Top

ഷിൻഡെ ക്യാമ്പിന് ആശ്വാസം; അയോ​ഗ്യത നോട്ടീസിന് മറുപടി നൽകാനുളള സമയപരിധി നീട്ടി നൽകി സുപ്രീം കോടതി

ജൂലൈ പതിനൊന്നിന് കേസ് വീണ്ടും പരി​ഗണിക്കും.

27 Jun 2022 11:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷിൻഡെ ക്യാമ്പിന് ആശ്വാസം; അയോ​ഗ്യത നോട്ടീസിന് മറുപടി നൽകാനുളള സമയപരിധി നീട്ടി നൽകി സുപ്രീം കോടതി
X

ന്യൂദൽഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ചുക്കാൻ പിടിച്ച വിമത എംഎൽഎമാർക്ക് താത്കാലിക ആശ്വാസമായി സുപ്രീം കോടതി വിധി. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ നൽകിയ അയോ​ഗ്യത നോട്ടീസിന് മറുപടി നൽകാനുളള സമയപരിധി കോടതി നീട്ടി നൽകി. ഇത് സംബന്ധിച്ച് ഡെപ്യൂട്ടി സ്പീക്കർക്കും ചീഫ് വിപ്പ് സുനിൽ പ്രഭു, നിയമസഭാ കക്ഷി നേതാവ് അനിൽ ചൗധരി, കേന്ദ്രസർക്കാർ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജൂലൈ 12 വരെയാണ് സമയപരിധി നീട്ടി.

ജൂലൈ പതിനൊന്നിന് കേസ് വീണ്ടും പരി​ഗണിക്കും. വിമത എംഎൽഎമാർക്കും അവരുടെ കുടുംബാം​ഗങ്ങളുടേയും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഇടക്കാല ഉത്തരവിൽ കോടതി നിർദ്ദേശിച്ചു. പലയിടങ്ങളിലായി എംഎൽഎമാരുടെ വീടുകളും ഓഫീസും ആക്രമിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംരക്ഷണം നൽകാൻ കോടതി നിർദേശം.

അയോഗ്യരാക്കുന്നതിനെതിരെ ഏക്‌നാഥ് ഷിൻഡെയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. അയോഗ്യരാകാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെയടക്കം വിമത വിഭാഗത്തിലെ 16 എംഎൽഎമാർക്ക് മഹാരാഷ്ട്ര നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചിരുന്നു. തിങ്കളാഴ്ചക്കകം മറുപടി നൽകണമെന്നായിരുന്നു നോട്ടീസിലെ നിർദേശം.

സ്വതന്ത്രർ ഉൾപ്പെടെ അമ്പതോളം എംഎൽഎമാരുടെ പിന്തുണ ഷിൻഡെ അവകാശപ്പെടുന്നത്. അതിനിടെ മഹാരാഷ്ട്ര മന്ത്രി ഉദയ് സാവന്ത് ഷിൻഡെക്കൊപ്പം ചേർന്നു. വിമതർക്കൊപ്പം ചേരുന്ന എട്ടാമത്തെ മന്ത്രിയാണ് ഉദയ് സാവന്ത്. തർക്കങ്ങൾക്കിടയിലും തങ്ങൾ പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേന (ബാലാസാഹെബ്) എന്ന പേരിൽ പുതിയ വിഭാഗമായി പ്രവർത്തിക്കുമെന്നാണ് ഷിൻഡെ ക്യാമ്പ് പറയുന്നത്. ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവിന്റെ പിതാവുമായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് ശിവസേന.

STORY HIGHLIGHTS: Court Relief For Rebel Sena MLAs, A Deadline Pushed To July 12

Next Story