'മൈതാനത്തെ റൂട്ട് മാര്‍ച്ചിന് താല്പര്യമില്ല'; മദ്രാസ് ഹൈക്കോടതി ഉത്തരവില്‍ പദസഞ്ചലനം ഉപേക്ഷിച്ച് ആര്‍എസ്എസ്
നവംബര്‍ ആറിന് നടക്കേണ്ടിയിരുന്ന മാര്‍ച്ചിന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയത്.
5 Nov 2022 2:53 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ ഞായറാഴ്ച്ച നടത്താനിരുന്ന റോഡ് മാര്‍ച്ച് ആര്‍എസ്എസ് ഉപേക്ഷിച്ചു. പ്രത്യേകം നിശ്ചയിക്കപ്പെട്ട ഗ്രൗണ്ടിലോ സ്റ്റേഡിയത്തിലോ മാര്‍ച്ച് നടത്തണം എന്ന മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ആര്‍എസ്എസ് മാര്‍ച്ച് ഉപേക്ഷിച്ചത്. കോടതി ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍എസ്എസ് നിലപാട്.
നവംബര്‍ ആറിന് നടക്കേണ്ടിയിരുന്ന മാര്‍ച്ചിന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയത്.സംസ്ഥാനത്തുടനീളം 44 കേന്ദ്രങ്ങളില്‍ നടത്താനാണ് കോടതി നിര്‍ദേശം. നേരത്തെ സംസ്ഥാനത്തെ 50 കേന്ദ്രങ്ങളില്‍ മാര്‍ച്ചിന് അനുമതി തേടിയ സംഘടനയ്ക്ക് മൂന്നിടങ്ങളില്‍ മാത്രമായിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതിനെതിരെയാണ് ആര്‍എസ്എസ് കോടതിയെ സമീപിച്ചത്.
'കശ്മീരിലും പശ്ചിമബംഗാളിലും കേരളത്തിലും ഉള്‍പ്പെടെ പൊതുസ്ഥലത്ത് റോഡ് മാര്‍ച്ച് നടന്നിട്ടുണ്ട്. തമിഴ്നാട്ടില്‍ നവംബര്‍ ആറിന് നടത്താനിരുന്ന റോഡ് മാര്‍ച്ച് ഉപേക്ഷിക്കുകയാണ്. വിഷയത്തില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും.' എന്നാണ് ആര്‍എസ്എസ് പ്രസ്താവനയില്‍ അറിയിച്ചത്. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി, നാഗര്‍കോവില്‍ ഉള്‍പ്പെടെ ആറിടങ്ങളിലും കോടതി മാര്‍ച്ചിന് അനുമതി നല്‍കിയിരുന്നില്ല.
ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന ആര്‍എസ്എസ് മാര്‍ച്ചിന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ വിലക്ക് പരിഗണിച്ചാണ് അന്ന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. തുടര്‍ന്ന് ആര്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി സര്‍ക്കാര്‍ തീരുമാനത്തെ ശരിവെക്കുകയായിരുന്നു.
Story Highlights: RSS cancels Tamil nadu road march tomorrow