആളുകളുടെ തിക്കും തിരക്കും വർധിക്കുകയും ചെയ്യും. ഇപ്പോൾ ഉത്തർപ്രദേശിലെ അയോധ്യയിൽ സ്വർണം വാങ്ങാനെത്തിയ കുർത്തയും പൈജാമയും ധരിച്ചയാളെയും അയാളുടെ ഭാര്യയെയും അപമാനിച്ച് ഇറക്കിവിട്ടിരിക്കുകയാണ് ഒരു ജ്വല്ലറി ഉടമ. തുടരെ തുടരെ ദരിദ്രൻ എന്ന് വിളിക്കുകയും കടയിലേക്ക് കയറരുതെന്നും തന്റെ കടയിൽ ധനികരായ ആളുകൾ മാത്രം സ്വർണം വാങ്ങാൻ വന്നാൽ മതിയെന്നും ജ്വല്ലറി ഉടമ പറയുന്നത് വീഡിയോയിലുണ്ട്.
രൂപമോ സാമ്പത്തിക സ്ഥിതിയോ നോക്കി ആരെയും വിലയിരുത്തതെന്നും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തവർ ചൂണ്ടിക്കാണിക്കുന്നു. സംഭവം റെക്കോർഡ് ചെയ്യുന്ന ആളോട് അപമാനിക്കപ്പെട്ടയാൾ കാര്യങ്ങൾ വിവരിക്കുന്നത് വീഡിയോയിൽ കാണാം. ഇദ്ദേഹവും കടയുടമയോട് തർക്കിക്കുന്നുണ്ട്. ഷോപ്പിന്റെ പേരടക്കം വീഡിയോയിൽ കാണിച്ചുകൊണ്ട് ഇവിടം സന്ദർശിക്കുന്നവർ സൂക്ഷിക്കുക എന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു. സ്വന്തം ഭാഗത്തെ തെറ്റ് മനസിലാക്കാതെ വീണ്ടും സാഹചര്യം കൂടുതൽ മോശമാക്കാനാണ് കടമയുടമ വീണ്ടും ശ്രമിച്ചത്.
ഇത്തരം അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും കാണാൻ ഭംഗിയുള്ളവരെയും നന്നായി വസ്ത്രം ധരിച്ചവരെയും കൂടുതൽ ശ്രദ്ധിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്ന് ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. കസ്റ്റമേഴ്‌സ് പ്രാദേശിക കടകളിൽ പോകാതെ ബ്രാൻഡ് നോക്കി പോകുന്നതിന് കാരണം എന്താണെന്ന് മനസിലായെന്നാണ് മറ്റൊരാളുടെ കമന്റ്. കസ്റ്റമറിനെ ദൈവമായി കാണുന്ന രാജ്യത്ത് ഇപ്പോഴും ഇത്തരം സംഭവങ്ങൾ നടക്കുന്നത് കഷ്ടമാണെന്നൊരു കമന്റും ഇക്കൂട്ടത്തിലുണ്ട്.
Content Highlights: No gold for poor, jewellery shop owner's attitude goes viral