ഏറ്റുമുട്ടൽ, വെടിവെയ്പ്പ്; കുറ്റവാളിയെ കീഴടക്കി വനിതാ പൊലീസ് ഉദ്യോഗസ്ഥർ മാത്രം അടങ്ങുന്ന സംഘം

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം

ഏറ്റുമുട്ടൽ, വെടിവെയ്പ്പ്; കുറ്റവാളിയെ കീഴടക്കി വനിതാ പൊലീസ് ഉദ്യോഗസ്ഥർ മാത്രം അടങ്ങുന്ന സംഘം
dot image

ഉത്തര്‍പ്രദേശില്‍ പ്രതികളെ ഏറ്റുമുട്ടലിലൂടെ പിടികൂടുന്നത് ഒരു വാര്‍ത്തയല്ല. എന്നാല്‍ ഇപ്പോള്‍ ഏറ്റുമുട്ടലിലൂടെ പ്രതിയെ പിടികൂടിയത് വാര്‍ത്തകളില്‍ നിറയുകയാണ്. പ്രതിയ്‌ക്കെതിരെ വെടിയുര്‍ത്തിക്കുന്ന നിലയിലേയ്ക്ക് ആ ഏറ്റുമുട്ടല്‍ മാറുകയും ചെയ്തിരുന്നു. ഒരു സംഘം വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തവണ ഏറ്റുമുട്ടലിലൂടെ പ്രതിയെ പിടികൂടിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഏറ്റുമുട്ടലിനും വെടിവയ്പ്പിനും ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥർ മാത്രം അടങ്ങുന്ന ഒരു സംഘം കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നത്.

പതിവ് രാത്രി പരിശോധനയ്ക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. എസ്എച്ച്ഒ മഹിളാ താന, റിതു ത്യാഗി, രണ്ട് വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരായ വിനീത യാദവ്, ഭുവനേശ്വരി സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ജിതേന്ദ്രയെ പിടികൂടി. വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരായ മമത കുമാരി, നീതു സിംഗ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വിജയ് നഗറിലെ സെക്ടര്‍-9ല്‍ താമസിക്കുന്ന ജിതേന്ദ്രയെയാണ് സംഘം പിടികൂടിയത്. ജിതേന്ദ്ര പത്തിലധികം മോഷണ, കവര്‍ച്ച കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. ജിതേന്ദ്രയെ തേടി പൊലീസ് സംഘം എത്തുമ്പോള്‍ ഇരുചക്രവാഹനത്തില്‍ ജിതേന്ദ്ര രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ മറിഞ്ഞതോടെ ജിതേന്ദ്ര ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പൊലീസ് സംഘം ജിതേന്ദ്രയെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചതോടെ കൈയിലിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ച് പ്രതി പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് സംഘം തിരിച്ച് വെടിയുതിര്‍ക്കുകയും കാലിന് വെടിയേറ്റ പ്രതിയെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. വെടിയേറ്റ് വീണ പ്രതിയെ വനിതാ ഉദ്യോഗസ്ഥര്‍ തോളില്‍ ചുമന്നാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്.

പ്രതിയെ ഇവര്‍ പൊലീസ് വാഹനത്തില്‍ തന്നെ ഗാസിയാബാദിലെ എംഎംജി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

വനിതാ ഉദ്യോഗസ്ഥരുടെ ധീരതയെ പൊലീസ് കമ്മീഷണര്‍ ജെ രവീന്ദര്‍ ഗൗഡ് പ്രശംസിച്ചു. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ നിന്ന് ബൈക്കുകളും സ്‌കൂട്ടറുകളും മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. ഫോണുകളും മറ്റ് വസ്തുക്കളും മോഷ്ടിക്കാറുണ്ടെന്നും പ്രതി സമ്മതിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ പക്കല്‍ നിന്ന് പിസ്റ്റളും സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തത്തിട്ടുണ്ട്. ഞായറാഴ്ച മോഷ്ടിച്ചതായി പ്രതി സമ്മതിച്ച ഒരു ഫോണും ടാബ്ലെറ്റും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നിന്ന് മോഷ്ടിച്ചതാണെന്നും പ്രതി സമ്മതിച്ചു.

Content Highlights: A team of female police officers conducted their first-ever encounter in Uttar Pradesh's Ghaziabad

dot image
To advertise here,contact us
dot image