ഇന്ത്യയിൽ കൊവിഡ് നാലാം തരംഗം ജൂണിലുണ്ടാവുമെന്ന് പ്രവചനം
ആദ്യ രണ്ട് വ്യാപനവുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവെ മൂന്നാം തവണ കാര്യമായ അപകടം സൃഷ്ടിച്ചിരുന്നില്ല. നാലാം തവണയും സമാനമായിരിക്കുമോയെന്ന് വ്യക്തമല്ല.
27 Feb 2022 10:45 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡെൽഹി: ഇന്ത്യയിൽ കൊവിഡ് നാലാം തരംഗം ജൂണിലുണ്ടായേക്കുമെന്ന് പ്രവചനം. ഐഐടി കാൻപുർ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നാം തരംഗത്തിൽ നിന്ന് വിപരീതമായി ജൂണിലെ വ്യാപനം നാല് മാസം വരെ നീണ്ടുനിൽക്കാമെന്നും പ്രവചനത്തിൽ വ്യക്തമാക്കുന്നുണ്ട്. ജൂൺ 22ന് ആരംഭിക്കുന്ന നാലാം തരംഗം ഒക്ടോബർ 24 വരെ നീണ്ടുനിൽക്കും. ആഗസ്റ്റ് 23 ഓടെ തരംഗം പാരമ്യത്തിലെത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
മൂന്നാം തരംഗം പ്രവചിക്കപ്പെട്ടതിലും വേഗത്തിൽ പാരമ്യത്തിലെത്തിയിരുന്നു. ആദ്യ രണ്ട് വ്യാപനവുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവെ മൂന്നാം തവണ കാര്യമായ അപകടം സൃഷ്ടിച്ചിരുന്നില്ല. നാലാം തവണയും സമാനമായിരിക്കുമോയെന്ന് വ്യക്തമല്ല. അതേസമയം കേരളത്തിലെ കൊവിഡ് വ്യാപന നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 2524 പേർക്ക് മാത്രമാണ് വൈറസ് ബാധയേറ്റത്. കഴിഞ്ഞ ആഴ്ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറഞ്ഞ നിരക്കാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,03,592 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2188 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 29,943 കൊവിഡ് കേസുകളിൽ, 7.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
Story Highlights: Covid-19 fourth wave in india