Top

സ്റ്റാലിന്‍ തരംഗം തുടര്‍ന്ന് തമിഴ്‌നാട്; തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി ഡിഎംകെ സഖ്യം

13 Oct 2021 7:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്റ്റാലിന്‍ തരംഗം തുടര്‍ന്ന് തമിഴ്‌നാട്; തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി ഡിഎംകെ സഖ്യം
X

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി ഡിഎംകെ. 1381 പഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 1100 സീറ്റും സ്വന്തമാക്കിയാണ് ഭരണകക്ഷിയായ ഡിഎംകെ സഖ്യം വന്‍ വിജയം നേടിയത്. ഏതാണ്ട് 70 ശതമാനം ത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴാണ് ഭരണകക്ഷിയുടെ വന്‍ വിജയം പ്രഖ്യാപിക്കപ്പെട്ടത്. 140 ഓളം ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.

മുഖ്യമന്ത്രി സ്റ്റാലിന്റെ ഭരണ മികവിന് വോട്ട് തേടിയാണ് ഡിഎംകെ സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണം വിജയം കണ്ടെന്ന് വ്യക്തമാക്കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. സര്‍ക്കാറിന്റെ ആറുമാസത്തെ ഭരണ നേട്ടമാണ് വലിയ വിജയത്തിന് പിന്നിലെന്ന് വോട്ടര്‍മാക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രതികരിച്ചു.

ജില്ലാ പഞ്ചായത്തുകളില്‍ നിന്നും ഡിഎംകെ സഖ്യത്തിന്റെ വന്‍ വിജയം തന്നെയാണ് പുറത്തുവരുന്നത്. ഒക്ടോബര്‍ ആറിനും ഒന്‍പതിനുമായി രണ്ടുഘട്ടങ്ങളിലായാണ് തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടന്നത്. ഒന്‍പത് ജില്ലകളിലായി 74 തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്. കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട, തെങ്കാശി. വെല്ലൂര്‍, റാണിപെട്ട്, തിരപ്പട്ടൂര്‍, തിരുനെല്‍വേലി, വില്ലാപുരം, കല്ലക്കുറിച്ചി എന്നിവയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന ജില്ലകള്‍.

അതേസമയം പ്രതിപക്ഷമായ എഐഡിഎംകെക്ക് കനത്ത തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നേരിടേണ്ടി വന്നതെന്നാണ് ആദ്യ ഫല സൂചന നല്‍കുന്നത്. എഐഡിഎംകെയുടെ സഖ്യ കക്ഷിയായ ബിജെപി കല്ലക്കുറിച്ചി ജില്ലയില്‍ മാത്രമാണ് ഒറ്റയ്ക്കു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. അതേസമയം മറ്റൊരു സഖ്യ കക്ഷിയായ പിഎംകെ ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 77.4 ശതമാനം പേരും രണ്ടാംഘട്ടത്തില്‍ 78.5ശതമാനം പേരുമാണ് തെരഞ്ഞെടുപ്പില്‍ സമ്മതിദാനം വിനിയോഗിച്ചത്.

Popular Stories

    Next Story