Top

ആന്ധ്രാ മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ്; മുന്‍ രഞ്ജി ക്രിക്കറ്റ് താരം അറസ്റ്റില്‍

15 March 2023 11:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആന്ധ്രാ മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ്; മുന്‍ രഞ്ജി ക്രിക്കറ്റ് താരം അറസ്റ്റില്‍
X

ഹൈദരാബാദ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍. 2014 മുതല്‍ 2016 വരെ ആന്ധ്ര രഞ്ജി ക്രിക്കറ്റ് ടീമംഗമായിരുന്ന നാഗരാജു ബുദുമുരു(28) ആണ് അറസ്റ്റിലായത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ടോണിക് കമ്പനിയില്‍ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടാണ് പരാതി. മുംബൈ സൈബര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തെ ക്രിക്കറ്റ് താരങ്ങളുടെ വളര്‍ച്ചക്കായി സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യപ്പെട്ടാണ് കമ്പനിയെ ബന്ധപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. ക്രിക്കറ്റ് താരം റിക്കി ഭൂയിയെ സ്‌പോണ്‍സര്‍ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ബന്ധപ്പെട്ടത്. ഇതുപോലെ 60 കമ്പനികളില്‍ നിന്നായി മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കമ്പനിയെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി വ്യാജ രേഖകള്‍ പ്രതി കമ്പനിക്ക് മെയില്‍ അയച്ചു നല്‍കിയിരുന്നു. നാഷണല്‍ അക്കാദമിയുമായി നല്ല ബന്ധമുണ്ടെന്നും പ്രതി കമ്പനി മാനേജറെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച കമ്പനി 12 ലക്ഷം രൂപ നല്‍കി. പിന്നീട് അക്കാദമിയില്‍ ബന്ധപ്പെട്ടപ്പോഴാണ് വിവരം പുറത്ത് വരുന്നത്. ഇതോടെ കമ്പനി പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പണം അയച്ച അക്കൗണ്ട് പരിശോധന നടത്തിയതോടെയാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയില്‍ നിന്നും ഏഴര ലക്ഷം രൂപയും പൊലീസ് പിടികൂടി. 2018ലാണ് താരം ക്രിക്കറ്റ് കളി അവസാനിപ്പിച്ചത്.

STORY HIGHLIGHTS: Former Ranji cricketer from AP arrested in vishing Case

Next Story