
ഇന്ത്യക്കാരനായ സോഹം പരേഖ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇന്ത്യൻ ടെക്കിയായ സോഹം പരേഖ് നിരവധി വിദേശകമ്പനികളിൽ ഒരേ സമയം ജോലി ചെയ്ത് കമ്പനികളെ കമ്പളിപ്പിച്ച കാര്യം പുറത്തുവന്നതോടെയാണ് സോഹം സോഷ്യൽ മീഡിയയിൽ വൈറലായത്.
മുംബൈ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദവും ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും പരേഖ് നേടിയിട്ടുണ്ട്. ഡൈനാമോ എഐ, യൂണിയൻ എഐ, സിന്തേഷ്യ, അലൻ എഐ തുടങ്ങിയ മുൻനിര ടെക് കമ്പനികളിൽ പരേഖ് ജോലി ചെയ്തിരുന്നതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മിക്സ്പാനൽ സ്ഥാപകൻ സുഹൈൽ ദോഷി ആണ് എക്‌സിലൂടെ സോഹത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ദോഷിയുടെ കമ്പനിയിൽ സോഹം പരേഖ് ജോലി ചെയ്തിരുന്നെന്നും 'മൂൺലൈറ്റിങ്' നടത്തുന്നതായി കണ്ടെത്തിയതോടെ ഒരാഴ്ച്ചയ്ക്കുള്ളിൽ പുറത്താക്കിയെന്നുമായിരുന്നു ദോഷി വെളിപ്പെടുത്തിയത്. ദോഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന് എന്താണ് മൂൺലൈറ്റിങ് എന്നായിരുന്നു.
ഒരു വ്യക്തി തന്റെ പ്രധാന ജോലിക്ക് പുറമെ, ജോലി സമയത്തിന് ശേഷമോ വാരാന്ത്യത്തിലോ തന്റെ തൊഴിൽ ഉടമ അറിയാതെ മറ്റ് തൊഴിലുകളിൽ ഏർപ്പെടുന്നതിനെയാണ് ലളിതമായി മൂൺലൈറ്റിങ് എന്ന് അറിയപ്പെടുന്നത്. അധിക വരുമാനം നേടുക, പുതിയ കഴിവുകൾ വികസിപ്പിക്കുക, അല്ലെങ്കിൽ താൽപ്പര്യമുള്ള ഒരു മേഖലയിൽ പ്രവർത്തിക്കുക എന്നിവയൊക്കെയാണ് ആളുകൾ മൂൺലൈറ്റിങ് ചെയ്യുന്നതിനുള്ള കാരണങ്ങൾ.
പ്രധാന ജോലിക്ക് പുറത്ത് സ്വന്തം താൽപ്പര്യങ്ങൾക്കും ഹോബികൾക്കും സമയം കണ്ടെത്താനുള്ള ഒരു മാർഗമായും ചിലർ ഇത്തരം തൊഴിലുകളെ കാണാറുണ്ട്. പലപ്പോഴും പ്രധാന തൊഴിലുടമയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ആളുകൾ ഇത് ചെയ്യുന്നത്. ഇത് ചിലപ്പോൾ തൊഴിൽ കരാറുകളുടെ ലംഘനമായേക്കാം. അതേസമയം രണ്ട് ജോലികൾ ഒരുമിച്ച് കൊണ്ടുപോകുമ്പോൾ, പ്രധാന ജോലിയിലെ ഉൽപ്പാദനക്ഷമതയെയും ശ്രദ്ധയെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്.
അതേസമയം തനിക്ക് മൂൺലൈറ്റിങ് ചെയ്തതിൽ കുറ്റബോധം ഉണ്ടെന്നും എന്നാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായത് കൊണ്ടാണ് താൻ അങ്ങനെ ചെയ്തതെന്നുമാണ് സോഹം പരേഖിന്റെ വിശദീകരണം. ഇതിനിടെ സോഹത്തിന് ജോലി ഓഫറുമായി നിരവധി സ്റ്റാർട്ട്അപ് കമ്പനികൾ രംഗത്ത് എത്തിയിട്ടുണ്ട്. ഒന്നിലധികം തൊഴിൽ ചെയ്യുമ്പോഴും ഒന്നിലും സോഹം വീഴ്ച്ച വരുത്തിയിട്ടില്ലെന്നും രണ്ടാമത് ഒരവസരം കൂടി സോഹത്തിന് നൽകണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ.
Content Highlights: Who is Soham Parekh and what is his moonlighting