Top

ജഹാംഗീര്‍പുരിയില്‍ സുപ്രീം കോടതി ഇടപെടല്‍; ഒഴിപ്പിക്കല്‍ നിര്‍ത്താന്‍ നിര്‍ദേശം

20 April 2022 6:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജഹാംഗീര്‍പുരിയില്‍ സുപ്രീം കോടതി ഇടപെടല്‍; ഒഴിപ്പിക്കല്‍ നിര്‍ത്താന്‍ നിര്‍ദേശം
X

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തണമെന്ന് സുപ്രീം കോടതി. ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ ജഹാംഗീര്‍പുരിയില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് മേഖലയില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളുമായി നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നോട്ട് പോയത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ മുതല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടാവുന്നത്.

ജഹാംഗീര്‍ പുരിയില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഒഴിപ്പിക്കല്‍ ഉത്തരവിന് എതിരായ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ ഇടപടല്‍. വിഷയം കോടതി നാളെ വീണ്ടും പരിഗണിക്കും.

പുതിയ സാഹചര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം അനുസരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജ ഇഖ്ബാല്‍ സിങാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ഒമ്പതര മുതല്‍ ജഹാംഗീര്‍പുരിയില്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചിരുന്നു. പൊതുമരാമത്ത്, തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ്, വര്‍ക്ക്സ് ആന്‍ഡ് മെയിന്റനന്സ് ഡിപ്പാര്‍ട്ട്മെന്റ്, ആരോഗ്യ വകുപ്പ്, വെറ്റിനറി ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു നടപടികള്‍ പുരോഗമിച്ചത്.

നേരത്തെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ അനധികൃത കയ്യേറ്റങ്ങള്‍ തിരിച്ചറിഞ്ഞ്, ഒഴിപ്പിക്കണമെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് മേയറോട് ആവശ്യപ്പെട്ടിരുന്നു. ഇവിടെയുള്ള നിര്‍മ്മാണങ്ങള്‍ തകര്‍ത്തുകളയണമെന്നും അദേഷ് ഗുപ്ത ആവശ്യപ്പെട്ടിരുന്നു. ജഹാംഗീര്‍ പുരിയില്‍ കയ്യേറ്റവും 'ഗുണ്ടാരാജും' നിലനില്‍ക്കുന്നുണ്ടെന്ന് നോര്‍ത്ത് വെസ്റ്റ് ജില്ല സോണ്‍ ചെയര്‍മാന്‍ സിവില്‍ ലൈന്‍സ് നവീന്‍ ത്യാഗിയും ആരോപിച്ചിരുന്നു.

Content Highlight: Supreme Court halts demolition Delhi's violence hit Jahangirpuri

Next Story