Top

'നുപുര്‍ ശര്‍മ്മയ്‌ക്കെതിരായ സുപ്രീംകോടതി നിരീക്ഷണം ബിജെപിക്ക് നേരെ തിരിച്ചുവെച്ച കണ്ണാടി'; അപമാനത്താല്‍ തല താഴണമെന്ന് കോണ്‍ഗ്രസ്

'വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിച്ച് ബിജെപി ലാഭമുണ്ടാക്കുന്നു എന്നത് പരസ്യമായ യാഥാര്‍ത്ഥ്യമാണ്'

1 July 2022 12:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നുപുര്‍ ശര്‍മ്മയ്‌ക്കെതിരായ സുപ്രീംകോടതി നിരീക്ഷണം ബിജെപിക്ക് നേരെ തിരിച്ചുവെച്ച കണ്ണാടി; അപമാനത്താല്‍ തല താഴണമെന്ന് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: നുപുര്‍ ശര്‍മ്മയ്‌ക്കെതിരെ കടുത്ത പരാര്‍ശവുമായി സുപ്രീംകോടതി രംഗത്തെത്തിയതിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. പരമോന്നത കോടതി ബിജെപി സര്‍ക്കാരിനെതിരെ കണ്ണാടി തിരിച്ചുവെച്ചിരിക്കുകയാണെന്നും അവരുടെ തല അപമാനത്താല്‍ താഴണമെന്നും ജയറാം രമേശ് പറഞ്ഞു.

സുപ്രീംകോടതിയുടെ നിരീക്ഷണം രാജ്യത്ത് മുഴുവന്‍ അലയടിക്കുകയാണ്. പാര്‍ട്ടിയുടെ തല അപമാന ഭാരത്താല്‍ താഴണം. സര്‍ക്കാരിനെതിരെ കണ്ണാടി തിരിച്ചുവെച്ചിരിക്കുകയാണ് സുപ്രീംകോടതി. വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിച്ച് ബിജെപി ലാഭമുണ്ടാക്കുന്നു എന്നത് പരസ്യമായ യാഥാര്‍ത്ഥ്യമാണ്. അത്യന്തം വിനാശകരമായ വിഭജന രാഷ്ട്രീയത്തിനെതിരായ ഒരോരുത്തരുടേയും പോരാട്ടത്തെ സുപ്രീംകോടതി ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.

രാജ്യത്ത് മതവികാരം ആളിക്കത്തിക്കാന്‍ കാരണമായത് ബിജെപി വക്താവ് ആണെന്ന ശരിയായ നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്. രാജ്യത്തോട് മുഴുവനായി മാപ്പ് പറയണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉദയ്പൂരിലുണ്ടായ സംഭവത്തിന് കാരണം ബിജെപി വക്താവിന്റെ പരാമര്‍ശമാണെന്നും കോടതി നിരീക്ഷിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയുള്ള അപകീര്‍ത്തി പരാമര്‍ശത്തില്‍ ബിജെപി വക്താവ് നുപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണമായിരുന്നെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. പരാമര്‍ശത്തിന് പിന്നാലെ രാജ്യത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് നുപുര്‍ ശര്‍മ്മ മാത്രമാണ് ഉത്തരവാദിയെന്നും കോടതി വിമര്‍ശിച്ചു. നബി വിരുദ്ധ പരാമര്‍ശത്തിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നുപുര്‍ ശര്‍മ്മ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനം.

'ഈ രാജ്യത്തിപ്പോള്‍ നടക്കുന്നതിന് ഈ സ്ത്രീ മാത്രമാണ് ഉത്തരവാദി. ഇവരും ഇവരുടെ നാവും രാജ്യത്തെയപ്പാടെ കത്തിച്ചു,' ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിന് നുപുര്‍ ശര്‍മ്മയുടെ വാക്കുകളാണ് ഉത്തരവാദിയെന്നും കോടതി കുറ്റപ്പെടുത്തി. പരാമര്‍ശത്തില്‍ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനിന്ദര്‍ സിങ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ടെലിവിഷനിലൂടെ രാജ്യത്തോടാകെ മാപ്പ് പറയണമായിരുന്നെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശം. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ്മ ആരോപിച്ചിരുന്നു. പരാമര്‍ശത്തിനെതിരെ മുസ്ലിം രാജ്യങ്ങള്‍ രംഗത്ത് വന്നതോടെ നുപുര്‍ ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്യുകയും സമൂ?ഹ മാധ്യമങ്ങളിലൂടെ സമാന പ്രസ്താവന നടത്തിയ നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയുമായിരുന്നു.

STORY HIGHLIGHTS: Congress says BJP should hang its head in shame in Supreme Court Observation against Nupur Sharma

Next Story