ഹനുമാനെ വ്യാജ ഹിന്ദു ദൈവം എന്ന് വിളിച്ച അലക്സാണ്ടർ ഡങ്കൺ ആരാണ്; ട്രംപിൻ്റെ അനുയായിയെക്കുറിച്ച് അറിയാം

യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തോട് കൂറ് പുലർത്തുന്ന ഡങ്കൻ ഡെമോക്രാറ്റുകൾ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ ഇല്ലാതാക്കുന്നുവെന്ന നിലപാടുകാരനാണ്

ഹനുമാനെ വ്യാജ ഹിന്ദു ദൈവം എന്ന് വിളിച്ച അലക്സാണ്ടർ ഡങ്കൺ ആരാണ്; ട്രംപിൻ്റെ അനുയായിയെക്കുറിച്ച് അറിയാം
dot image

അമേരിക്കയിലെ ടെക്സസിൽ സ്റ്റാച്യു ഓഫ് യൂണിയൻ എന്ന പേരിൽ അറിയപ്പെടുന്ന ഹനുമാൻ പ്രതിമയെക്കുറിച്ചുള്ള റിപ്പബ്ലിക്കൻ പാർട്ടി നേതാവ് അലക്സാണ്ടർ ഡങ്കൻ്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. 'ടെക്സസിൽ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ നമ്മൾ എന്തിനാണ് അനുവദിക്കുന്നത്? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്' എന്ന ഡങ്കൻ്റെ എക്സിലെഴുതിയ കുറിപ്പാണ് വിവാദമായത്. ടെക്സസിലെ ഷുഗർ ലാൻഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന പ്രതിമയുടെ വീഡിയോയും എക്സ് കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. 'ഞാനല്ലാതെ മറ്റൊരു ദൈവവും നിങ്ങൾക്ക് ഉണ്ടാകരുത്. സ്വർഗ്ഗത്തിലോ ഭൂമിയിലോ കടലിലോ ഉള്ള ഒന്നിന്റെയും വിഗ്രഹമോ പ്രതിമയോ ഉണ്ടാക്കരുത്' എന്ന ബൈബിൾ വചനം പങ്കുവെയ്ക്കുന്ന മറ്റൊരു എക്സ് പോസ്റ്റും അലക്സാണ്ടർ ഡങ്കൻ പങ്കുവെച്ചിരുന്നു. ഡങ്കൻ്റെ പരാമർശത്തിനെതിരെ ഹിന്ദു അമേരിക്കൻ ഫെഡറേഷൻ രം​ഗത്ത് വന്നിരുന്നു.

എന്തായാലും ഈ വിവാദത്തോടെ ആരാണ് അലക്സാണ്ടർ ‌ഡങ്കൻ എന്ന് തിരയുകയാണ് ഇന്ത്യക്കാർ. അലക്സാണ്ടർ ഡങ്കൻ ആരാണ്? 2026ലെ തിരഞ്ഞെടുപ്പിൽ ടെക്സസിൽ നിന്ന് അമേരിക്കൻ സെനറ്റിലേക്ക് മത്സരിക്കാൻ പദ്ധതിയിടുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണ് അലക്സാണ്ടർ ഡങ്കൻ. കാലിഫോർണിയയിലെ വലൻസിയയിൽ ജനിച്ച ഡങ്കൻ വെസ്റ്റ് റാഞ്ച് ഹൈസ്കൂളിലായിരുന്നു പഠനം. 2012ൽ ഇർവിനിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദവും 2020ൽ നോർത്ത് ഈസ്റ്റേൺ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. നിയമനിർവ്വഹണ ഉദ്യോഗസ്ഥനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിശ്വാസം, കുടുംബം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ യാഥാസ്ഥിതിക മൂല്യങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തനം നടത്തുന്നയാളാണ് അകല്സാണ്ടർ ഡങ്കൻ. അതിനാൽ തന്നെ തീവ്ര വലതുപക്ഷങ്ങളെയും പരമ്പരാ​ഗത മതവിശ്വാസികളെയും തൃപ്തിപ്പെടുത്തുന്ന ഡങ്കൻ്റെ നിലപാടുകളിൽ അമേരിക്കക്കാർക്ക് അതിശയമുണ്ടാകാൻ വഴിയില്ല. ഹനുമാനെക്കുറിച്ചുള്ള ഡങ്കൻ്റെ പ്രസ്താവന അമേരിക്കയിലെ തീവ്ര വലതുപക്ഷത്തെയും പരമ്പരാ​ഗത-തീവ്ര മതവിശ്വാസികളുടെയും പിന്തുണ ലക്ഷ്യം വെച്ചാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

Alexander Duncan is a republican candidate for US Senate from Texas with strong faith in Christianity and conservative values.

