'അമേരിക്കൻ ടെക്ക്ഭീമനെ വളർത്തിയത് 15 ഇന്ത്യൻ എൻജിനീയർമാർ'; ചർച്ചയായി ആ പഴയ വെളിപ്പെടുത്തൽ

25വർഷങ്ങള്‍ക്കും വളരെ മുമ്പ് താൻ നടത്തിയ ഈ നീക്കം വലിയ മാറ്റങ്ങൾക്കും ഒപ്പം നേട്ടങ്ങൾക്കും കാരണമായെന്നായിരുന്നു വെളിപ്പെടുത്തൽ

'അമേരിക്കൻ ടെക്ക്ഭീമനെ വളർത്തിയത് 15 ഇന്ത്യൻ എൻജിനീയർമാർ'; ചർച്ചയായി ആ പഴയ വെളിപ്പെടുത്തൽ
dot image

അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് H-1B വിസ ഫീസ് വർധിപ്പിക്കുന്ന പ്രഖ്യാപനത്തിൽ ഒപ്പ് വച്ചതോടെ ടെക് കമ്പനികളും ഇന്ത്യക്കാരായ ടെക്കികളുമാണ് ഏറ്റവും അധികം ആശങ്കയിലായത്. അമേരിക്കയ്ക്ക് പുറത്തായിരുന്ന ഇന്ത്യക്കാരായ H-1B വിസ ഹോൾഡർമാർക്ക് തിരികെ എത്താൻ സമയപരിധി നൽകിയിരുന്നു. എന്നാൽ ഇവർ അമേരിക്കയിലേയ്ക്ക് മടങ്ങിയെത്തുന്നത് തടയാൻ 4ചാൻ ഉപയോക്താക്കൾ വിമാനടിക്കറ്റുകൾ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചതും വാർത്തയായിരുന്നു. H-1B വിസയുടെ ഫീസ് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ നടന്ന ഇത്തരം നീക്കങ്ങളാണ് ടെക്കികൾ അടക്കമുള്ള ഇന്ത്യക്കാരെ ആശങ്കപ്പെടുത്തിയത്. എന്നാൽ H-1B വിസ ഫീസ് വർദ്ധനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുമ്പോൾ ശ്രദ്ധേയമാകുന്നത് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ്‌സിന്റെ പഴയ വാക്കുകളാണ്. ബിൽഗേറ്റ്സ് ഇന്ത്യൻ സോഫ്റ്റ്‌വെയര്‍ എൻജിനീയർമാരെ കുറിച്ച് നേരത്തെ പറഞ്ഞ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ ട്രെൻഡിങ് ലിസ്റ്റിലുള്ളത്. ഇന്ത്യ സന്ദർശിച്ച വേളയിലായിരുന്നു ബിൽഗേറ്റ്സിൻ്റെ ഈ പ്രതികരണം.

2024 ഫെബ്രുവരിയിൽ ഡൽഹി ഐഐടിയിൽ നടത്തിയ ഒരു പ്രസംഗമാണ് ഈ നിലയിൽ ചർച്ചയാകുന്നത്. മൈക്രോസോഫ്റ്റിന്‍റെ ആദ്യ നാളുകളെ കുറിച്ചാണ് ബിൽഗേറ്റ്‌സ് സംസാരിക്കുന്നത്. തന്റെ കമ്പനിയുടെ മാറ്റത്തിന് കാരണമായത് ഇന്ത്യയിൽ നിന്നും താൻ കണ്ടെത്തി നിയമിച്ച എൻജിനീയർമാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. '1980കളിൽ, മൈക്രോസോഫ്റ്റ് അതിന്റെ ആദ്യഘട്ടങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. അന്ന് ചുരുക്കം ചില ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഉയർന്ന നിലയിലുള്ള എൻജിനീയർമാരെ റിക്രൂട്ട് ചെയ്യാനുള്ള ഒരു സ്ഥിതി അന്ന് കമ്പനിക്കില്ലായിരുന്നു. ആ സമയം മുതിർന്ന സഹപ്രവർത്തകരിലൊരാൾ പുതിയതായി ഐഐടിയില്‍ നിന്നും പഠിച്ചിറങ്ങിയ ഇന്ത്യക്കാരായ ബിരുദധാരികളെ കമ്പനിക്കായി റിക്രൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. അങ്ങനെ പതിനഞ്ചോളം എൻജിനീയർമാരെയാണ് റിക്രൂട്ട് ചെയ്തത്. ഇത് വളരെ പ്രത്യേകതയുള്ള ഒരു കാര്യമായിരുന്നു' എന്നും ബിൽഗേറ്റ്‌സ് വീഡിയോയില്‍ പറയുന്നുണ്ട്.

