
അഫ്ഗാനിസ്ഥാനില്‍ നിന്നും പുറപ്പെട്ട വിമാനത്തിന്റെ ടയറില്‍ കയറിയിരുന്ന് യാത്ര ചെയ്ത് ഇന്ത്യയിലെത്തിയ ഒരു പതിമൂന്നുകാരന്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ ഈ ബാലനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.
അനധികൃതമായി കുടിയേറിയതിനെ തുടര്‍ന്ന് ഇറാനില്‍ നിന്നും നാടുകടത്തപ്പെട്ട ഈ കുട്ടി വീണ്ടും ഇറാനിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് വഴിതെറ്റി ഇന്ത്യയിലെത്തിയത്. ഇറാനിലേക്കുള്ള ഫ്‌ളെറ്റാണെന്ന് തെറ്റിദ്ധരിച്ചാണ് കെഎഎം എയര്‍ സര്‍വീസ് നടത്തുന്ന ആര്‍ക്യു4401ന്റെ എയര്‍ബസിന്റെ ലാന്‍ഡിങ് ഗിയര്‍ കാബനിലേക്ക് കുട്ടി കയറിക്കൂടിയത്.
ജീവന്‍ പണയം വെച്ചുള്ള ഈ അതിസാഹസികയാത്രയ്ക്ക് അഫ്ഗാന്‍ ബാലനെ പ്രേരിപ്പിച്ചത് ദുരിതജീവിതമാണെന്നാണ് പുറത്തുവരുന്ന വിവരം. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ കുന്ദസ് പ്രവശ്യയിലാണ് ഈ കുട്ടിയുടെ വീട്. ഒരു ബോംബ് സ്‌ഫോടനത്തില്‍ വെച്ച് പിതാവ് കൊല്ലപ്പെട്ടതോടെയാണ് കുട്ടിയുടെ ജീവിതം കടുത്ത വേദനകളിലേക്ക് എടുത്തെറിയപ്പെട്ടത്.
പിതാവ് നഷ്ടപ്പെട്ടതിന് ശേഷം രണ്ടാനച്ഛനോടൊപ്പമായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. മറ്റ് സഹോദരങ്ങളും ഉണ്ടായിരുന്നു.
പക്ഷെ തന്നെ നോക്കാനോ പരിഗണിക്കാനോ ആരുമില്ലാത്ത അവസ്ഥയായിരുന്നു എന്നാണ് കുട്ടിയുടെ വാക്കുകള്‍. ഒടുവില്‍ സുരക്ഷിതവും കൂടുതല്‍ മെച്ചപ്പെട്ടതുമായ ഒരു ജീവിതത്തിനായി സ്വന്തം വഴി തേടാന്‍ തന്നെ അവന്‍ തീരുമാനിച്ചു.
അതിനായി ഏറെ കഷ്ടപ്പെട്ട് ഇറാനിലെത്തി. പക്ഷെ അവിടെ അധികനാള്‍ തുടരാനായില്ല. നിയമാനുസൃതമല്ലാതെ എത്തിയതിനാല്‍ നാടുകടത്തപ്പെട്ടു. പക്ഷെ അഫ്ഗാനില്‍ തനിക്കൊരു സുരക്ഷിതമായ ജീവിതം ഉണ്ടാകില്ലെന്ന് വിശ്വസിച്ച ബാലന്‍ ഏതുവിധേനയും ഇറാനിലേക്ക് മടങ്ങാനുള്ള വഴികള്‍ തേടുകയായിരുന്നു.
അതിനായി എയര്‍പോര്‍ട്ടിലെത്തിയ കുട്ടി സുരക്ഷാ ഉദ്യോഗസ്ഥരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് വിമാനത്തിന്റെ ടയറില്‍ കയറിക്കൂടിയത്. ആദ്യം ഈ വാര്‍ത്തയറിഞ്ഞപ്പോള്‍ അസംഭവ്യമെന്നായിരുന്നു അഫ്ഗാനിസ്ഥാനിലെ ഉദ്യോഗസ്ഥരുടെ പ്രതികരണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴും ആദ്യം ബാലനെ കാണാനായില്ല. എന്നാല്‍ സൂക്ഷ്മമായി പരിശോധനയില്‍ പാത്തും പതുങ്ങിയും നീങ്ങുന്ന കുട്ടിയെ സിസിടിവിയില്‍ അവര്‍ക്ക് കണ്ടെത്താനായി.
എന്തായാലും ബാലന്റെ ഇറാനിലേക്കുള്ള സാഹസികയാത്രം ഇന്ത്യയിലെ ഡല്‍ഹിയില്‍ എത്തി അവസാനിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടി നിയമപരമായ കുറ്റങ്ങളില്‍ നിന്ന് മുക്തനാണ്. എന്നാലും 30,000 അടി ഉയരത്തില്‍ പറന്ന വിമാനത്തില്‍ കുട്ടി എങ്ങനെ അതിജീവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു.
'പറന്നുയര്‍ന്നതിനുശേഷം വീല്‍ ബേ വാതില്‍ തുറക്കും ഈ സമയം ചക്രം പിന്നോട്ട് പോകുകയും വാതില്‍ അടയുകയും ചെയ്യും. ഈ സമയം കുട്ടി ഈ അടച്ചിട്ട സ്ഥലത്ത് പ്രവേശിച്ചിരിക്കാം. അത് പാസഞ്ചര്‍ ക്യാബിനിന് സമാനമായ താപനില നിലനിര്‍ത്തിയിരിക്കാം' ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ വിശദീകരിച്ചു.
10,000 അടിക്ക് മുകളില്‍ എത്തിയാല്‍ തന്നെ ഓക്സിജന്റെ അളവ് കുറയും. ഇത് മിനിറ്റുകള്‍ക്കുള്ളില്‍ ഒരാളെ അബോധാവസ്ഥയിലാക്കാനും മരണത്തിലേക്ക് നയിക്കാനും കാരണമാകും. ഇതിന് പുറമെ താപിനിലയിലെ കുറവും വില്ലനായേക്കാം. ഇത്തരത്തില്‍ വിമാനത്തിന്റെ ടയറില്‍ യാത്ര ചെയ്ത 5ല്‍ ഒരാള്‍ മാത്രമെ അതിജീവിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Content Highlights: More details of the Afghan boy who travelled on plane's landing gear