Top

നിർബന്ധിത മതപരിവർത്തനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹർജി; വാട്സ്ആപ്പിൽ വരുന്ന വിവരങ്ങളുമായി വന്നിട്ട് കാര്യമില്ലെന്ന് കോടതി

സാമൂഹിക മാധ്യമങ്ങളിൽ നേരും നുണയും പ്രചരിക്കാറുണ്ട്. ആ വിവരങ്ങളെല്ലാം ആധികാരികമല്ല.

3 Jun 2022 5:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിർബന്ധിത മതപരിവർത്തനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹർജി; വാട്സ്ആപ്പിൽ വരുന്ന വിവരങ്ങളുമായി വന്നിട്ട് കാര്യമില്ലെന്ന് കോടതി
X

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം തടയണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയ ബിജെപി നേതാവ് അശ്വിനി കുമാർ ഉപധ്യായയക്ക് തിരിച്ചടി. ആധികാരിക വിവരങ്ങളില്ലാതെ ഹർജിയിൽ ഇടപെടാൻ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് സച്ദേവ്, തുഷാർ റാവു ​ഗഡേല എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. വാട്സ്ആപ്പിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വരുന്ന വിവരങ്ങളുമായി വന്നിട്ട് കാര്യമില്ലെന്നും കോടതി ഹർജിക്കാരനോട് മറുപടി നൽകി. കൺകെട്ടുവിദ്യയും, അത്ഭുത പ്രവൃത്തി മറയാക്കിയും നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഇത് സർക്കാർ ഇടപെട്ട് നിർത്താലക്കണമെന്നായിരുന്നു ഹർജിയിൽ പറഞ്ഞത്.

വാട്സ്ആപ്പിലും മറ്റു സമൂഹിക മാധ്യമങ്ങളിലും വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അശ്വിനി കുമാർ ഉപധ്യായ ഹർജി‍ നൽകിയത്. എന്നാൽ കോടതി ഇത് അം​ഗീകരിച്ചില്ല. സാമൂഹിക മാധ്യമങ്ങളിൽ നേരും നുണയും പ്രചരിക്കാറുണ്ട്. ആ വിവരങ്ങളെല്ലാം ആധികാരികമല്ല. മതം മാറ്റം ഇന്ത്യയിൽ നിരോധിക്കപ്പെട്ടതല്ല, ഏതു മതം തെരഞ്ഞെടുക്കുവാനും അതിൽ വിശ്വാസിക്കുവാനും ഓരോ വ്യക്തിക്കും ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. എന്നും ഹർജി പരി​ഗണിക്കവെ കോടതി പറഞ്ഞു.

നിർബന്ധിച്ചാണ് മതം മാറ്റുന്നതെങ്കിൽ, അത് വേറെ വിഷയമാണ്. മതം മാറുന്നത് വ്യക്തികളുടെ ഇഷ്ടമാണ്. പൊതുതാൽപര്യമെന്ന പേരിൽ നൽകിയ ഹർജി പരിഗണിക്കണമെങ്കിൽ തെളിവ് കോടതിക്ക് നല്‍കണം. അല്ലാതെ കേട്ടുകേൾവിയുമായി സമീപിക്കരുത് എന്നും കോടതി കൂട്ടിച്ചേർത്തു.

ഹർജി ഭേദ​ഗതി ചെയ്ത് നൽകണം അല്ലെങ്കിൽ രേഖകളുമായി വരണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. നിങ്ങൾക്ക് നേരിട്ട് കിട്ടാത്ത തെളിവ് മറ്റൊരു വഴിക്ക് നൽകാനാവില്ലെന്ന് കോടതി ഓർമിപ്പിച്ചു. താൽപര്യമുണ്ടെങ്കിൽ സർക്കാറിന് നടപടിയെടുക്കാം എന്ന പരാമർശത്തോടെ കോടതി മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെക്കുകയും ചെയ്തു.

STORY HIGHLIGHTS: WhatsApp, Social Media Cannot form Basis of Petitions Delhi HC on BJP Leader Plea

Next Story