Top

ഒരാഴ്ചയ്ക്കിടെ ആറിരട്ടി വര്‍ധന, കഴിഞ്ഞ ദിവസം മാത്രം ഒരു ലക്ഷത്തോളം കേസുകള്‍; രാജ്യം വീണ്ടും കൊവിഡ് വ്യാപനത്തിലേക്കെന്ന് സൂചനകള്‍

6 Jan 2022 5:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരാഴ്ചയ്ക്കിടെ ആറിരട്ടി വര്‍ധന, കഴിഞ്ഞ ദിവസം മാത്രം ഒരു ലക്ഷത്തോളം കേസുകള്‍; രാജ്യം വീണ്ടും കൊവിഡ് വ്യാപനത്തിലേക്കെന്ന് സൂചനകള്‍
X

രാജ്യം വീണ്ടും കൊവിഡ് വ്യാപനത്തിലേക്കെന്ന സുചനകള്‍ നല്‍കി രോഗ സ്ഥിരീകരണ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്. 325 മരണങ്ങള്‍ക്ക് ഒപ്പമാണ് കഴിഞ്ഞ ദിവസം മാത്രം 90,928 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ഉയരുകയാണ്. 6.43 ആണ് നിലവിലെ പോസ്റ്റിവിറ്റി റേറ്റ്.

ഒമിക്രോണ്‍ കേസുകളിലും വലിയ വര്‍ധനയാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വ്യാഴാഴ്ച ഇന്ത്യയിലെ ഒമിക്റോണ്‍ ബാധിതരുടെ എണ്ണം 2,630 ആയി. മഹാരാഷ്ട്ര (797) ഒന്നാം സ്ഥാനത്തും ഡല്‍ഹി (465), രാജസ്ഥാന്‍ (236), കേരളം (234) എന്നിങ്ങനെയാണ്. കര്‍ണാടകയിലും ഗുജറാത്തിലും യഥാക്രമം 226, 204 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശക്തമായ കോവിഡ് വ്യാപനത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ വൈറസിന്റെ വ്യാപനശേഷി (ആര്‍ വാല്യു) ഇതുവരെയുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കായ 2.69 എന്ന നിലയിലേക്ക് എത്തി. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ കൊവിഡ് രോഗിയായ പത്ത് പേരില്‍ നിന്നും 26 പേരിലേക്കു വരെ പകരാന്‍ സാധ്യതയുണ്ട്. ഇതിനൊപ്പമാണ് ഒരാഴ്ചയ്ക്കിടയിലെ രോഗ വ്യാപനം. 8 ദിവസത്തിനിടെ, പ്രതിദിന കേസുകള്‍ 6.3 മടങ്ങ് വര്‍ധിച്ചു. ടിപിആറും കുത്തനെ കൂടിയിട്ടുണ്ട്.

രോഗ ബാധ ഉയരുന്ന സാഹചര്യത്തില്‍ വിവിധ സര്‍ക്കാരുകളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒമിക്രോണ്‍ കേസുകളില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് കേരളം. എന്നാല്‍ ഒമിക്രോണ്‍ വ്യാപന പശ്ചാതലത്തില്‍ നിലവില്‍ സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാഗ വ്യാപനം കൂടിയാല്‍ വിദഗ്ദ അഭിപ്രായം തേടി തീരുമാനമെടുക്കും. നിലവില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഇല്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Next Story