ബീഫ് വിറ്റെന്ന് ആരോപണം: രണ്ടുപേരെ അര്‍ദ്ധനഗ്നരാക്കി റോഡിലൂടെ നടത്തിച്ച് പൊലീസ്, വീഡിയോ
ഇരുവരേയും ജനങ്ങൾ മര്‍ദ്ദിക്കുകയും റോഡിലൂടെ അടിവസ്ത്രം ധരിപ്പിച്ച് നടത്തിക്കുകയും ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
2 Nov 2022 3:35 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിലസ്പുര്: ബിലസ്പൂരിൽ ബീഫ് വിൽപ്പന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ട് പേരെ അർദ്ധനഗ്നരാക്കി റോഡിലൂടെ നടത്തിയ ഛത്തീസ്ഗഢ് പൊലീസിന്റെ നടപടി വിവാദത്തിൽ. സുമിത് നായർ എന്നയാളുടെ പരാതിയിൽ നര്‍സിംങ് ദാസ് (50), രാം നിവാസ് മെഹര്‍(52) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയതത്. ഇരുവരേയും ജനങ്ങൾ മര്‍ദ്ദിക്കുകയും റോഡിലൂടെ അടിവസ്ത്രം ധരിപ്പിച്ച് നടത്തിക്കുകയും ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇന്നലെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യവെ ഇരുവരും ചാക്കില്‍ മാംസം പൊതിഞ്ഞു കെട്ടി കൊണ്ടു പോകുന്ന വഴിയാണ് പൊലീസ് പിടികൂടിയത്. ചാക്കിലുണ്ടായിരുന്നത് 33 കിലോ ബീഫാണെന്നാണ് ആരോപണം. എന്നാൽ കണ്ടെടുത്ത മാംസം മൃഗഡോക്ടര്‍ പരിശോധിച്ചുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും പരിശോധന റിപ്പോര്‍ട്ടില്‍ ബീഫാണെന്ന കാര്യം പ്രത്യേകം പരാമർശിച്ചിട്ടില്ല.
അടിവസ്ത്രം മാത്രം ധരിപ്പിച്ച് റോഡിലൂടെ നടത്തിക്കുന്ന ഇരുവർക്കുമെതിരെ ആൾക്കൂട്ടം കൂവിവിളിക്കുന്നത് വീഡിയോയിലുണ്ട്. ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ പ്രതികളിലൊരാളെ ചവിട്ടുകയും ചെയ്തു. പലരും സംഭവം ഫോണില്‍ റെക്കോഡ് ചെയ്തിട്ടുണ്ട്.
STORY HIGHLIGHTS: Two men undressed and thrashed for selling beef
- TAGS:
- BEEF
- Chhattisgarh
- attack
- Police