
സ്ത്രീകളുടെ മാനസിക ആരോഗ്യം പല വേദികളിലും സാഹചര്യങ്ങളിലും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ പുരുഷന്മാരുടെ മാനസികാരോഗ്യം ആരും ചര്‍ച്ചയാക്കാറില്ല. ഇപ്പോഴിതാ അത്തരത്തിലൊരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് വൈറലാകുന്നത്.
മൂന്ന് മാസം ശമ്പളമില്ലാതെ ജോലി ചെയ്ത തന്റെ സുഹൃത്തിനെ കുറിച്ചാണ് നീല്‍ ജാദവ് എന്ന വ്യക്തി ലിങ്ക്ട് ഇന്നില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. കുടുംബം പരിപാലിക്കാന്‍ പുരുഷന്മാര്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഇത് തുടക്കം കുറിക്കുകയും ചെയ്തു. മൂന്നുമാസം കഠിനമായ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിട്ടും തന്റെ കുടുംബത്തെ അത് അറിയിക്കാതെ നല്ല രീതിയില്‍ അയാള്‍ കുടുംബം പരിപാലിച്ചുവെന്നാണ് പോസ്റ്റില്‍ പറയുന്നത്.
'അവന്റെ പ്രായമായ മാതാപിതാക്കളുടെ ചികിത്സാചെലവുകള്‍ നടത്തി. കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടച്ചു. വീടിന്റെ പെയിന്റ് പോലും ചെയ്തു. അവര്‍ക്ക് ഭക്ഷണം കൊടുക്കാനും സാധിച്ചു' പോസ്റ്റില്‍ പറയുന്നു. പുരുഷന്മാര്‍ പലപ്പോഴും ഇത്തരത്തില്‍ അവരുടെ വിഷമങ്ങളെയും പ്രതിസന്ധികളെയും ആരും അറിയാതെ അടക്കിപ്പിടിച്ച് എല്ലാവരുടെയും മുന്നില്‍ സ്മാര്‍ട്ടായി നില്‍ക്കേണ്ടതായിട്ട് വരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
'പക്ഷെ ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്ന പുരുഷന്മാര്‍ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാചിന്തകള്‍ എന്നിവയെല്ലാം നേരിടേണ്ടതായിട്ട് വരുന്നുണ്ട്. അയാളെ പെട്ടെന്ന് വാര്‍ദ്ധക്യം പിടികൂടുന്നു, മുടി നഷ്ടപ്പെടുന്നു, ഭാരം കൂടുന്നു, അയാള്‍ നിശബ്ദനാകുന്നു ഇതൊക്കെ ഞാന്‍ എന്റെ സുഹൃത്തില്‍ കണ്ടു'- പോസ്റ്റില്‍ പറയുന്നു. നിരവധി ആളുകളാണ് പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയത്.
Content Highlights: Linkedin post about men mental stress