Top

'അഗ്‌നിപഥ്': രാജ്‌നാഥ് സിംഗിന് സമര്‍പ്പിച്ച കത്തില്‍ ഒപ്പിടുന്നതില്‍ നിന്ന് മനീഷ് തിവാരി വിട്ടു നിന്നു

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി വിയോജിച്ചിരുന്ന ജി23 അംഗങ്ങളില്‍ ഒരാളായ തിവാരി ഒപ്പിട്ടവരില്‍ ഉണ്ടായിരുന്നില്ല

11 July 2022 4:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഗ്‌നിപഥ്: രാജ്‌നാഥ് സിംഗിന് സമര്‍പ്പിച്ച കത്തില്‍ ഒപ്പിടുന്നതില്‍ നിന്ന് മനീഷ് തിവാരി വിട്ടു നിന്നു
X

ന്യൂഡല്‍ഹി: സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥില്‍ എതിര്‍പ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് സമര്‍പ്പിച്ച കത്തില്‍ ഒപ്പിടുന്നതില്‍ നിന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി വിട്ടുനിന്നു. രാജ്‌നാഥ് സിംഗും മൂന്ന് സേനാ മേധാവികളും 'അഗ്‌നിപഥ്' പദ്ധതിയെക്കുറിച്ച് പാര്‍ലമെന്ററി പാനലിന് വിശദീകരിച്ചു. പദ്ധതിയെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുകയും പല പ്രതിപക്ഷ പാര്‍ട്ടികളും പദ്ധതിയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ജൂലൈ 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ദിവസങ്ങള്‍ക്ക് മുന്നോടിയായാണ് പ്രതിപക്ഷം വിഷയം ഉയര്‍ത്തിക്കാട്ടുന്നത്. കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), ആര്‍ജെഡി എന്നിവയില്‍ നിന്നുള്ളവരില്‍ കുറഞ്ഞത് ആറ് എംപിമാരെങ്കിലും പുതിയ റിക്രൂട്ട്‌മെന്റ് സ്‌കീമിനെതിരെ എതിര്‍പ്പ് ഉന്നയിക്കുകയും ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് അവര്‍ പ്രതിരോധ മന്ത്രിക്ക് കൈകൊണ്ട് എഴുതിയ കുറിപ്പും നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശക്തിസിന്‍ഹ് ഗോഹില്‍, രജനി പാട്ടീല്‍ (ഇരുവരും കോണ്‍ഗ്രസ്), സുപ്രിയ സുലെ (എന്‍സിപി), സൗഗത റോയ്, സുദീപ് ബന്ദ്യോപാധ്യായ (ഇരുവരും ടിഎംസി), എഡി സിംഗ് (ആര്‍ജെഡി) എന്നിവരും ഒപ്പിട്ട എംപിമാരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി വിയോജിച്ചിരുന്ന ജി23 അംഗങ്ങളില്‍ ഒരാളായ തിവാരി ഒപ്പിട്ടവരില്‍ ഉണ്ടായിരുന്നില്ല. പദ്ധതിയെ പരസ്യമായി പുകഴ്ത്തുകയും വിഷയത്തില്‍ തന്റെ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുകയും ചെയ്ത കോണ്‍ഗ്രസ് എംപിക്ക്, പദ്ധതി ഏതെങ്കിലും വിധത്തില്‍ പെന്‍ഷന്‍ ബില്ലിനെ ബാധിക്കുമോ എന്ന് അറിയാന്‍ ആഗ്രഹം ഉണ്ടായിരുന്നു. പദ്ധതി് അത്യാധുനിക തലത്തിലുള്ള പ്രവര്‍ത്തന സന്നദ്ധത കുറയ്ക്കുമോയെന്നും അദ്ദേഹം ചോദിച്ചു, എന്നാല്‍ പ്രവര്‍ത്തന സന്നദ്ധത ഒരു തലത്തിലും കുറയില്ലെന്നായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.

അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചുള്ള തിവാരിയുടെ വീക്ഷണം അദ്ദേഹത്തിന്റെ വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. ലോക്‌സഭയില്‍ നിന്ന് 13 പേരും രാജ്യസഭയില്‍ നിന്ന് ഏഴ് പേരും ഉള്‍പ്പെടെ 20 എംപിമാരാണ് സമിതിയില്‍ ഉള്ളത്. തിങ്കളാഴ്ചത്തെ യോഗത്തില്‍ 12 എംപിമാര്‍ പങ്കെടുത്തിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

Story highlights: 'Agnipath': Manish Tiwari abstains from signing letter submitted to Rajnath Singh

Next Story