Top

വസ്ത്രത്തിന് മുകളിലൂടൈ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുന്നത് കുറ്റകരം; വിവാദ 'സ്‌കിന്‍ ടു സ്‌കിന്‍' വിധി സുപ്രീം കോടതി റദ്ദാക്കി

18 Nov 2021 9:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വസ്ത്രത്തിന് മുകളിലൂടൈ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുന്നത് കുറ്റകരം; വിവാദ സ്‌കിന്‍ ടു സ്‌കിന്‍ വിധി സുപ്രീം കോടതി റദ്ദാക്കി
X

വസ്ത്രത്തിന് മുകളിലൂടെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുന്നത് കുറ്റകരമെന്ന് സുപ്രീം കോടതി. പോക്‌സോ കേസില്‍ ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗികാതിക്രം അല്ലെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

പോക്‌സോ നിയമ പ്രകാരം ലൈംഗികാതിക്രമം നടന്നെന്ന് തെളിയിക്കാന്‍ സ്‌കിന്‍ ടു സ്‌കിന്‍ സമ്പര്‍ക്കം അത്യാവശ്യമാണ് എന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. വിധിക്കെതിരെ ദേശീയ വനിത കമ്മീഷന്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഭേല എം ത്രിവേദി എന്നിവരുടെ സുപ്രധാന നീരീക്ഷണം.

പോക്‌സോ നിയമത്തിലെ സെക്ഷന്‍ 7 പ്രകാരം 'സ്പര്‍ശനം' അല്ലെങ്കില്‍ 'ശാരീരിക സമ്പര്‍ക്കം' എന്നിവയുടെ നിര്‍ണ്ണയം തികച്ചും അസംബന്ധമാണെന്നും ഈ നിര്‍ദേശം കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ പോക്‌സോ നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ തന്നെ നശിപ്പിക്കുമെന്നും വിധിയുടെ പ്രധാന ഭാഗങ്ങള്‍ വായിച്ചുകൊണ്ട് ജസ്റ്റിസ് ബേല ത്രിവേദി പറഞ്ഞു.

നിയമത്തില്‍ പറയുന്ന 'ചര്‍മ്മവും ചര്‍മ്മവും തമ്മിലുള്ള സമ്പര്‍ക്കം എന്ന തരത്തിലേക്ക് 'സ്പര്‍ശനം', 'ശാരീരിക സമ്പര്‍ക്കം' എന്നീ പദപ്രയോഗങ്ങളുടെ അര്‍ത്ഥം പരിമിതപ്പെടുത്തുന്നത് തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയാക്കും. അത്തരമൊരു വ്യാഖ്യാനം നില നില്‍ക്കുമ്പോള്‍ അക്രമി കയ്യുറകളോ മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ശിക്ഷ ലഭിക്കില്ല എന്ന നിലവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ബോംബെ ഹൈക്കോടതിയുടെ വിധി ഒരു കുട്ടിക്ക് നേരെ നടക്കുന്ന അതിക്രമത്തെ നിയമാനുസൃതമാക്കുന്നതെന്നായിരുന്നു ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടിന്റെ നിരീക്ഷണം. ഹൈക്കോടതി വിധി കുട്ടികളുടെ അന്തസ്സിന് തുരങ്കംവെക്കുന്ന അതിക്രമങ്ങളെ നിസ്സാരമാക്കി കാണിക്കുന്നതും സാധാരണവല്‍ക്കരിക്കുകയും ചെയ്തു. ഇത്തരമൊരു നിഗമനത്തിലെത്തുന്നതില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റിയെന്നും കോടതി ചൂണ്ടിക്കാട്ടി.



Next Story