Bill Gates
Bill Gates

അക്കാലത്തെ വളരെ നിർണായകമായ ഈ തീരുമാനത്തെ പല മാധ്യമങ്ങളും 'ബ്രയിൻ ഡ്രെയിൻ' എന്ന് പരിഹസിച്ചിരുന്നു. വിദേശികൾ, സ്വദേശികളുടെ ജോലി അവസരങ്ങള്‍ തട്ടിയെടുക്കുന്നതായി അമേരിക്കയിൽ ആശങ്ക ഉയർന്ന സമയമായിരുന്നു അത്. ഇപ്പോൾ H-1B വിസ ഫീസ് വർദ്ധന ചർച്ചയാകുമ്പോഴും അമേരിക്കയിൽ പലരും ചൂണ്ടിക്കാണിക്കുന്നതും സ്വദേശികളുടെ ജോലി നഷ്ടം സംബന്ധിച്ച ആശങ്കകളാണ്.

25വർഷങ്ങള്‍ക്കും വളരെ മുമ്പ് താൻ നടത്തിയ നീക്കം വലിയ മാറ്റങ്ങൾക്കും ഒപ്പം നേട്ടങ്ങൾക്കും കാരണമായെന്നും ബിൽഗേറ്റ്‌സ് പറഞ്ഞിരുന്നു. മൈക്രോസോഫ്റ്റിന്റെ സാങ്കേതി അടിത്തറയ്ക്ക് സ്ഥിരതയും ശക്തിയും നൽകിയത് ഇന്ത്യയിൽ നിന്നും കണ്ടെത്തി നിയമിച്ച എൻജിനീയർമാരാണെന്ന് അദ്ദേഹം ഈ വീഡിയോയിൽ പറഞ്ഞിരുന്നു. ആഗോള സാങ്കേതിക വ്യവസായത്തെ നയിക്കാൻ മൈക്രോസോഫ്റ്റിനെ പ്രാപ്തമാക്കിയതും അവരാണെന്നും അദ്ദേഹം അനുസ്മരിച്ചു. ആധുനിക ഡിജിറ്റൽ ലോകത്തെ വാർത്തെടുക്കാനുള്ള പുത്തൻ കണ്ടുപിടിത്തങ്ങൾ സംഭാവന ചെയ്തവരിൽ അവരുമുണ്ടെന്ന് അദ്ദേഹം വൈറല്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

H-1B വിസയിലെ പുത്തൻ പരിഷ്‌കരണങ്ങളുടെ ഞെട്ടലിലിൽ നിന്നും ടെക്ക് ലോകം ഇനിയും മുക്തി നേടിയിട്ടില്ല. അമേരിക്കയിൽ ഒരു വിഭാഗം, ഇത് ജോലി സാധ്യതകൾ വർധിപ്പിക്കുന്ന പരിഷ്‌കരണമാണെന്ന് അഭിപ്രായപ്പെടുമ്പോൾ സ്വന്തം രാജ്യത്തിൽ നിന്നുള്ളവർ മാത്രമല്ല പുറത്തു നിന്നുള്ളവരും ഒരേ പോലെ വികസനത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് ബിൽഗേറ്റ്‌സിന്റെ വാക്കുകൾ എന്നാണ് ഇപ്പോൾ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: Billgates credits the growth of Microsoft's to 15 Indian engineers

dot image
To advertise here,contact us
dot image