Top

സൗജന്യ റേഷൻ മൂന്ന് മാസം കൂടി തുടരും; ആദ്യ തീരുമാനവുമായി യോ​ഗി മന്ത്രിസഭ

26 March 2022 8:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗജന്യ റേഷൻ മൂന്ന് മാസം കൂടി തുടരും; ആദ്യ തീരുമാനവുമായി യോ​ഗി മന്ത്രിസഭ
X

ലഖ്നൗ: യുപിയിൽ നിലവിൽ നൽകി വരുന്ന സൗജന്യ റേഷൻ മൂന്ന് മാസത്തേക്ക് കൂടി തുടരാൻ തീരുമാനം. യോ​ഗി സർക്കാരിന്റെ രണ്ടാം വരവിലെ ആദ്യ മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. 15 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ഉപകാരപ്പെടുമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു. 3270 കോടി രൂപയാണ് പദ്ധതി തുടരുന്നതിനായി നീക്കി വെക്കുന്നതെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് പറഞ്ഞു. കൊവിഡ് വ്യാപന സമയത്ത് പ്രഖ്യാപിച്ച സൗജന്യ റേഷൻ പദ്ധതി മാർച്ച് മാസത്തോടെ അവസാനിക്കാനിരുന്നതായിരുന്നു.

ഇന്നലെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോ​ഗി ആദിത്യ നാഥ് സത്യപ്രതിജ്ഞ ചെയ്തത്. യോ​ഗിക്കൊപ്പം 52 മന്ത്രിമാർ കൂടി സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലേറി. 16 പേര്‍ക്ക് ക്യാബിനറ്റ് പദവിയും സ്വതന്ത്ര ചുമതലയുള്ള 14 മന്ത്രിമാരും മന്ത്രിസഭയില്‍ ഉണ്ടാവും. അഞ്ച് പേര്‍ വനിതകളാണ്. ഒന്നാം യോഗി സര്‍ക്കാരിലെ 21 പേര്‍ മന്ത്രിമാരായി തുടരും. 31 പേര്‍ പുതുമുഖങ്ങളാണ്. കഴിഞ്ഞ മന്ത്രിസഭയിലെ 22 മന്ത്രിമാര്‍ക്ക് വീണ്ടും അവസരം ലഭിച്ചില്ല.

മുന്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യയും പുതിയ മന്ത്രിസഭയില്‍ ഉണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ്, നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ്, പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ എകെ ശര്‍മ്മ, കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ജിതിന്‍ പ്രസാദ എന്നിവരാണ് മന്ത്രിസഭയിലേക്കെത്തിയ പ്രമുഖര്‍.

അടല്‍ ബിഹാരി വാജ്‌പേയി ഏകാന സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

story highlight: yogi adityanath governments first decision in 2nd term; free ration scheme extended

Next Story