അടിയുറച്ച ക്രിസ്തുമത വിശ്വാസിയാണ് അലക്സാണ്ടർ ഡങ്കൻ അറിയപ്പെടുന്നത്. യേശുക്രിസ്തുവിലുള്ള വിശ്വാസം സ്ഥിരീകരിക്കാൻ ആളുകളെ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം പലപ്പോഴും ബൈബിൾ വചനങ്ങൾ തന്റെ എക്സ് അക്കൗണ്ടിൽ പതിവായി പങ്കുവെയ്ക്കാറുണ്ട്. വിശ്വാസി അല്ലാതിരുന്ന ഡങ്കൻ ഇടക്കാലത്താണ് ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കാൻ തുടങ്ങിയത്. വിശ്വാസവഴിയിൽ അടിയുറച്ച് നിൽക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ഡങ്കൻ കുടുംബത്തോടൊപ്പം കാലിഫോർണിയയിൽ നിന്ന് താമസം മാറിയത്. ദൈവ വിശ്വാസത്തെ നിരാകരിച്ചിരിക്കുന്ന ഒരിടത്ത് തന്റെ കുട്ടികളെ വളർത്താൻ കഴിയാത്തതിനാലാണ് ഡങ്കൻ അങ്ങനെ ചെയ്തതെന്നാണ് റിപ്പോ‍ർട്ടുകൾ. ടെക്സസിൽ നിന്ന് വ്യത്യസ്തമായി കാലിഫോർണിയ റാഡിക്കൽ ഇടതുപക്ഷ നയങ്ങൾ മുന്നോട്ടു വെയ്ക്കുന്നതായാണ് അലക്സാണ്ടർ ഡങ്കൻ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ടെക്സസ് എപ്പോഴും സ്വാതന്ത്ര്യം, വിശ്വാസം, ഭരണഘടനാ മൂല്യങ്ങൾ എന്നീ തത്വങ്ങൾ ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തോട് കൂറ് പുലർത്തുന്ന ഡങ്കൻ ഡെമോക്രാറ്റുകൾ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ ഇല്ലാതാക്കുന്നുവെന്ന നിലപാടുകാരനാണ്. യാഥാസ്ഥിതിക മൂല്യങ്ങൾ ടെക്സസിനെ 'സ്വാതന്ത്ര്യത്തിന്റെ അവസാനത്തെ വലിയ ശക്തികേന്ദ്ര'മാക്കുമെന്നാണ് അദ്ദേത്തിൻ്റെ വാദം.

ടെക്സസിലെ ഷുഗർ ലാൻഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റാച്യു ഓഫ് യൂണിയൻ എന്ന ഹനുമാൻ പ്രതിമയെ പരാമർശിച്ചായിരുന്നു അലക്സാണ്ടർ ഡങ്കൻ്റെ വിവാദ പരാമർശം. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയാണിതെന്നാണ് പറയപ്പെടുന്നത്. ഈ ഹനുമാൻ പ്രതിമയ്ക്ക് 90 അടി ഉയരമുണ്ട്. ശക്തി, ഭക്തി, സേവനം എന്നിവ ചിത്രീകരിക്കുന്ന ഈ പ്രതിമ 2024 ഓഗസ്റ്റ് 18നാണ് അനാച്ഛാദനം ചെയ്യുകയും ചെയ്തത്. എന്തായാലും ഡങ്കൻ്റെ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ രംഗത്തെത്തിയിരുന്നു. ഹിന്ദു വിരുദ്ധവും തീവ്രവികാരമുണർത്തുന്നതുമാണ് റിപ്പബ്ലിക്കൻ നേതാവിന്റെ പരമാർശമെന്നായിരുന്നു ഇവരുടെ വിമർശനം. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ഈ പരാമർശം റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഇതിൽ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഹിന്ദു വിരുദ്ധവും പ്രകോപനപരവുമാണ് അലക്സാണ്ടർ ഡങ്കൻ്റെ എക്സ് പോസ്റ്റെന്നും അവർ കൂട്ടിച്ചർ‌ത്തു. വിവേചനത്തിനെതിരെയുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പരസ്യമായി ലംഘിക്കുന്ന സെനറ്റ് സ്ഥാനാർത്ഥിയായ അലക്സാണ്ടർ ഡങ്കനെ ശിക്ഷിക്കുമോ എന്നും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ റിപ്പബ്ലിക്കൻ പാർട്ടിയോട് ചോദിച്ചിട്ടുണ്ട്.

Content Highlights: Who is Alexander Duncan Texas leader facing backlash for Hanuman statue remarks

dot image
To advertise here,contact us
dot image