സ്വന്തം വീട്ടിൽ ഒരുമാസം ഡിജിറ്റൽ അറസ്റ്റിൽ; 78കാരന് നഷ്ടമായത് 23 കോടി

പണം ഓരോ തവണ ട്രാൻസ്ഫർ ചെയ്യുമ്പോഴും തട്ടിപ്പുകാർ വ്യാജ ആർബിഐ സർട്ടിഫിക്കറ്റുകളും മൽഹോത്രയ്ക്ക് അയച്ചു നൽകി

സ്വന്തം വീട്ടിൽ ഒരുമാസം ഡിജിറ്റൽ അറസ്റ്റിൽ; 78കാരന് നഷ്ടമായത് 23 കോടി
dot image

റിട്ടയർ ബാങ്ക് ഉദ്യോഗസ്ഥാനായ നരേഷ് മൽഹോത്രയ്ക്ക് ഒരു ജീവിതംകാലം കൊണ്ട് സ്വരുകൂട്ടിയതൊക്കെ ഒറ്റ ഫോൺകോളിൽ നഷ്ടമായിരിക്കുകയാണ്. 78കാരനായ മൽഹോത്ര തന്റെ വീട്ടിൽ ഒരു മാസമാണ് ഡിജിറ്റൽ അറസ്റ്റിൽ കഴിഞ്ഞത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് മൽഹോത്രയ്ക്ക് ഒരു മൊബൈൽ കമ്പനിയുടെ പേരിൽ ഫോൺ കോൾ വരുന്നത്. മുംബൈയിൽ തീവ്രവാദ പ്രവർത്തനത്തിനായുള്ള ഫണ്ടിങിൽ മൽഹോത്രയുടെ ആധാർ കാർഡ് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് അവർ അദ്ദേഹത്തിനെ അറിയിച്ചത്.

തീർന്നില്ല, മുംബൈ പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ച് ഇക്കാര്യത്തിൽ ഉറപ്പുവരുത്തിയ ശേഷം ബാക്കി നടപടികൾ സ്വീകരിക്കാമെന്നാണ് വ്യാജമാർ ഇദ്ദേഹത്തെ വിശ്വസിപ്പിച്ചത്. പിന്നാലെ മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയ ചിലരുമായി അദ്ദേഹം സംസാരിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ ഗൗരവമായ പല കുറ്റങ്ങൾക്കും മൽഹോത്രയുടെ ആധാർ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു ഇവർ അദ്ദേഹത്തെ ധരിപ്പിച്ചത്.

കാര്യങ്ങൾ മറ്റാരോടും പറയരുതെന്നൊരു മുന്നറിയിപ്പും മൽഹോത്രയ്ക്ക് ഇവർ നൽകി. പിന്നാലെ ബാങ്ക് വിവരങ്ങൾ ചോദിക്കുന്നതിനൊപ്പം എത്ര തുക സേവ് ചെയ്തുണ്ടെന്നതടക്കം അറിഞ്ഞുവച്ചു. പതിനാല് ലക്ഷത്തോളം അവർക്ക് അയച്ചുകൊടുക്കാനും ഇത് വെരിഫിക്കേഷന് വേണ്ടി മാത്രമാണെന്നും അവർ പറഞ്ഞത് മൽഹോത്ര വിശ്വസിച്ചു. പണം ഓരോ തവണ ട്രാൻസ്ഫർ ചെയ്യുമ്പോഴും തട്ടിപ്പുകാർ വ്യാജ ആർബിഐ സർട്ടിഫിക്കറ്റുകളും മൽഹോത്രയ്ക്ക് അയച്ചു നൽകി. പണം തിരികെ നൽകുമെന്നും റിസർവ് ബാങ്കിൽ നിന്നുള്ള നോഡൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് മൽഹോത്രയെ സന്ദർശിക്കുമെന്നും തട്ടിപ്പുകാർ അദ്ദേഹത്തെ വിശ്വസിപ്പിച്ചു.

ആദ്യത്തെ തുക ലഭിച്ച് കഴിഞ്ഞപ്പോൾ, തട്ടിപ്പുകാർ അദ്ദേഹത്തിന്‍റെ മ്യൂച്ചല്‍ ഫണ്ട്, എസ്‌ഐപികൾ, മറ്റ് സാമ്പത്തിക ആസ്തികൾ എന്നിവയിലേക്ക് തിരിഞ്ഞു. തന്റെ 25 ശതമാനത്തോളം ആസ്തി പരിശോധിച്ചതിന് ശേഷം ബാക്കി കാര്യങ്ങൾ പരിഗണിക്കാം എന്നാണ് തട്ടിപ്പുകാർ മൽഹോത്രയ്ക്ക് നൽകിയ അറിയിപ്പ്. സഹകരിച്ചില്ലെങ്കിൽ കുടുംബാംഗങ്ങളെ തീവ്രവാദ കേസിൽപ്പെടുത്തുമെന്നായിരുന്നു ഇവരുടെ ഭീഷണി.

സമ്മർദ്ദവും നിരന്തരമായ നിരീക്ഷണവുമാണ് തട്ടിപ്പുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പിന്നാലെ മൽഹോത്ര മൂന്നോളം ബാങ്കുകളിലെത്തി നിക്ഷേപങ്ങളെല്ലാമെടുത്ത് തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് അയച്ചുനൽകി. ഓരോ ട്രാൻസ്ഫറിനും ശേഷം വ്യാജ ആർബിഐ സർട്ടിഫിക്കറ്റുകൾ മൽഹോത്രയ്ക്ക് ലഭിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ സെപ്തംബർ 4വരെ മൽഹോത്ര തട്ടിപ്പിനിരയായി.

ഏറ്റവും ഒടുവില്‍ സുപ്രീം കോടതിയാണ് ഇപ്പോൾ കാര്യങ്ങൾ നിരീക്ഷിക്കുന്നതെന്നും അഞ്ച് കോടിയോളം പശ്ചിമബംഗാളിലുള്ള സ്വകാര്യ അക്കൗണ്ടിലേക്ക് അയക്കണമന്നുമായിരുന്നു ആവശ്യം. ഇതും ട്രാൻസ്ഫർ ചെയ്തതിന് പിന്നാലെ തട്ടിപ്പുകാർ മൽഹോത്രയെ ബന്ധപ്പെടുന്നത് അവസാനിപ്പിച്ചു. ഇതോടെയാണ് തനിക്ക് പറ്റിയ അബദ്ധം അദ്ദേഹം മനസിലാക്കുന്നതും പൊലീസില്‍ വിവരം അറിയിക്കുന്നതും. തന്‍റെ അനുഭവം എല്ലാവർക്കും ഒരു പാഠമായിരിക്കണമെന്നാണ് അദ്ദേഹം നിറകണ്ണുകളോടെ പ്രതികരിച്ചത്. അവസാനക്കാലത്തേക്ക് മാറ്റിവച്ച എല്ലാ സമ്പാദ്യവും അദ്ദേഹത്തിന് നഷ്ടപ്പെട്ട് കഴിഞ്ഞു.

പല അക്കൗണ്ടുകളിലായാണ് പണം പോയിരിക്കുന്നത്. ഇവയെല്ലാം പിൻവലിച്ചിരിക്കുന്നത് രാജ്യത്തെ പല സ്ഥലങ്ങളിൽ നിന്നാണ്. ഒന്നും രണ്ടുമല്ല നാലായിരിത്തോളം അക്കൗണ്ടുകളാണ് ഫണ്ടുകൾ കൈക്കലാക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്നും ദില്ലി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Scammers snatched 23 crore from ex banker

dot image
To advertise here,contact us
dot image